റോഹിംഗ്യകള്‍ കടലില്‍; ഉത്തരവാദിത്തമേല്‍ക്കാനാകില്ലെന്ന് ബംഗ്ലാദേശ്
ധാക്ക: കൊവിഡ് ഭീതിയെ തുടര്‍ന്ന് എവിടേക്കും പ്രവേശിക്കാനാകാതെ കടലില്‍ കുടുങ്ങിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ കൈയൊഴിഞ്ഞ് ബംഗ്ലാദേശ്. അവരെ കരയിലെത്തിക്കുകയെന്നതും സംരക്ഷിക്കുകയെന്നതും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മൊമിന്‍ പറഞ്ഞത്.
അഞ്ഞൂറിലേറെ അഭയാര്‍ഥികളാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിനു ചുറ്റുമായി എട്ടിലേറെ രാജ്യങ്ങളുടെ അതിര്‍ത്തിയുണ്ടെന്നിരിക്കെ എന്താണ് ഇക്കാര്യം ബംഗ്ലാദേശിനോട് മാത്രം ചോദിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് തിരിച്ച് ചോദിച്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി, അവര്‍ ഉള്‍ക്കടലിലാണ് ഉള്ളതെന്നും തങ്ങളുടെ സമുദ്രപരിധിയില്‍പോലുമല്ലെന്നും വ്യക്തമാക്കി. അവരെ കരകയറ്റുകയെന്നത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം നിങ്ങള്‍ ആദ്യം ചോദിക്കേണ്ടതു മ്യാന്‍മറിനോടാണെന്നും അവരുടെ പൗരന്‍മാരായ റോഹിംഗ്യകളെ രക്ഷിക്കുകയെന്നത് ആദ്യം അവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതിയായ ഭക്ഷണവും ശുദ്ധവെള്ളവുമില്ലാതെ അഞ്ഞൂറിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ യു.എന്‍ റെഫ്യൂജീ ഏജന്‍സി വ്യക്തമാക്കിയിരുന്നു. രണ്ടു ബോട്ടുകളിലായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് കുടുങ്ങിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."