എന്‍ഡോസള്‍ഫാന്‍ ക്യാംപില്‍ രണ്ടാം ദിവസം എത്തിയത് 786 പേര്
രാജപുരം: എന്‍ഡോസള്‍ഫാന്‍ ക്യാംപില്‍ രണ്ടാം ദിവസം എത്തിയത് 786 പേര്. പൂടംങ്കല്ല് സി.എച്ച്.സി ക്ക് കീഴില്‍ വരുന്നവര്‍ക്കുള്ള രാജപുരം ഹോളി ഫാമിലി സ്കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച ക്യാംപില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടോക്കണ്‍ നല്കി കണ്ടെത്തിയ 744 രോഗികളില്‍ 625 പേര് കഴിഞ്ഞ ദിവസം നടന്ന ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇതോടൊപ്പം പുതുതായി 83 രോഗികള്‍ പരിശോധനയ്ക്കായി എത്തിയതില്‍ 42 രോഗികള്‍ക്ക് ക്യാംപില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു. 38 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണു രോഗികളെ പരിശോധിച്ചത്. ഇതോടൊപ്പം ആരോഗ്യവകുപ്പിലെ മൂന്നു ഡോക്ടര്‍മാരും ക്യാംപിനു നേതൃത്വം നല്കി. ജില്ലയില്‍ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു സര്‍ക്കാര്‍ പുതിയ ക്യാംപിനു തുടക്കം കുറിച്ചത്. ഇവിടെയെത്തിയ ഭൂരിഭാഗം പേരും 40 ല്‍ താഴെ പ്രായമുള്ളവരാണ്. ആരോഗ്യവകുപ്പിലെ നൂറിലധകം വരുന്ന ജീവനക്കാരെ ക്യാംപിനു ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു നിയോഗിച്ചിരുന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലെ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിന്നു രോഗികള്‍ മെഡിക്കല്‍ ക്യാംപിലെത്തി. രോഗികള്‍ക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഏഴിനു ബദിയടുക്കയിലും എട്ടിനു മുളിയാറും ഒന്പതിനു പെരിയയിലുമാണ് അടുത്ത എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ ക്യാംപ് നടക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്, എന്‍ഡോസള്‍ഫാന്‍ ജില്ലാ ഓഫിസര്‍ ഡോ. രാമന് സ്വാതി വാമന്‍, ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ഡോ. ആഷില്‍, ഡെപ്യൂട്ടി ഡി.എം.ഒ ഇ മോഹനന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി മോഹനന്, സി കുഞ്ഞിക്കണ്ണന്, ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റുമാരായ ടി.കെ നാരായണന്, കെ ഹേമാംബിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കെ ഭൂപേഷ്, പി തമ്പാന്, പെണ്ണമ്മ ജെയിംസ്, എം.എം സൈമണ്‍, ഫാ. ഷാജി വടക്കേ തൊട്ടി, പി കുഞ്ഞികൃഷ്ണന് നായര്‍ എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."