'വെള്ളത്തിലാവാതിരിക്കാന്‍' തിരുവമ്പാടിക്ക് ബദല്‍ സംവിധാനം ഒരുങ്ങുന്നു
തിരുവമ്പാടി: മഴ തുടങ്ങുന്ന സമയത്ത് തന്നെ വെള്ളത്തില്‍ മുങ്ങുന്ന തിരുവമ്പാടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബദല്‍ സംവിധാനമാകുന്നു. ടൗണിലെ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരമേകുന്ന തിരുവമ്പാടി ടൗണ്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അവലോകന യോഗം ചേര്‍ന്നു.
ജോര്‍ജ് എം.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അഞ്ച് പുതിയ കലുങ്കുകളും ആറ് ഓവുചാലുകളും നിര്‍മിക്കും. ടൗണ്‍ നവീകരണവും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ടൗണിലെ റോഡിന്റെ വീതികൂട്ടി നിലവിലുള്ള ഓവുചാലുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കും. ടൗണ്‍ വികസനത്തിന് ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുമെന്ന് എം.എല്‍.എ സൂചിപ്പിച്ചു. ഇപ്പോള്‍ ബജറ്റില്‍ വകയിരുത്തിയ 3.5 കോടിക്കു പുറമേ പദ്ധതികളുടെ ഡി.പി.ആര്‍ തയാറാക്കുന്നത് അനുസരിച്ച് കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ അധ്യക്ഷനായി. പൊതുമരാമത്ത് എ.ഇ സുരേഷ് ബാബു, സര്‍വേയര്‍ ജോമോന്‍ ലൂക്കോസ് എന്നിവര്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ബോസ് ജേക്കബ്, ജിജി കെ. തോമസ്, കെ.സി ജോണ്‍ കൂവപ്പാറ,ജോളി ജോസഫ്, കെ.കെ ദിവാകരന്‍ സംസാരിച്ചു. തിരുവമ്പാടിയുമായി ബന്ധിപ്പിക്കുന്ന മിക്ക റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നവീകരണം നടക്കുമ്പോള്‍ വെള്ളക്കെട്ടുളള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ റോഡ് വീതി കൂട്ടി നവീകരണം നടക്കുന്ന അഗസ്ത്യന്‍ മുഴി-കോടഞ്ചേരി-കൈതപ്പൊയില്‍ പാതയിലാണ് തിരുവമ്പാടി ടൗണ്‍ എന്നത് പദ്ധതി നടപ്പിലാക്കുന്നതിന് സഹായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."