സംസ്ഥാനത്തെ വനവിസ്തൃതി കുറഞ്ഞു; റിമോട്ട് സെന്‍സിങ് ഏജന്‍സി അന്വേഷിക്കും
തിരുവനന്തപുരം: കേരളത്തിലെ വനഭൂമി സംബന്ധിച്ചു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളും തമ്മില്‍ വന്‍അന്തരം. സംസ്ഥാനത്തെ 1337 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി സംബന്ധിച്ചാണ് അവ്യക്തത നിലനില്‍ക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 9,993 ചതുരശ്ര കി.മീറ്റര്‍ വനമാണ് കേരളത്തില്‍ ഉള്ളത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന വനം വകുപ്പും നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ വനവിസ്തൃതി കണക്കാക്കിയത്. ഈ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് കേരളം തയാറാക്കിയ റിപ്പോര്‍ട്ടില്‍ 1,337 ചതുരശ്ര കി.മീറ്റര്‍ വനഭൂമി സംബന്ധിച്ച് വ്യക്തമായ വിവരമില്ല. സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടില്‍ 8,656 ചതുരശ്ര കി. മീറ്റര്‍ വനം മാത്രമാണുള്ളത്. 1337 ചതുരശ്ര കി.മീറ്റര്‍ വനം എങ്ങോട്ടു പോയെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് അറിയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ അഭിപ്രായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് വന ഭൂമിയിലെ അന്തരം കണ്ടെത്തിയത്. ഇത്രയും വനഭൂമി എവിടെ പോയെന്നത് സംബന്ധിച്ചു വിവിധ വകുപ്പുകള്‍ക്ക് വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 1337 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമിയെ കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റിമോട്ട്‌സെന്‍സിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. വനഭൂമി സംബന്ധിച്ച കണക്കുകളിലെ അവ്യക്തത സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ റിമോട്ട് സെന്‍സിങ് ഏജന്‍സി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. ആയിരത്തിലേറെ ചതുരശ്ര കി. മീറ്റര്‍ വനം കൈയേറ്റക്കാരുടെ പക്കലാണെന്നാണ് വനം വകുപ്പും വ്യക്തമാക്കുന്നത്. കണക്കുകളില്‍ വ്യക്തത വരുത്തി വനഭൂമി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനത്തില്‍ നിന്ന് 31 വില്ലേജുകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. 92 വില്ലേജുകളിലെ വനഭൂമി മാത്രം അന്തിമ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. ഇതിനു പുറമേ ക്വാറികളെ നിയന്ത്രിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."