HOME
DETAILS
MAL
നോമ്പ്: നിയ്യതിന്റെ സമയവും മദ്ഹബുകളുടെ വീക്ഷണങ്ങളും
backup
April 27 2020 | 01:04 AM
റമദാനിന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്രധാന ആരാധനയും നോമ്പനുഷ്ഠിക്കുക എന്നത് തന്നെയാണ്. എല്ലാ ആരാധനകള്‍ക്കുമെന്നപോലെ നോമ്പിനും നിയ്യത് ഒരു നിര്‍ബന്ധ ഘടകമാണ്. ശാഫിഈ മദ്ഹബ് പ്രകാരം എല്ലാ ഓരോ നോമ്പിനും തലേന്ന് രാത്രിയില്‍ തന്നെ നിയ്യത് വയ്‌ക്കേണ്ടതാണ്. റമദാന്‍ പോലുള്ള നിര്‍ബന്ധ നോമ്പുകള്‍ക്ക് അപ്രകാരം ചെയ്‌തെങ്കില്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നാല്‍ സുന്നത് നോമ്പുകള്‍ക്ക് ആ ദിവസം പകലിന്റെ ആദ്യത്തില്‍ നിയ്യത് വച്ചാലും മതി. ശാഫിഈ മദ്ഹബ് പ്രകാരം ഇബാദതുകള്‍ ചെയ്യുന്ന നാം ചിലപ്പോഴെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി, വിശിഷ്യാ നോമ്പിന് നിയ്യത് ചെയ്യാനുള്ള സമയവുമായി ബന്ധപ്പെട്ട്, മറന്ന് പോകുന്നത് മൂലമോ മറ്റോ ഇതര മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കേണ്ടിവരാറുണ്ട്. അതേ കുറിച്ച് നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കൃത്യമായ വിവരണങ്ങളും കാണാന്‍ സാധിക്കും. നോമ്പിന്റെ നിയ്യതിനെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ഫത്ഹുല്‍ മുഈനില്‍ ഹനഫീ, മാലികീ മദ്ഹബുകളനുസരിച്ച് നിയ്യത് വയ്ക്കാവുന്ന വിധം വിവരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നവ ആയതിനാലാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ഹനഫീ മദ്ഹബ് പ്രകാരം എല്ലാ നോമ്പും രാത്രിയില്‍ നിയ്യത് വച്ച് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉത്തമം. ഓരോ നോമ്പിനും നിയ്യത് പ്രത്യേകം വേണമെന്നുണ്ട്. എങ്കിലും റമദാനിലെ നോമ്പ് അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങളില്‍ നേര്‍ച്ചയാക്കിയ നോമ്പ്, തുടങ്ങി സമയബന്ധിതമായി അനുഷ്ഠിക്കേണ്ട നിര്‍ബന്ധ നോമ്പുകള്‍ക്കും കൂടാതെ സുന്നത് നോമ്പുകള്‍ക്കും പകലിന്റെ ആദ്യത്തില്‍ നിയ്യത് ചെയ്താലും പരിഗണിക്കപ്പെടുന്നതാണ്. എന്നാല്‍ റമദാനിലെ നോമ്പ് ഖളാഅ് വീട്ടുക, നിര്‍ണിതമല്ലാത്ത ദിവസം നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കുക, പ്രായശ്ചിത്ത (കഫാറത്) ത്തിന് വേണ്ടി നോമ്പെടുക്കുക തുടങ്ങിയ സമയബന്ധിതമല്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ക്ക് രാത്രിയില്‍ തന്നെ നിയ്യത് വക്കേണ്ടതാണ്, പകലില്‍ വച്ചാല്‍ സ്വീകാര്യമല്ല.
അവ രണ്ടും തമ്മിലുള്ള വ്യത്യാസം നമുക്കിങ്ങനെ മനസ്സിലാക്കാം. ആദ്യം സൂചിപ്പിച്ച റമദാന്‍ പോലുള്ള സമയബന്ധിത നിര്‍ബന്ധ നോമ്പുകള്‍, പ്രസ്തുതദിവസങ്ങളില്‍ ഏത് വിധേനയും നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നതിനാല്‍ പകലിന്റെ ആദ്യ സമയത്ത് നിയ്യത് ഉണ്ടായാല്‍ തന്നെ മതിയാവുന്നതാണ്. യാത്രക്കാരന്‍, രോഗി തുടങ്ങിയ റമദാന്‍ നോമ്പ് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ടവര്‍ക്കും പ്രബലാഭിപ്രായപ്രകാരം വിധി ഇത് തന്നെ. എന്നാല്‍ രണ്ടാമത് സൂചിപ്പിച്ച സമയബന്ധിതമല്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ ആ ദിവസമോ മറ്റൊരു ദിവസമോ വീട്ടാവുന്നതാണ് എന്നതിനാല്‍, രാത്രിയില്‍ നിയ്യത് വച്ച് നേരം പുലരുന്നതിന് മുന്‍പ് തന്നെ നോമ്പ്കാരനാവേണ്ടതുണ്ട്. ഹനഫീ ഗ്രന്ഥമായ ബിദായതുല്‍ മുബ്തദീ (പേജ് 39) ലും അതിന്റെ വിശദീകരണമായ ഹിദായ (പേജ് 1116) ലും ഈ വിഷയം വ്യക്തമാക്കിയതായി കാണാം.
ഇവിടെ മറ്റൊരു പ്രധാന വിഷയം കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. പകലില്‍ ഏത് സമയം വരെ നിയ്യത് വെക്കാം? സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നത് (സവാല്‍) വരെയാണെന്ന് പൊതുവെ പറയപ്പെടാറുണ്ടെങ്കിലും അതിന്റെ കൃത്യമായ സമയം ഹനഫീ കിതാബുകളില്‍ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, ശര്‍ഇയ്യായപകലിന്റെ പകുതിക്കു മുമ്പ് നിയ്യത് സംഭവിച്ചിരിക്കണം. വ്യക്തമായിപ്പറഞ്ഞാല്‍ പകല്‍ ആരംഭിക്കുന്ന (ഫജ്‌റിന്റെ അഥവാ സുബ്ഹിയുടെ സമയം) മുതല്‍ മധ്യാഹ്നത്തിന് മുമ്പ് വരെയുള്ള സമയം. മധ്യാഹ്ന സമയത്തോ അതിന് ശേഷമോ നിയ്യത് വച്ചാല്‍ പരിഗണിക്കപ്പെടുന്നതല്ല. റദ്ദുല്‍ മുഹ്താര്‍ അലാ ദുറില്‍ മുഖ്താര്‍ (പേജ് 2377) ലും മറ്റ് ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കുന്നുണ്ട്. മറ്റ് ഗ്രന്ഥങ്ങളിലും ഇത് കാണാം. അവയുടെ വിശദീകരണത്തില്‍ നിന്നും ഹനഫീ മദ്ഹബില്‍ പകലില്‍ നിയ്യത് പരിഗണിക്കപ്പെടുന്ന സമയം സവാല്‍ (ളുഹ്‌റ് നിസ്‌കാരത്തിനുള്ള സമയം) ആകുന്നതിനും ഏകദേശം മുക്കാല്‍ മണിക്കൂര്‍ മുമ്പ് വരെയാണ്. അതിന് ശേഷമുള്ള നിയ്യത് പരിഗണനീയമല്ല.
മറ്റ് മദ്ഹബുകള്‍ക്ക് വിഭിന്നമായി മാലികീ മദ്ഹബില്‍ എല്ലാ നോമ്പിനും പ്രത്യേകം നിയ്യത് വേണമെന്നില്ല. പക്ഷെ പ്രത്യേകം നിയ്യത് വക്കലാണ് അഭികാമ്യം. റമദാന്‍ നോമ്പ്, സംയോഗം കാരണം റമദാനിലെ നോമ്പ് നിഷ്ഫലമാക്കല്‍ കൊണ്ട് നിര്‍ബന്ധമാവുന്ന കഫാറത് (പ്രായശ്ചിത്ത) നോമ്പ്, കൊല, ളിഹാര്‍ എന്നിവക്ക് പ്രായശ്ചിത്തമായി വരുന്ന നോമ്പ്, നിശ്ചിത ദിവസങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയ നോമ്പ് തുടങ്ങി, തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകള്‍ക്ക് അവയുടെ ആദ്യ രാത്രിയില്‍ ഈ നോമ്പുകളെല്ലാം അനുഷ്ടിക്കാന്‍ നിയ്യത് വക്കുന്നു എന്ന ഒറ്റ നിയ്യത് ഉണ്ടായാല്‍ മതിയാവുന്നതാണ്. അപ്പോള്‍ റമദാനിന്റെ ആദ്യ രാത്രിയില്‍ ഈ റമദാന്‍ മാസം മുഴുവനും നോമ്പെടുക്കാന്‍ നിയ്യത് വച്ചാല്‍ മാലികീ മദ്ഹബ് അനുസരിച്ച് ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇനി നിയ്യതുകള്‍ വേണമെന്നില്ല. തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകളെ ഒറ്റ ഇബാദത് ആയി പരിഗണിച്ചതിനാലാണ് ഒന്നിച്ചുള്ള ഒരു നിയ്യത് മതി എന്ന് ഈ മദ്ഹബ് അഭിപ്രായപ്പെടുന്നത്. ആദ്യ രാത്രിയില്‍ ഒന്നിച്ച് നിയ്യത് വക്കാന്‍ മറന്നാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ രാത്രിയില്‍ അതുമല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞുള്ള രാത്രിയില്‍ ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇപ്രകാരം ഒന്നിച്ച് നിയ്യത് വച്ചാലും മതി. മാലികി മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ ശറഹുല്‍ കബീറില്‍ (പേജ് 1521) ല്‍ ഇത് വിശദീകരിക്കുന്നുണ്ട്.
എന്നാല്‍ തുടര്‍ച്ച നിര്‍ബന്ധമില്ലാത്ത നോമ്പുകള്‍ക്ക് ഒന്നിച്ചുള്ള നിയ്യത് മതിയാവുകയില്ല. ഓരോന്നിനും രാത്രി പ്രത്യേകം നിയ്യത് വയ്‌ക്കേണ്ടതുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, റമദാന്‍ പോലെയുള്ള തുടരെ അനുഷ്ഠിക്കല്‍ നിര്‍ബന്ധമായ നോമ്പുകള്‍ക്കിടയില്‍ നോമ്പ് നിര്‍ബന്ധമില്ലാത്ത അവസ്ഥ വന്നാല്‍ ആദ്യത്തെ നിയ്യതിന്റെ തുടര്‍ച്ച നഷ്ടപ്പെടും. റമദാന്‍ മാസത്തില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ട യാത്രക്കാരന്‍, രോഗ ബാധിതന്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമെല്ലന്നതിനാല്‍ ഈ അവസ്ഥയില്‍ അവര്‍ നോമ്പെടുക്കുകയാണെങ്കില്‍ പോലും ഓരോ നോമ്പിനും ഓരോ നിയ്യത് തന്നെ വേണം. അത്തരക്കാര്‍ക്ക് നോമ്പ് ഒഴിവാക്കാനുള്ള (യാത്ര, രോഗം പോലുള്ള) അവസ്ഥ അവസാനിച്ച് നോമ്പെടുക്കല്‍ നിര്‍ബന്ധമാവുന്നതോട് കൂടെ ബാക്കി വരുന്ന നോമ്പുകള്‍ക്ക് ഒന്നിച്ചുള്ള ഒരു നിയ്യത് ആകാവുന്നതാണ്. അപ്രകാരം തന്നെ ഹൈള്, നിഫാസ് പോലെയുള്ള കാരണത്താല്‍ നോമ്പ് ഒഴിവാക്കേണ്ടി വന്നാലും ആദ്യത്തെ നിയ്യതിന്റെ സാധുത അവസാനിക്കുന്നതാണ്. പ്രസ്തുത കാരണങ്ങളില്‍നിന്ന് മുക്തമാകുന്നതോടെ ബാക്കിയുള്ള നോമ്പുകള്‍ക്ക്, ശേഷം ഒന്നിച്ചുള്ള ഒരു നിയ്യത് വെച്ചാലും മതി. ശറഹുല്‍ കബീറിലും, ഹാശിയതുല്‍ ദുസൂഖിയിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് സൂര്യാസ്തമയത്തിന് ശേഷം നോമ്പ് നിര്‍ബന്ധമല്ലാത്ത അവസ്ഥ വരികയും ഫജ്‌റിന് മുന്‍പായി ആ അവസ്ഥ നീങ്ങുകയും ചെയ്താല്‍ പോലും ആദ്യത്തെ നിയ്യതിന്റെ സാധുത നഷ്ടപ്പെടും. അത്തരം അവസ്ഥയിലും നിയ്യത് പുതുക്കേണ്ടതാണ്. ഈ വിഷയം ശറഹ് സ്വഗീറില്‍ (പേജ് 1697) ല്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സുന്നത് നോമ്പുകള്‍ക്ക് രാത്രിയില്‍ തന്നെ നിയ്യത് വെക്കണമെന്നാണ് മാലികീ മദ്ഹബിലെ പ്രബലാഭിപ്രായം. മറ്റ് മദ്ഹബുകളെപ്പോലെ പകലിന്റെ ആദ്യത്തില്‍ മതിയാവുകയില്ല. ശറഹുല്‍ കബീറിലും (1520), ഹാശിയതു ദുസഖി (1521) ലും ഇത് കാണാവുന്നതാണ്.
നിയ്യതിന്റെ സമയത്തെ കുറിച്ച് ഹമ്പലി മദ്ഹബിന്റെ കാഴ്ചപ്പാട് ഏകദേശം ശാഫീ മദ്ഹബിനോട് സമാനമാണ്. അതടിസ്ഥാനത്തില്‍ ഫര്‍ള് നോമ്പുകള്‍ ഓരോന്നിനും രാത്രിയില്‍ തന്നെ നിയ്യത് വേണം. സുന്നത് നോമ്പുകള്‍ക്ക് പകലിന്റെ ആദ്യത്തിലും ആകാവുന്നതാണ്. ഇമാം ഇബ്‌നു ഖുദാമ(റ) യുടെ മുഗ്‌നിയില്‍ (3109) ഈ കാര്യം വ്യകത്മാക്കിയത് കാണാം.
എന്നാല്‍ മാലികി മദ്ഹബിന് സമാനമായി റമദാന്‍ നോമ്പിന് ആദ്യ രാത്രിയില്‍ ഒന്നിച്ചുള്ളൊരു നിയ്യത് മതി എന്ന് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ (റ) ന് ഒറ്റപ്പെട്ട ഒരഭിപ്രായം ഉണ്ട്. ഹഡമ്പലി മദ്ഹബിലെ ഗ്രന്ഥമായ ശറഹുല്‍ കബീറ് അലാ മത്‌നില്‍ മുഖ്‌നിഅ് (325) ല്‍ ഇത് സൂചിപ്പിച്ചതായി കാണാം.
നോമ്പിന് നിയ്യത് വെക്കേണ്ട സമയവുമായി ബന്ധപ്പെട്ട് മദ്ഹബുകളുടെ പ്രബല വീക്ഷണങ്ങളാണ് ഇത്രയും പരാമര്‍ശിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വീക്ഷണങ്ങളെ അവലംബാക്കി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശാഫീ മദ്ഹബനുസരിച്ച് അമല്‍ ചെയ്യുന്ന നാം റമദാനിന്റെ ആദ്യ രാത്രിയില്‍ ഈ മാസം മുഴുവനും നോമ്പെടുക്കാന്‍ നിയ്യത് വച്ചാല്‍, പിന്നീട് ഏതെങ്കിലും ഒരു ദിവസം രാത്രിയില്‍ നിയ്യത് വയ്ക്കാന്‍ മറന്ന് പോവുകയാണെങ്കില്‍ മുകളില്‍ വിശദീകരിച്ച പോലെ രണ്ടാലൊരു മദ്ഹബനുസരിച്ച് നമുക്ക് ആ ദിവസത്തെ നോമ്പ് പിടിക്കാവുന്നതാണ്. റമദാന്റെ ആദ്യത്തില്‍ ഒന്നിച്ച് നിയ്യത് വച്ചതിനാല്‍ മാലികീ മദ്ഹബ് പ്രകാരം അന്നവന്‍ നോമ്പ് കാരനായി. അല്ലെങ്കില്‍ പകലിന്റെ ആദ്യ സമയത്ത് നിയ്യത് വച്ച് ഹനഫീ മദ്ഹബ് പ്രകാരം അവന് നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ ഏത് മദ്ഹബനുസരിച്ചാണ് നാം കര്‍മം ചെയ്യുന്നതെന്ന ബോധ്യം നമുക്ക് വേണ്ടതുണ്ട്. കൂടാതെ നാം ആചരിക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട് ആ മദ്ഹബ് നിഷ്‌കര്‍ഷിക്കുന്ന മറ്റ് വ്യവസ്ഥകുളും നാം പരിഗണിക്കണം എങ്കില്‍ മാത്രമെ നാം ചെയ്യുന്ന ആരാധനക്ക് ആധാരമുള്ളൂ. അല്ലാത്ത പക്ഷം, അത് അസാധുവാകുന്നതും ശേഷം മടക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."