51 - 51 - 33 ദാറ്റ്‌സ് CR-7
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.. ഇന്ന് ആ പേര് ഒരു വ്യക്തിയുടേതല്ല.. ഒരു ജനതയുടേതാണ്. കാരണം അത്രമാത്രം ആ വ്യക്തിയുടെ പേര് ലോക ജനതയുടെ മനസില്‍ ഇടം നേടിയെങ്കില്‍ പോര്‍ച്ചുഗല്‍ എന്ന രാജ്യത്തെ ജനങ്ങളുടെ മനസില്‍ എത്രത്തോളം ഇടം നേടിയിട്ടുണ്ടാകണം.
റഷ്യന്‍ മണ്ണില്‍ ഇന്നലെ ആദ്യമത്സരത്തിന് ഇറങ്ങിയ പോര്‍ച്ചുഗലിന് നേരിടാനുണ്ടായിരുന്നത് മുന്‍ ലോകചാംപ്യന്മാരായ സ്‌പെയിനിനെയായിരുന്നു. മുന്നേറ്റത്തിലും മധ്യനിരയിലും പിന്‍നിരയിലും ശക്തമായ ഒരു ടീമിനെയാണ് താരതമ്യത്തില്‍ ശരാശരി ടീമായ പോര്‍ച്ചുഗലിന് നേരിടാനുണ്ടായിരുന്നത്. എന്നാല്‍, സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി മത്സരത്തില്‍ തങ്ങളും ഈ ലോകകപ്പിന് കച്ചകെട്ടിയിറങ്ങിയവരാണ് എന്ന ചിത്രം ലോകത്തിന് ലോകഫുട്‌ബോളര്‍ കാണിച്ചുകൊടുത്തത്.
സ്‌പെയിനുമായി മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ നേടിയ ഹാട്രിക് ഗോളുകള്‍ റെക്കോര്‍ഡുകളാണ് ലോകകപ്പ് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയത്.
ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗല്‍ താരം
- കൊറിയന്‍ റിപബ്ലിക്കിനെതിരേ 1966ല്‍ ഇതിഹാസതാരം യൂസേബിയാണ് പോര്‍ച്ചുഗലിനായി ലോകകപ്പില്‍ ആദ്യ ഹാട്രിക് സ്വന്തമാക്കുന്നത്. നാലു ഗോളാണ് യൂസേബിയോ നേടിയത്.
- 36 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ പോളണ്ടിനെതിരേ മൂന്നു ഗോളുകള്‍ നേടി പൗലേറ്റയും പട്ടികയില്‍ രണ്ടാമനായി.
- 16 വര്‍ഷങ്ങക്കിപ്പുറം ക്രിസ്റ്റിയാനോ സ്‌പെയ്‌നിനെതിരേ ഹാട്രിക് നേടിയിരിക്കുന്നു.
ഹാട്രിക് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്്പാനിഷ് ഇതിഹാസതാരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പം എത്തിയിരിക്കുകായണ് ക്രിസ്റ്റ്യാനോ. പുഷ്‌കാസിനും ക്രിസ്റ്റ്യാനോയ്ക്ക് 84 അന്താരാഷ്ട്ര ഗോളുകള്‍ വീതമുണ്ട്. 151 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 84 ഗോളുകള്‍ നേടിയത്. 109 ഗോളുകള്‍ നേടിയ ഇറാന്റെ അലി ദെയ്ക്ക് ആണ് ക്രിസ്റ്റ്യാനോയ്ക്ക് മുമ്പിലുള്ളത്.
കളിച്ച എല്ലാ മേജര്‍ ടൂര്‍ണമെന്റുകളിലും ഗോള്‍ നേടിയ താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 2006, 2010, 2014, 2018 ലോകകപ്പിലും 2004, 2008, 2012, 2016 യൂറോ കപ്പിലും ക്രിസ്റ്റ്യാനോയുടെ കാലുകള്‍ പോര്‍ച്ചുഗലിനു വേണ്ടി വിശ്രമിച്ചിട്ടില്ല.
സ്‌പെയിനിനെതിരേ സോചിയില്‍ മറ്റൊരു റെക്കോര്‍ഡുമുണ്ട് ക്രിസ്റ്റിയനോയുടെ ഗോള്‍നേട്ടത്തിന്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ കളിക്കാരനാണ് താരം. 33 വയസും 130 ദിവസവുമാണ് ഹാട്രിക് സ്വന്തമാക്കുമ്പോള്‍ ക്രിസ്റ്റിയാനോയുടെ പ്രായം. പ്രായം കൂടിയ ഈ കളിക്കാരന്‍ തന്റെ ഫുട്‌ബോള്‍ കരിയറിലെ 51ാം ഹാട്രിക് ആണ് നേടിയത്. സന്ദര്‍ഭവശാല്‍ ലോകപ്പ് ചരിത്രത്തിലെ 51ാം ഹാട്രിക് കൂടിയാണിത്.
മനസില്‍ ഇടം നേടിയ മായിക്കാന്‍ കഴിയാത്ത ആ നമ്പര്‍ CR7 ന്റെ പ്രയാണം തുടരാനാണ് ഇയാളെ ഇഷ്ടപ്പെടുന്ന ഏതൊരു ഫുട്‌ബോള്‍ ആരാധകന്റെയും പ്രാര്‍ഥന..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."