HOME
DETAILS
MAL
മക്കയില്‍ നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ആത്മനിര്‍വൃതിയില്‍ ഹുസൈന്‍ ബാഫഖി
backup
April 27 2020 | 02:04 AM
കൊയിലാണ്ടി: ഏഴ് പതിറ്റാണ്ടുകള്‍ക്കപ്പുറം കേവലം പന്ത്രണ്ടാമത്തെ വയസില്‍ ആ പുണ്യഭൂമിയില്‍ നിന്നും പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആത്മ നിര്‍വൃതിയിലാണ് ഇപ്പോഴും ഹാഫിള് ഹുസൈന്‍ ബാഫഖി തങ്ങള്‍. അഹ്‌ലു ബൈത്ത് ഖബീലകള്‍ ഏറ്റവുമധികം അധിവസിക്കുന്ന കൊയിലാണ്ടിയില്‍ നിന്നും, അതും ബാഫഖി പരമ്പരയില്‍ പെട്ട ഖുര്‍ആന്‍ 30 ഭാഗങ്ങളും മനഃപാഠമാക്കിയ ഒരു തലമുറ ഉണ്ടാകുന്നതിന് പ്രചോദനമായതാകട്ടെ ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തന്നെയായിരുന്നു.
സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ബാഫഖി തങ്ങള്‍ തന്റെ മക്കളില്‍ നിന്ന് രണ്ട് പേരെ മക്കയില്‍ ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. മക്കളായ സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി എന്നിവര്‍ അങ്ങനെയാണ് 1949 ല്‍ പിതാവ് അബ്ദുറഹ്മാന്‍ ബാഫഖി യോടൊപ്പം വിശുദ്ധ മക്കയിലെത്തുന്നത്.മക്കയില്‍ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ബാജിതിന്റെ ശിക്ഷണത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് രണ്ടു പേരും ഖുര്‍ആന്‍ 30 ഭാഗങ്ങളും മനഃപാഠക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്.
റഷ്യ, മലേഷ്യ, ഇന്തോനേഷ്യ, അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ധാരാളം വിദ്യാഥികള്‍ മക്കയിലെ മദ്‌റസത്തുല്‍ ഫലാഹില്‍ സഹപാഠികളായി ഉണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നും പ്രത്യകിച്ച് കേരളത്തില്‍ നിന്നും തങ്ങള്‍ രണ്ട് പേരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് 82 കാരനായ ഹുസൈന്‍ ബാഫഖി ഓര്‍ക്കുന്നു. ഹാഫിളുമാരായി മക്കയില്‍ നിന്നും തിരിച്ചു വന്ന രണ്ടു പേരും മതപരമായ ഉപരിപഠനത്തിലേക്ക് തിരിയുകയായിരുന്നു. ബേപ്പൂര്‍ ഖാസിയുടെ ശിക്ഷണത്തില്‍ ബേപ്പൂര്‍ ജുമുഅത്ത് പള്ളി, അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ അയനിക്കാട് ജുമുഅത്ത് പള്ളി, കൊയിലാണ്ടി ജുമുഅത്ത് പള്ളി എന്നീ സ്ഥാപനങ്ങളാണ് ഇവര്‍ക്ക് ഇതിന് സഹായകരമായത്.
കോഴിക്കോട് വലിയങ്ങാടിയില്‍ തന്റെ ഉടമസ്ഥതയിലുള്ള മാളികയില്‍ പ്രത്യേകം ഗുരുനാഥന്‍മാരെ വച്ച് മതപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും പിതാവ് ബാഫഖി തങ്ങള്‍ ഒരുക്കിയിരുന്നതായും ഹുസൈന്‍ ബാഫഖി അനുസ്മരിക്കുന്നു.
ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് മുസ്‌ലിം ലീഗ് സമ്മേളനങ്ങളില്‍ ഖിറാഅത്ത് നിര്‍വഹിക്കുവാന്‍ അക്കാലത്ത് പതിവായി കൂട്ടികൊണ്ടുപോയിരുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മകളാണന്നും അദ്ദേഹം അനുസ്മരിച്ചു.
പിതൃ സഹോദരിയുടെ മകള്‍ ശരീഫ ആഇശ ബീവിയാണ് സഹധര്‍മ്മിണി. ശരീഫ സുബൈദ ബീവി, ശരീഫ ജമീല ബീവി, സയ്യിദ് മുഹമ്മദ് ബശീര്‍ ബാഫഖി, സയ്യിദ് മുനീര്‍ ബാഫഖി, സയ്യിദ് നദീര്‍ ബാഫഖി എന്നിവരാണ് മക്കള്‍. ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, നന്തി മഹല്ല് മുന്‍ ഖാസി ആറ്റക്കോയ തങ്ങളുടെ മകന്‍ സയ്യിദ് അബ്ബാസ് തങ്ങള്‍ മരുമക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."