മിസൈല്‍വര്‍ഷങ്ങളുടെ നടുക്കുന്ന ഓര്‍മയില്‍ ഒരു പെരുന്നാള്‍
ബഗ്ദാദ്: ഇറാഖിലെ പ്രധാന നഗരങ്ങളിലൊന്നായ മൗസിലില്‍ പതിറ്റാണ്ടുകളായി കുട്ടികളും യുവാക്കളും പെരുന്നാളിനെ വരവേല്‍ക്കുക പടക്കംപൊട്ടിച്ചും കളിത്തോക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കിയുമൊക്കെയായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരശബ്ദത്തിലുള്ള ബോംബ്‌സ്‌ഫോടനങ്ങളും മിസൈല്‍ വര്‍ഷങ്ങളും മൗസിലിനൊരു പുതിയ പതിവാണ്. അവയുടെ നടുക്കമുളവാക്കുന്ന ശബ്ദം കേട്ടുപതിഞ്ഞിട്ടുണ്ടെങ്കിലും മനസില്‍ കനല്‍ കോരിയിടുന്നുണ്ട് അവയെല്ലാം എന്നതാണു സത്യം. അതുകൊണ്ടു തന്നെ ഇത്തവണ പെരുന്നാളിന് മൗസിലുകാര്‍ ഒരു തീരുമാനമെടുത്തു. നാടിനെയും ജനജീവിതത്തെയും തകര്‍ത്തുകളഞ്ഞ വെടിയും വെടിക്കോപ്പുകളും പടക്കങ്ങളുമൊന്നും തമാശയ്ക്കു പോലും നാട്ടില്‍ വേണ്ടെന്ന്. അങ്ങനെ പടക്കങ്ങളുടെയും വെടിക്കെട്ടുകളുടെയും ആരവങ്ങളൊഴിഞ്ഞ ഒരു പെരുന്നാളായിരുന്നു ഇന്നലെ മൗസിലില്‍ കഴിഞ്ഞത്.
50കാരിയായ ഉമ്മു ബെര്‍ഖിസ് ഇതാദ്യമായി മക്കള്‍ക്ക് പ്ലാസ്റ്റിക് വെടിക്കോപ്പുകള്‍ വാങ്ങിനല്‍കിയില്ല. അതിന് അവര്‍ പറഞ്ഞ കാരണം തീര്‍ത്തും ന്യായം. ''ആയുധങ്ങള്‍ നമ്മുടെ നഗരത്തെ തകര്‍ത്തുകളഞ്ഞു. നമ്മുടെ കുട്ടികളെ മുറിവേല്‍പ്പിച്ചു. ഈ വര്‍ഷം ഇനി കളിത്തോക്കുകള്‍ വാങ്ങുന്ന പ്രശ്‌നമേയില്ല. അതിക്രമങ്ങളെയും ഹിംസയെയും ഓര്‍മിപ്പിക്കുന്ന എല്ലാം ഞങ്ങള്‍ വെറുക്കുന്നു.''-വിധവ കൂടിയായ ഉമ്മു ബെര്‍ഖിസ് പറഞ്ഞു. ''മക്കള്‍ക്ക് കളിത്തോക്കുകള്‍ വാങ്ങിക്കൊടുക്കുന്നത് ശരിയല്ല. അയല്‍പക്കത്തൊന്നും ആരും ഇത്തവണ അവ വാങ്ങുന്നതു കണ്ടതുമില്ല''-35കാരനും രണ്ടു കുട്ടികളുടെ പിതാവുമായ അലി മുഅയ്യദ് പറയുന്നു.
ഉമ്മു ബെര്‍ഖിസിന്റെയും അലി മുഅയ്യദിന്റെയും നിലപാട് തന്നെയാണു നഗരത്തിലെ ഒട്ടുമിക്ക ഉമ്മമാരും ഉപ്പമാരും പങ്കുവച്ചത്. കലാപങ്ങളും കാലുഷ്യങ്ങളും ഒഴിഞ്ഞ നല്ല നാളിലേക്കു കണ്ണുനട്ട് അവര്‍ പ്രതീകാത്മകമായ, എന്നാല്‍ ഉറച്ചൊരു തീരുമാനം തന്നെയായിരുന്നു അവര്‍ കൈക്കൊണ്ടത്. ''വാതിലുകളടച്ചു വീടിനകത്തു കരഞ്ഞുതീര്‍ക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ദിനം.
എന്നാല്‍, ഇത്തവണ ഞങ്ങള്‍ സ്വതന്ത്രരാണ്. സന്തോഷത്തിലാണ്. കുറ്റവാളികള്‍ക്കുമേല്‍ ഞങ്ങള്‍ വിജയം കണ്ടിരിക്കുന്നു''-41കാരിയായ ഉമ്മു മഹര്‍ പറഞ്ഞുവച്ചു.
എന്നാല്‍, നഗരത്തിലെ ചരിത്രപ്രസിദ്ധമായ നാബി യൂനുസ് മാര്‍ക്കറ്റില്‍ ഇത്തവണയും പടക്കങ്ങളും കളിത്തോക്കുകളും വിപണിയിലുണ്ടായിരുന്നു. കൗതുകകരം തന്നെ, ഒരു പ്രദേശവാസി വിപണിയിലെ എല്ലാ കളിത്തോക്കുകളും പടക്കങ്ങളും സ്വന്തമായി വാങ്ങി. ഷോപ്പിങ്ങിനെത്തിയ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മുന്നിലായിരുന്നു ഇത്.
ഇതുവഴി എല്ലാ കച്ചവടക്കാര്‍ക്കും ഒരു സന്ദേശം നല്‍കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മനസുകളില്‍ അക്രമവാസന ഉണര്‍ത്തുന്ന ഇത്തരം വസ്തുക്കള്‍ ഔദ്യോഗികമായി തന്നെ നിരോധിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്ന് ഒരുപടി കൂടി കടന്ന് അദ്ദേഹം പറഞ്ഞു.
മൗസിലിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു മുന്നോടിയായി ഇമാമുമാര്‍ നല്‍കിയ സന്ദേശവും മറ്റൊന്നായിരുന്നില്ല. കളിത്തോക്കുകള്‍ക്കും പടക്കങ്ങള്‍ക്കും പകരം ജനങ്ങളില്‍ ശുഭാപ്തിവിശ്വാസവും സന്തോഷവും പകരുന്ന മറ്റു കളിക്കോപ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കണമെന്ന് ഇമാമുമാര്‍ പ്രസംഗത്തില്‍ ഉത്‌ബോധനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."