സാമ്പത്തിക സഹായം നല്‍കുന്നില്ലെന്ന് കോണ്‍. മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന് എന്തു നടപടികള്‍ സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് കരുതിയ ബംഗാള്‍ മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം പരിപാടിയില്‍ സംസാരിക്കാന്‍ തെരഞ്ഞെടുത്തവരില്‍ താനില്ലെന്നാരോപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.
ലോക്ക് ഡൗണ്‍ മെയ് 21 വരെയെങ്കിലും നീട്ടണമെന്ന് മമത വിഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, പ്രമോദ് സാവന്ത് (ഗോവ), ജയ് റാം താക്കൂര്‍ (ഹിമാചല്‍ പ്രദേശ്), സൊറാംതന്‍ഗ (മിസോറാം), കോണ്‍റാഡ് സാങ്മ (മേഘാലയ) എന്നിവരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. അതേസമയം എത്രവരെയെന്ന് അവര്‍ പറഞ്ഞില്ല.നേരത്തെ കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹിയുള്‍പ്പെടെ മറ്റു ആറു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കൊവിഡിനെ നേരിടാന്‍ കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്ന പരിഭവമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ളത്. പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്ന പരാതി മമതയുടെ ബംഗാളും ഉയര്‍ത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രിയുമായുള്ള വിഡിയോ കൂടിക്കാഴ്ചയില്‍ മമതക്ക് നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ അവസരം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പിണറായി പങ്കെടുക്കാതിരുന്നത് ശരിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം മമതയോടു കാണിച്ചത്. യോഗത്തില്‍ പറയുന്നത് ശ്രവിച്ച് അവസരം ലഭിക്കുമ്പോള്‍ സംസാരിക്കാമെന്നായിരുന്നു മമതയുടെ തീരുമാനമെന്ന് അവരോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. അവര്‍ നിരാശയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.നേരത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടുതലുള്ള ഗുജറാത്ത്, യു.പി, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തി ബംഗാളിലേക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തെ അയച്ചതിനെ മമത തുടക്കത്തില്‍ എതിര്‍ത്തിരുന്നു.
ലോക്ക് ഡൗണ്‍ തുടരുമെന്നാണ് തനിക്കു തോന്നിയതെന്നാണ് പരിപാടിക്കു ശേഷം മമത പറഞ്ഞത്. അതേസമയം ചില ഇളവുകളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ നിന്ന് ബംഗാളിന് ഒരു സാമ്പത്തികസഹായവും ലഭിക്കുന്നില്ലെന്ന് മമത പരാതിപ്പെട്ടു. അതിനിടെ സംസ്ഥാനത്ത് ഇന്നലെ മുതല്‍ ചില ഇളവുകള്‍ മമത പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളല്ലാത്തവ വില്‍ക്കുന്ന കടകള്‍ തുറക്കാനും അനുമതി നല്‍കും. ബുധനാഴ്ച കേന്ദ്രത്തില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കും. പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തിടത്ത് പരിശോധനകള്‍ കുറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."