ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ സര്‍ക്കാര്‍ നിശബ്ദമാക്കുന്നുവെന്ന് ദയാബായ്
ഇരകളുടെ ദയനീയ ജീവിതം പുറത്തെത്തിക്കാനും ആനുകൂല്ല്യങ്ങൾ നേടാനും സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തും നിശബ്ദരാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇരകളുടെ ജീവിതം പൂഴ്ത്തിവെക്കാനും അവരെ നിശബ്ദരാക്കാനുമാണ് ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നത്. -ദയാബായ് ആരോപിച്ചു.
സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടന്നപ്പോൾ വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. ഗവൺമെൻറിനുമേൽ സമ്മർദമുണ്ടായപ്പോൾ ഞങ്ങളെ ചർച്ചക്ക് വിളിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇത്കൊണ്ടൊന്നും പൂർണ്ണമായ നീതി ലഭിക്കുമെന്ന് കരുതാൻ വയ്യ. നീതി പ്രായോഗിക തലത്തിൽ എത്തുന്നതുവരെ അടങ്ങിയിരിക്കില്ലെന്നും അവർ വ്യക്തമാക്കി.
നിലവില്‍ കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം ആറായിരത്തോളമുണ്ട്. എന്നാല്‍ ഇരകളുടെ എണ്ണം പുറത്തെത്താതിരിക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്.
സത്യത്തില്‍ ഇരകളുടെ എണ്ണം കണ്ടെത്താൻ സർക്കാർ തലത്തിൽ ആറ് മാസത്തിൽ ഒരിക്കൽ യോഗം വിളിച്ച് തെളിവെടുക്കാറുണ്ട്. എന്നാൽ ഇത്തരം യോഗങ്ങൾ പ്രഹസനമാകുകയാണ് പതിവ്. 2017 ഏപ്രിലിൽ യോഗം വിളിച്ചപ്പോൾ അന്ന് ഹർത്താൽ ആയിട്ടുകൂടി നാലായിരത്തോളം ഇരകളെത്തി. ഇതിൽ 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന് ആനുകൂല്യം നൽകാൻ തെരഞ്ഞെടുത്തത് 285 പേരെ മാത്രമായിരുന്നു.
വിവാദം ഉണ്ടായപ്പോൾ അമ്പതോളം പേരെക്കൂടി ഉൾപ്പെടുത്തി. ഇരകളുടെ എണ്ണം പുറംലോകത്ത് എത്താതിരിക്കാനുള്ള ഗൂഡാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ദയാബായ് വിശദീകരിച്ചു.
ഈ സാഹചര്യത്തില്‍ ഇരകളുടെ കൃത്യമായ എണ്ണം എടുക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ സേവകരെ കണ്ടെത്തി വീടുകൾ കയറിയിറങ്ങാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുസഹ ജീവിതം അറിയണമെങ്കിൽ നേരിട്ട് ചെല്ലണം. ഒറ്റമുറികളിൽ മുപ്പതും മുപ്പത്തഞ്ചും വയസ് കഴിഞ്ഞ എൻഡോസൾഫാൻ ഇരകളെ എടുത്തിരുത്തി മണിക്കൂറുകൾ എടുത്ത് ഭക്ഷണം കഴിപ്പിക്കുന്നത് കാണാമെന്നും അവരുടെ അമ്മമാരുടെ കാലം കഴിഞ്ഞാല്‍ അവരുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കണമെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു.
അവാര്‍ഡ് സ്വീകരിക്കുന്നതിനേക്കാളുപരി ദുരിത ബാധിതരെ സഹായിക്കാമെന്ന് സിംസ് ഭാരവാഹികള്‍ ഉറപ്പു നല്‍കിയതു കൊണ്ടാണ് താന്‍ ബഹ്റൈനിലെത്തിയതെന്നും അതല്ലാതെ അവാര്‍ഡും ആദരവും വാങ്ങി ഞെളിഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിലല്ല താനെന്നും അവര്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെ വ്യക്തമാക്കി.
മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിൽ ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ ദയാബായി ഏറ്റുവാങ്ങുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പോൾ ഉറുവത്, ജനറൽസെക്രട്ടറി ജോയ് തരിയത്, വൈസ് പ്രസിഡൻറ് ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങളായ ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി, എം.എൽ. ജോയ് ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനർമാരായ ഷാജൻ സെബാസ്റ്റ്യൻ, ജോയ് ഇലവത്തുങ്ങൾ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."