മുഖ്യമന്ത്രി ഇടപെട്ടു, ദാസ്യപ്പണിക്ക് അന്ത്യം
തിരുവനന്തപുരം: ഐ.പി.എസുകാരുടെ ദാസ്യപ്പണിയ്ക്ക് അറുതി വരുത്താന്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടു. ഡല്‍ഹിയിലായിരുന്ന സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു വരുത്തിയാണ് നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
ഇതേതുടര്‍ന്ന് ഡി.ജി.പി ഇന്നലെ രാവിലെ തന്നെ പൊലിസ് അസോസിയേഷന്‍ നേതാക്കളുടെയും ഓഫിസ് അസോസിയേഷന്‍ നേതാക്കളുടെയും യോഗം വിളിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ആദ്യപടിയായി കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പൊലിസ് സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ വിളിക്കും. നിലവില്‍ 28 യൂനിറ്റ് കൗണ്‍സിലുകളാണുള്ളത്.
എല്ലാ ജില്ലകളിലുമുള്ള പരാതികളില്‍ നടപടി എടുക്കേണ്ട ചുമതല സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ക്കാണ്. അടിയന്തരമായി യോഗം വിളിയ്ക്കാന്‍ ജില്ലാ പൊലിസ് മേധാവിമാരോട് ഡി.ജി.പി നിര്‍ദേശിച്ചു. യോഗത്തില്‍ ലഭിയ്ക്കുന്ന പരാതി ഗൗരവമാണെങ്കില്‍ എസ്.പിമാര്‍ നേരിട്ട് സംസ്ഥാന പൊലിസ് മേധാവിയ്ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു.
ഐ.പി.എസുകാര്‍ തങ്ങള്‍ക്ക് അനുമതിയുള്ള പൊലിസുകാരെ മാത്രമേ വീടുകളില്‍ നിയമിക്കാവൂ. ക്യാംപ് ഫോളോവേഴ്‌സിനെയും അനധികൃതമായി നിയമിച്ചിരിക്കുന്ന പൊലിസിനെയും മടക്കി അയക്കണം. ഐ.പി.എസുകാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഡ്യൂട്ടിയിലുള്ള പൊലിസുകാരെ ഉപയോഗിക്കാവൂ.
ഇവരെ സ്വകാര്യ ആവശ്യത്തിന് നിയോഗിച്ചാല്‍ പൊലിസുകാര്‍ക്ക് അസോസിയേഷന്‍ വഴിയോ നേരിട്ടോ സംസ്ഥാന പൊലിസ് മേധാവിയ്ക്ക് പരാതി നല്‍കാം. അത് രഹസ്യമായി സൂക്ഷിക്കും. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന വാഹനം ഭാര്യയ്‌ക്കോ, മക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് കണ്ടെത്തിയാല്‍ ഗുരുതരമായ അച്ചടക്ക ലംഘനത്തിന് നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും. എല്ലാ ഐ.പി.എസ് ഉദ്യോഗസ്ഥരും ഇത് പാലിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് മേധാവിയ്ക്ക് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. ക്യാംപ് ഫോളോവേഴ്‌സിനെ ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ അനധികൃതമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഇത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി അനന്തകൃഷ്ണനെ ചുമതലപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി ഇതിന്റെ ചുമതല വഹിക്കും. ജില്ലാ തലത്തിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഡി.ജി.പി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടില്‍ നിര്‍ത്തിയിരുന്ന പല പൊലിസുകാരെയും ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച് തുടങ്ങി. വര്‍ക്കിങ് അറേഞ്ച്‌മെന്റെന്ന പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലിസുകാരെ മാറ്റാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ശ്രമിച്ചെങ്കിലും അന്ന് പൊലിസ് ഓഫിസര്‍മാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."