HOME
DETAILS

കര്‍ഷക ആത്മഹത്യ: സര്‍ക്കാര്‍ മുഖംതിരിക്കരുത്

  
backup
February 28 2019 | 00:02 AM

farmer-suicide-govt-face-editorial-28-feb-2019

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്കു നേരെ ഇടത് മുന്നണി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് 48 മണിക്കൂര്‍ ഉപവാസ സമരത്തിന് ഇന്നലെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനേന എന്നവണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അടിമാലി ഇരുനൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്റേതാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടുകൂടി കര്‍ഷക ആത്മഹത്യകള്‍ അവസാനിക്കുമെന്ന് പറയാനാവുകയില്ല, സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നാല്‍.
ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് ആറു ലക്ഷത്തോളം രൂപ വായ്പയെടുത്തതു തിരിച്ചടയ്ക്കാന്‍ കഴിയാതെയാണ് സുരേന്ദ്രന്‍ ജീവനൊടുക്കിയത്. കഴിഞ്ഞ മാസമാണ് സുരേന്ദ്രന് ജപ്തി നോട്ടിസ് ലഭിച്ചത്. ഇതില്‍ മനംനൊന്ത് സുരേന്ദ്രന്‍ ആത്മഹത്യയില്‍ അഭയംതേടുകയായിരുന്നു. കാര്‍ഷിക വായ്പകള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥിതിക്ക് ബാങ്കുകള്‍ ജപ്തി നോട്ടിസ് അയക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവിലയാണ് ബാങ്കുകള്‍ കല്‍പ്പിച്ചിരിക്കുന്നതെന്നര്‍ഥം.
കേരളത്തില്‍ ഒന്നര മാസത്തിനിടെ ആറാമത്തെ കര്‍ഷക ആത്മഹത്യയാണ് സുരേന്ദ്രന്റേത്. പ്രളയാനന്തരം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രളയത്തോടനുബന്ധിച്ചുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിഭാസങ്ങള്‍ കൃഷിയെ പാടെ നശിപ്പിച്ചു. തേയിലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. നാണ്യവിളകളുടെ വിലയിടിഞ്ഞു. കൃഷിക്കായി വായ്പകള്‍ എടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ പ്രയാസപ്പെട്ടു എന്നതു മാത്രമല്ല സംഭവിച്ചത്. അവരുടെ നിത്യവൃത്തിക്കു പോലും വഴിയില്ലാതായി. സര്‍ക്കാര്‍ ഭാഗത്തു നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ യാതൊരു സഹായവും ഇവര്‍ക്കു ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മരണമല്ലാതെ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയിലെത്തുകയായിരുന്നു അവര്‍.


2011ല്‍ രാജ്യത്ത് 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ 2019ല്‍ എത്തുമ്പോള്‍ അത് അതിലുമേറെ വര്‍ധിച്ചു. 1995ന് ശേഷം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 2,70,940 ആയി. ഇപ്പോഴിതാ കേരളത്തിലും കര്‍ഷകരുടെ ആത്മഹത്യകള്‍ നിത്യവാര്‍ത്തകളായിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് കര്‍ഷക ആത്മഹത്യകള്‍ പൊലിപ്പിച്ചു പറഞ്ഞ മാധ്യമങ്ങളില്‍ പലതും ഇപ്പോഴത്തെ ആത്മഹത്യാ വാര്‍ത്തകളെ ചുരുക്കുകയാണ്.
പ്രളയ ശേഷമുണ്ടായ കൃഷിനാശത്തെക്കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും ഗൗരവമായ ആലോചന തുടങ്ങിയിട്ടില്ല. ഭരണനേട്ടത്തിലെ ആയിരം ദിനങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷക കുടുംബങ്ങളിലെ തേങ്ങലുകള്‍ വനരോദനമായി കലാശിക്കുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥിതിക്ക് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട്‌പോകുമ്പോള്‍ അതിനെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ അനങ്ങുന്നില്ല. കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാതെ എന്തു സംരക്ഷണ ജാഥയാണ് ഇടതുമുന്നണി നടത്തുന്നത്? പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക ദൗത്യം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.


2015-16 കാലഘട്ടത്തില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം അന്‍പതാണെന്നും വിദര്‍ഭയിലാണ് കൂടുതലെന്നും പറഞ്ഞ് ഭരണത്തിലെ മുഖ്യ പാര്‍ട്ടിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞുമാറാനാകില്ല. രാജ്യത്തെ 80 ശതമാനം കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലാണ്. കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച് കേന്ദ്രത്തില്‍ കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. 417.63 കോടി കര്‍ഷകര്‍ക്കായി കേന്ദ്രം നീക്കിവച്ചതില്‍ 251.32 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചത്. ബാക്കി നഷ്ടപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശവും ഉല്‍പാദനക്കുറവും വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുമ്പോള്‍ അവര്‍ക്കു താങ്ങായി നില്‍ക്കേണ്ടത് സര്‍ക്കാരാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പ്രളയാനന്തരം കേരളത്തില്‍ രൂക്ഷമായിരിക്കുന്ന ഒരവസ്ഥയില്‍ പ്രത്യേകിച്ചും. സംസ്ഥാന സര്‍ക്കാര്‍ അമിതവ്യയത്തിലൂടെ പൊടിച്ചുകളയുന്ന തുക കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിലേക്കു വകയിരുത്തിക്കൂടേ?


കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ എല്ലാം അവസാനിപ്പിക്കുമ്പോള്‍ ആയിരംദിന ഭരണനേട്ടങ്ങളുടെ ആഘോഷങ്ങള്‍ക്കെന്തു പ്രസക്തി? എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാര്‍ഷിക വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി ചെയ്യുന്നതും കൃഷിഭൂമി പിടിച്ചെടുക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ ഇതൊന്നും കേട്ട മട്ടില്ല. 60 വയസായ കര്‍ഷകര്‍ക്കു തുച്ഛമായ പെന്‍ഷന്‍ തുക നല്‍കുന്നതുകൊണ്ടൊന്നും ആത്മഹത്യകള്‍ തടയാനാവില്ല.
മൊറട്ടോറിയം പ്രഖ്യാപിച്ചതിനു ശേഷവും ജപ്തി നടപടികള്‍ക്കൊരുങ്ങുന്ന ബാങ്കുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുകയും വേണം. അല്ലാത്തപക്ഷം പ്രളയാനന്തര കേരളം ഇനിയും കേള്‍ക്കേണ്ടിവരിക കര്‍ഷകരുടെ തുടര്‍ച്ചയായ ആത്മഹത്യകളായിരിക്കും. സുരേന്ദ്രന്റെ മരണം അതില്‍ അവസാനത്തേതാവില്ലെന്നു ചുരുക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  33 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago