പൈലറ്റിനെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: വ്യോമസേനാ പൈലറ്റിനെ പാകിസ്താന് പിടികൂടിയതിനെതിരേ ശക്തമായ നിലപാടുമായി ഇന്ത്യ. പൈലറ്റിനെ പിടികൂടിയ നടപടി ഏറ്റവും മോശമായതാണെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് സുരക്ഷിതനായി മോചിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വിങ് കമാന്‍ഡര്‍ അഭിനന്ദിനെയാണ് പാക് സൈന്യം പിടികൂടിയത്. പൈലറ്റിനെ പിടികൂടിയതിനുശേഷം അദ്ദേഹത്തിന്റെ ചിത്രവും മറ്റും പുറത്തുവിട്ട പാക് നടപടി ഏറ്റവും മോശമായ നടപടിയാണ്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ നിയമങ്ങള്‍ക്കും ജനീവ കണ്‍വന്‍ഷനും വിരുദ്ധമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്.
അതുകൊണ്ടുതന്നെ പൈലറ്റിനെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.
പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യക്കെതിരേ പാകിസ്താന് പ്രകോപനപരമായ നടപടികളാണ് എടുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന ഉടമ്പടിക്കും രണ്ടു രാജ്യങ്ങളെ സംബന്ധിച്ചുള്ള പ്രതിബദ്ധതയേയും ലംഘിക്കുന്ന നിലപാടാണ് പാകിസ്താന്റേത്. പാക് മണ്ണില്‍ ചില വ്യക്തികള്‍ ഭീകര താവളങ്ങള്‍ തുടങ്ങിയതും ഇവര്‍ ഇന്ത്യക്കെതിരായി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെ പാകിസ്താന് എതിര്‍ക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."