ആത്മീയ ചൈതന്യത്തിന്റെ ആഘോഷനാള്‍
വിശുദ്ധ റമദാനു പരിസമാപ്തി കുറിച്ചു മുസ്‌ലിം ലോകം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുകയാണ്. മുപ്പതു നാള്‍ നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായാണ് നാം പെരുന്നാളാഘോഷത്തിലേക്ക് പ്രവേശിക്കുന്നത്. സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാളിലൂടെ ലഭിക്കുന്നത്. അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിച്ച വിശ്വാസികള്‍ക്ക് ഇതു സന്തോഷത്തിന്റെ വേളയാണ്. ആത്മീയ ചൈതന്യത്തോടെ അത് ആഘോഷപൂര്‍ണമാക്കുക വിശ്വാസിയുടെ കടമയാണ്. റമദാനിന്റെ ആത്മീയ ചൈതന്യമാണ് ഈദുല്‍ ഫിത്്വര്‍. സന്തോഷം പരസ്പരം പങ്കുവയ്ക്കുന്ന സന്ദര്‍ഭം കൂടിയാണ് ഈദ്. വിശ്വാസ വിശുദ്ധിയിലേക്ക് നമ്മുടെ മനസുകളെ പാകപ്പെടുത്തുകയായിരുന്നു റമദാന്‍. അതിനാവശ്യമായ പരിശീലനമായിരുന്നു വ്രതകാലയളവില്‍ നാം ആര്‍ജിച്ചെടുത്തത്. അത് തുടര്‍ജീവിതത്തില്‍ പുലര്‍ത്താന്‍ സാധിക്കണം.
പരസ്പര സാഹോദര്യവും സ്‌നേഹവും പങ്കുവയ്ക്കുകയും കുടുംബ, അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള വേളയാണ് പെരുന്നാള്‍. പെരുന്നാളിന്റെ സന്തോഷത്തില്‍ എല്ലാവരേയും പങ്കാളികളാക്കാനും ആസ്വദിക്കാനും സാധിക്കണം. സ്‌നേഹവും കരുണയും പകര്‍ന്നു സുകൃതങ്ങളുടെ ഈ ആഘോഷ വേളയെ അല്ലാഹുവിന്റെ പൊരുത്തത്തിലായി വിനിയോഗിക്കുക. റമദാന്‍ പാകപ്പെടുത്തിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിച്ചു നമുക്ക് മുന്നേറണം. മനസ്സിലും സമൂഹത്തിലും സംതൃപ്തിയും സമാധാനവും നിലനില്‍ക്കുന്നതിനുള്ള പ്രാര്‍ഥനയായിരിക്കണം ഈദുല്‍ഫിത്്വര്‍. സഹജീവി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം കൂടിയാവണം നമ്മുടെ ആഘോഷങ്ങള്‍. ആര്‍ഭാടങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം. രോഗികള്‍ക്ക് ആശ്വാസമെത്തിക്കണം. അനാഥ ബാലനെ പെരുന്നാള്‍ ദിനത്തില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടി കുടുംബത്തോടൊപ്പം പെരുന്നാള്‍ സന്തോഷത്തില്‍ പങ്കാളിയാക്കിയാണ് തിരുനബി(സ്വ) മാതൃക കാണിച്ചത്. തിരുനബി(സ്വ)യെ പിതാവായും ആയിശ ബീവി ഉമ്മയായും ഫാത്വിമ ബീവിയെ സഹോദരിയായും കണ്‍കുളിര്‍ക്കെ അനുഭവിക്കാന്‍ ഒരു പിഞ്ചു ബാലന് അവസരം കൈവരുന്നു. തന്റെ പ്രയാസങ്ങളെ മറന്നുപോകുന്ന ധന്യനിമിഷം. ലോക നേതാവിന്റെ ഈ മാതൃകയാണ് സഹജീവി സ്‌നേഹത്തിനു നമുക്ക് വഴികാട്ടേണ്ടത്. വീട്ടകത്തില്‍ മാത്രമൊതുങ്ങേണ്ട ഒന്നല്ല സ്വന്തം വീട്ടിലെ പെരുന്നാളാഘോഷം. കുടുംബ ബന്ധങ്ങള്‍ ഇഴകിച്ചേരുന്ന സന്തോഷവേളകൂടിയാവണം അത്. കുടുംബ ബന്ധത്തിന്റെ പവിത്രതയെ ഇസ്‌ലാം അത്രമാത്രം പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ഐഹിക വിഭവങ്ങളില്‍ വിശാലത ലഭിക്കുമെന്നും ആയുസ്സ് നീട്ടിക്കൊടുക്കുമെന്നും തിരുനബി(സ്വ) സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ട്.
ഇസ്‌ലാം വിളംബരം ചെയ്യുന്ന മൂല്യങ്ങള്‍ മാനവികതയുടെ വിമോചന പാഠങ്ങളാണ്. നന്മയുടെ പാതയില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നേറുന്ന സമൂഹത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴി. ഗുണകാംക്ഷ പഠിപ്പിക്കുന്ന, ജീവിതവിജയത്തിലേക്കു വഴികാട്ടുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ സാമീപ്യം കൊതിക്കുന്ന വ്യവസ്ഥയാണ് മതത്തിന്റെ അന്തസ്സത്ത. പരസ്പരം സഹോദരങ്ങളാണെന്ന ബോധമാണ് നമുക്കുണ്ടാവേണ്ടത്.
വൈര്യവും വിദ്വേഷവും നിറഞ്ഞ ലോകത്തോട് ശാന്തി വിളംബരം ചെയ്യുകയായിരുന്നു മതം. ആറാം നൂറ്റാണ്ടില്‍ വിമോചനത്തിന്റെ മഹിതമാര്‍ഗരേഖയായി മുഹമ്മദ് നബി(സ്വ) ഇസ്‌ലാമിക സന്ദേശങ്ങളെ വിളംബരം ചെയ്യുമ്പോള്‍, നന്‍മയുടെ നവലോകക്രമത്തേയാണ് അന്നത്തെ ജനതക്കിടയില്‍ സ്ഥാപിച്ചെടുത്തത്. നിസാര പ്രശ്‌നങ്ങള്‍ക്കു പോലും പര്‌സപരം കൊമ്പുകോര്‍ക്കുന്ന ഗോത്രയുദ്ധങ്ങളുടെ കാലത്താണ് ശാന്തിയിലേക്കുളള തീര്‍ത്ഥയാത്രയിലേക്ക് മതം അവരെ വിളിച്ചുണര്‍ത്തിയത്.
സഹകരണത്തിന്റെയും സഹായത്തിന്റെയും കൈതാങ്ങായി പരസ്പരം മാറുന്നതിന് അവരെ പ്രാപ്തമാക്കുകയായിരുന്നു ഇസ്‌ലാമിക ജീവിത വ്യവസ്ഥ. മക്കയില്‍ നിന്നു പലായനം ചെയ്തുവന്ന മുഹാജിറുകളോട് മദീന തദ്ദേശീയരായ അന്‍സ്വാറുകള്‍ കാണിച്ച സ്‌നേഹോഷ്മള സ്വീകരണത്തിന്റേയും സഹായഹസ്തത്തിന്റേയും മഹനീയ മാതൃകകള്‍ ചരിത്രത്തില്‍ വായിക്കാനാകും. പരസ്പരം പുലര്‍ത്തേണ്ട നന്‍മയും നീതിയും വിട്ടുവീഴ്ചയും കരുണയുമെല്ലാം ജീവിതത്തില്‍ ആര്‍ജിച്ചെടുക്കാന്‍ പഠിപ്പിക്കുകയായിരുന്നു പ്രവാചകര്‍(സ്വ).
ജീവിത പരീക്ഷണങ്ങളെ സഹനത്തിലൂടെ അതിജീവിക്കണമെന്നാണ് മതപാഠം. ഭദ്രമായ ഈമാനികാടിത്തറയുള്ളവര്‍ക്കു മാത്രമാണ് ദൈവ പരീക്ഷണങ്ങള്‍ അതിജയിക്കാനാവുക. അവര്‍ക്കാണ് യഥാര്‍ഥ വിജയവും. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം, കായ്കനീ ദൗര്‍ലഭ്യം തുടങ്ങി ചിലതുവഴി നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും സംഭവിക്കുമ്പോള്‍ 'ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും അവനിലേക്ക് മടങ്ങുന്നവരുമാണ് ' എന്ന് പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക.
തങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരില്‍ വര്‍ഷിക്കും. അവര്‍ തന്നെയത്രേ സന്മാര്‍ഗം കൈവരിച്ചവര്‍. (വി.ഖു 2:155-157). പ്രകൃതിയിലെ ഓരോ സംഭവവികാസവും പരീക്ഷണങ്ങളായി നാം കാണണം. അതിലൂടെ ് മനസ്സ് അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ബലപ്പെടുത്താനും ഏത് പ്രക്ഷുബ്ധരംഗത്തെയും ആത്മസംയമനത്തോടെ അഭിമുഖീകരിക്കാനും സാധിക്കണം.
എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടുപോകുമ്പോള്‍ ഭൗതിക വ്യാമോഹങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കുകയില്ല. അതിനു പ്രാപ്തമാക്കുകയാണ് സ്വാലിഹീങ്ങളായ മുന്‍ഗാമികള്‍ വഴികാണിച്ച സരണി. ആത്മീയമായ ആ നിറവ് ഹൃദയങ്ങളില്‍ രൂപപ്പെടുത്തുകയാണ് അതിനു വേണ്ടത്.
ആത്മീയതയില്‍ നിന്ന് അകന്നുള്ള സഞ്ചാരം അപകടരമാണെന്നു തിരിച്ചറിയുക. സ്രഷ്ടാവായ അല്ലാഹുവിലേക്ക് സമര്‍പ്പിക്കുകയും അവന്റെ സ്മരണയില്‍ മുഴുകുകയും ചെയ്യുന്ന ജീവിതചര്യയാണ് വിശ്വാസിയുടെ രീതി. അബൂഹുറൈറ(റ) വില്‍ നിന്നു നിവേദനം: ഒരിക്കല്‍ പ്രവാചകന്‍(സ)തന്റെ കൈപിടിച്ചുകൊണ്ട് അഞ്ചു കാര്യങ്ങള്‍ ഇപ്രകാരം എണ്ണിപ്പറഞ്ഞു; നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ നീ ജനങ്ങളില്‍ ഏറ്റവും നല്ല ദൈവദാസനാകും. അല്ലാഹു നല്‍കിയതെന്തോ അതില്‍ തൃപ്തിപ്പെടുക, എങ്കില്‍ നീ ഐശ്വര്യവാനാവും.
അയല്‍ക്കാരനു നന്‍മ ചെയ്യുക, എങ്കില്‍ സത്യവിശ്വാസിയാവും. സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുക, നീ മുസ്‌ലിമാവും. അധികം ചിരിക്കരുത്, അത് മനസ്സിനെ മരിപ്പിക്കും'(ഹദീസ്). ആത്മീയ മുഖരിതമായ ഒരു അന്തരീക്ഷം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നിലകൊള്ളണം.
വ്യക്തിത്വത്തില്‍ നാം അതു പുലര്‍ത്തുകയും കുടുംബ, സാമൂഹിക ബന്ധങ്ങളിലേക്ക് അതു പ്രസരിപ്പിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക. വിശുദ്ധറമദാനിന്റെ ദിനരാത്രങ്ങള്‍ ഇതിനാണ് നമ്മെ പ്രാപ്തമാക്കുന്നത്. അതിന്റെ തുടര്‍ച്ച നിലനിര്‍ത്തിപ്പോരണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും തെറ്റായ പ്രവണതകളും നിഷിദ്ധകാര്യങ്ങളും ഒഴിവാക്കുകയും ചെയ്യുക. ആര്‍ത്തിയും ആഡംബരവും ഒഴിവാക്കണം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ മനസ്സു പാകപ്പെടുത്തണം.
ഐഹിക സുഖാസ്വാദനങ്ങളുടെ അതിര് മരണം വരേയാണ്. വിനോദങ്ങളുടേയും മറ്റും പേരില്‍ നമ്മുടെ ജീവിത ദൗത്യത്തെ നാം മറന്നുപോകരുത്. ആരോഗ്യവും ആയുസ്സും അല്ലാഹുവിനു സമര്‍പ്പിക്കാനുള്ള മനസ് വേണം. ഒരു പ്രകോപനങ്ങളിലും പതറാതെ ആദര്‍ശത്തിന്റെ അന്തസത്തയില്‍ അടിയുറച്ചു നില്‍ക്കുക. അല്ലാഹുവിനെ സ്തുതിക്കുകയും അവനു നന്ദി ചെയ്യുന്ന യഥാര്‍ഥ അടിമയായി മാറുകയും ചെയ്യുകയാണ് നമ്മുടെ വഴി. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അവനെ അറിയാനും അവനു നന്ദി ചെയ്യാനുമുള്ള മാര്‍ഗമായിരിക്കണം.
പെരുന്നാളിന്റെ ആഘോഷപ്പൊലിമയില്ലാതെ അനേകംപേര്‍ നമുക്കു ചുറ്റിലുമുണ്ട്. കോടിക്കണക്കിനു സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും വേദനാനിര്‍ഭരമായി കഴിഞ്ഞുകൂടുന്നു. ഈ ഒരു ഓര്‍മ ഓരോ വിശ്വാസിയുടെയും ഓര്‍മയിലുണ്ടാവണം. യുദ്ധവും സംഘര്‍ഷങ്ങളും ആക്രമണങ്ങളും പ്രകൃതിദുരന്തങ്ങളും വഴി കഷ്ടതയനുഭവിക്കുന്ന സര്‍വമനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കുന്നതിനും കാരുണ്യത്തിന്റെ സഹായഹസ്തം നീട്ടാനും ഈദുല്‍ഫിത്്വര്‍ദിനം തയ്യാറാകുക. മനുഷ്യരെല്ലാം ഒന്നാണ് എന്ന മന്ത്രവുമായി മുന്നോട്ടു പോവുക. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഈദ് ആശംസകള്‍.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."