കെജ്‌രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു കമ്മറ്റി റിപ്പോര്‍ട്ട്. ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് നിയമിച്ച മൂന്നംഗ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.
ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചത്, മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശക നിയമനം നല്‍കിയത് തുടങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച നടപടി നിയമസാധുതയില്ലാത്തതാണ്. ഡി.സി.ഡബ്ലു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചും ക്രമവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അരവിന്ദ് കെജ്‌രിവാള്‍ 2015 ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മന്ത്രിമാര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ പല ഓര്‍ഡറുകളും നല്‍കാന്‍ തുടങ്ങിയെന്നും നൂറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഓര്‍ഡറുകള്‍ പുറത്തിറക്കുക വഴി ഇന്ത്യന്‍ ഭരണഘടനയില്‍ വരുന്ന ഡല്‍ഹി നിയമസഭാ ചട്ടങ്ങള്‍ കെജ്‌രിവാള്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
അഴിമതി വിരുദ്ധ ബെഞ്ചിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലമാറ്റവും ഗവര്‍ണറുമായി ആലോചിക്കാതെ നടത്തിയ നിയമനങ്ങളും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.
2016 ഓഗസ്ത് 30നാണ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ സി.എ.ജി വി.കെ. ശുംഗ്ലുവിന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയത്. ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്‌രിവാള്‍ സര്‍ക്കാറെടുത്ത തീരുമാനങ്ങള്‍ ശുംഗ്ലു കമ്മറ്റി കണ്ടെത്തിയാല്‍ അത് ക്രിമിനല്‍ കുറ്റങ്ങളാകുമെന്നും നജീബ് ജങ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."