ആത്മഹത്യാ ഭീഷണിയുമായി എം പാനല്‍ സമരക്കാര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട എം പാനല്‍ ജീവനക്കാരില്‍ നാലു പേര്‍ മരത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്നലെ ഉച്ചക്ക് 2.40 ഓടെ തിരുവനന്തപുരം പ്രസ്‌ക്ലബിന് മുന്നിലെ രണ്ടു മരങ്ങളിലായാണ് നാലു പേര്‍ കയറിയത്. കാട്ടാക്കട സ്വദേശി ശഫീഖ്, കട്ടപ്പന സ്വദേശി സായൂജ്, പത്തനംതിട്ട സ്വദേശി സന്ധ്യ, മാള സ്വദേശി സജിനി എന്നിവരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
ആദ്യം രണ്ടു സ്ത്രീകളാണ് മരത്തിന് മുകളില്‍ കയറി ഷാള്‍ എടുത്ത് കഴുത്തില്‍ കുരുക്കിട്ട് ഇരുന്നത്.ഇതിന് പിന്നാലെ ശഫീഖ്, സായൂജ് എന്നിവര്‍ സമീപത്തെ മരത്തിന് മുകളിലും കയറി. വിവരമറിഞ്ഞ് സമരപ്പന്തലില്‍ നിന്ന് മറ്റു സമരക്കാരെത്തി താഴെ നിലയുറപ്പിച്ചു. പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി സമരസമിതി നേതാക്കളുമായി സംസാരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇവര്‍ ഇരുപ്പുറപ്പിച്ച ചില്ലകള്‍ ഒടിഞ്ഞു വീഴുമോയെന്നും ആശങ്കയുണ്ടായി. ഒരു മണിക്കൂറിന് ശേഷം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഏണി ഉപയോഗിച്ച് കയറി നാലുപേരെയും താഴെ ഇറക്കുകയായിരുന്നു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."