നോര്‍ക്ക സഊദിയില്‍ ലെയ്‌സണ്‍ ലീഗല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന വിജ്ഞാപനത്തില്‍ അപ്രായോഗികതെയെന്നു ആക്ഷേപം
റിയാദ്: സഊദിയിലെ പ്രവാസികള്‍ക്ക് നിയമോപദേശം നല്‍കാനായി നിയമിക്കുന്ന നോര്‍ക്കയുടെ ലെയ്‌സണ്‍ ലീഗല്‍ ഓഫീസര്‍മാരുടെ തസ്തികയിലേക്ക് വേണ്ടി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അപ്രായോഗികതെയെന്നു ആക്ഷേപം. സഊദിയിലെ സാഹചര്യങ്ങളെ വിലയിരുത്താതെയും കൃത്യമായ ബോധ്യമില്ലാതെയുമാണ് ഈ തസ്തികയിലേക്ക് ആളെ നിയമിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ നവംബറില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഉടന്‍ തന്നെ നിയമനം നടക്കുമെന്നാണ് അറിയുന്നത്. പ്രവാസികളെ സഹായിക്കാനാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ചതെങ്കിലും സഊദിയില്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന സംശയവും പരാതികളുമാണ് ഉയര്‍ന്നത്.
സഊദിയിലെ പ്രത്യേക സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യന്‍ എംബസി പോലും സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സഹായത്തിനായി രംഗത്തെത്തുന്നത്. ഇവിടെ ജോലിക്കിടയില്‍ വിവിധ മേഖലകളിലെ തങ്ങളുടെ വ്യക്തിബന്ധങ്ങളും അറബി സംസാര പ്രാവീണ്യവും അടക്കം വിവിധ ഘടകങ്ങള്‍ ഉള്‍ക്കൊണ്ട് സാമൂഹ്യ പ്രവ്രര്‍ത്തനത്തിനായി ഇറങ്ങി തിരിച്ചതിന്റെ ഫലമാണ് എംബസിയടക്കം സഹായത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ സേവനം ചെയ്യുന്നവരെ ഉള്‍പ്പെടുത്താതെ അഡ്വക്കറ്റ് ബിരുദധാരികളെയാണ് പുതിയ തസ്തികയിലേക്ക് നിയമിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വ്യക്തമായ ലിഖിത നിയമങ്ങള്‍ അറിയപ്പെടാത്ത സഊദിയില്‍ ഇത് എത്രത്തോളം വിജയം കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
നിലവില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ബന്ധങ്ങളുടെ പുറത്താണ് ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നത്. ഒരു വക്കീല്‍ പോലും ഇവിടെ ഈ മേഖലയില്‍ ഇല്ലെന്നതാണ് ഏറെ കൗതുകം. പലപ്പോഴും വിവിധ കേസുകളില്‍ കോടതികളില്‍ ഹാജരാകുന്നതിനു ഒരു നിയമ പരിരക്ഷയും ഇല്ലാത്ത എംബസി നല്‍കുന്ന സാക്ഷ്യപത്രമാണ് ആകെയുണ്ടാകുന്ന രേഖ. നിലവില്‍ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ തന്നെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നിലവില്‍ സഊദിയില്‍ ജയിലില്‍ അകപ്പെട്ടവര്‍ക്ക് നിയമോപദേശങ്ങള്‍ക്കുപരി കോടതികളില്‍ തങ്ങളുടെ വാദങ്ങള്‍ ബോധിപ്പിക്കാന്‍ വേണ്ട സഹായങ്ങളാണ് ചെയ്യേണ്ടത്. ഇതിനായി നിയമപ്രശ്‌നങ്ങളില്‍ സഹായത്തിനായി സ്വദേശി വക്കീലുമാരെ നിയമിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈയാവശ്യം തെറ്റിദ്ധരിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് എംബസി വളണ്ടിയര്‍മാര്‍ വ്യക്തമാക്കുന്നു. സഊദിയില്‍ ഇതിന്റെ അപ്രായോഗികത നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെ നേരില്‍ കണ്ടു അറിയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് വേണ്ടി മൊത്തത്തിലുള്ള വിജ്ഞാപനമായാതിനാലാണ് സഊദിയിലും ഇങ്ങനെ വന്നതെന്നാണ് അറിയുന്നത്.
വക്കീല്‍ ബിരുദം ഉള്ളവര്‍ക്ക് മാത്രമാണ് നോര്‍ക്കയുടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ. നാട്ടില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിഷ്‌കര്‍ഷിക്കുന്നുണ്ട്. രണ്ടു വര്‍ഷമെങ്കിലും സഊദിയില്‍ സ്ഥിരതാമസക്കാരായിരിക്കണമെന്നും നിയമവ്യവസ്ഥകള്‍ അറിയണമെന്നതും അറബി ഭാഷകളില്‍ നൈപുണ്യം ഉണ്ടാകണമെന്നും യോഗ്യതയില്‍ പറയുന്നുണ്ട്. ഇതിനകം ദമാമില്‍ നിന്നും ഒരു വനിതയടക്കം അഞ്ചോളം പേരാണ് ഇതിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സഊദിയുടെ ആറു പ്രവിശ്യകളിലെ ഓരോരുത്തരെ ഇത്തരത്തില്‍ നിയമിക്കാനാണ് തീരുമാനം.
നിലവില്‍ വിവിധ രാജ്യങ്ങളിലെ ജയിലുകളിലുള്ള മലയാളികളുടെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 2018 ആഗസ്റ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 77 വിദേശ രാജ്യങ്ങളിലായി 7,737 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ 17 ശതമാനമാണ് മലയാളികളെന്നാണ് അനുമാനം. സഊദി അറേബ്യ, യു.എ.ഇ ജയിലുകകളില്‍ മാത്രമായി 3460 പേരുള്ളതില്‍ 35 ശതമാനം മലയാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."