അനധികൃത പരസ്യബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത പരസ്യബോര്‍ഡുകളും തോരണങ്ങളും 10 ദിവസത്തിനകം നീക്കംചെയ്യണമെന്ന് ഹൈക്കോടതി.
പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവിട്ടിട്ടും നീക്കംചെയ്തവ തിരിച്ചുവരികയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി പത്തോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും നടപടിയുണ്ടായില്ല. തദ്ദേശ സെക്രട്ടറിമാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവുകള്‍ നടപ്പാക്കുന്നതിന് പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പത്ത് ദിവസത്തിനുശേഷം അവശേഷിക്കുന്ന അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ച് സെക്രട്ടറിമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടാകുമെന്നും പിഴ ഈടാക്കുമെന്നും കോടതി നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍മാര്‍ പരിശോധന നടത്തി തദ്ദേശഭരണ സെക്രട്ടറിമാരും ഫീല്‍ഡ് ഉദ്യോഗസ്ഥരും ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നീക്കംചെയ്യുന്ന ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. പിഴ ഈടാക്കി ബോര്‍ഡുകള്‍ ബന്ധപ്പെട്ടവരെ തന്നെ ഏല്‍പ്പിക്കണം.
അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസിന് ഡി.ജി.പി നിര്‍ദേശം നല്‍കണം. കോടതിയുടെ മുന്‍ ഉത്തരവുപ്രകാരം നിയമിതരായ രണ്ട് നോഡല്‍ ഓഫിസര്‍മാര്‍ പരാജയമാണെന്ന് വിലയിരുത്തിയ കോടതി പുതിയ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരെയും നഗരങ്ങളില്‍ റീജ്യനല്‍ അര്‍ബന്‍ ഡയരക്ടര്‍മാരെയും നോഡല്‍ ഓഫിസര്‍മാരായി നിയമിക്കണം.
നോഡല്‍ ഓഫിസര്‍മാര്‍ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പൊതുജനശ്രദ്ധക്കായി പ്രസിദ്ധീകരിക്കണം. നിയമലംഘനം കണ്ടാല്‍ മൂന്നു ദിവസത്തിനകം പൊതുജനങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."