കൊറ്റില്ലം സംരക്ഷണത്തിന് പനമരം പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നു
പനമരം: കൊറ്റില്ലത്തിന്റെ സംരക്ഷണത്തിനു പനമരം ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നു. ബജറ്റില്‍ പ്രത്യേകം വകയിരുത്തിയ ഫണ്ടാണ് ഇതിനായി വിനിയോഗിക്കുക. പരിസ്ഥിതി രംഗത്തുള്ളവരുടെയടക്കം അഭിപ്രായം തേടി കൊറ്റില്ലം സംരക്ഷണ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് പഞ്ചായത്തിന്റെ ആലോചന.
കൊറ്റില്ലവും പരിസരവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും പഞ്ചായത്തിനു പദ്ധതിയുണ്ട്. മലബാറിലെ പ്രധാനപ്പെട്ട കൊറ്റില്ലങ്ങളില്‍ ഒന്നാണ് പനമരത്തേത്.
പുഴയ്ക്ക് നടുവില്‍ പ്രകൃതി രൂപപ്പെടുത്തിയ ഒന്നര ഏക്കറോളം വരുന്ന രണ്ട് തുരുത്തുകളാണ് പക്ഷികളുടെ താവളം. അരിവാള്‍ക്കൊക്കന്‍, പാതിരാക്കൊക്ക്, കാലിക്കൊക്ക്, കുളക്കൊക്ക്, ഇടക്കൊക്ക്, ചാരക്കൊക്ക്, വലിയ വെള്ളരിക്കൊക്ക്, ചെറുമുണ്ടി, നീര്‍ക്കാക്ക തുടങ്ങിയവയാണ് തുരുത്തിലെ പതിവ് അതിഥികള്‍. എല്ലാ വര്‍ഷവും മേയ് അവസാനത്തോടെ എത്തുന്ന ഇവ കൂടൊരുക്കി വംശവര്‍ധന നടത്തി ഒക്‌ടോബര്‍ അവസാനത്തോടെയാണ് മടങ്ങുന്നത്. ഏതാനും വര്‍ഷങ്ങളായി കൊറ്റില്ലത്തില്‍ എത്തുന്ന ദേശാടനക്കിളികളുടെ എണ്ണം കുറയുകയാണ്. അഞ്ച് വര്‍ഷം മുമ്പത്തേതിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ എത്തിയ പക്ഷികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ്.
പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും കണക്കാക്കിയത്. ചാരക്കൊക്ക്, ഇടക്കൊക്ക്, അരിവാള്‍ക്കൊക്കന്‍, വലിയ വെള്ളരിക്കൊക്ക് എന്നിവയുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്. പനമരം പുഴയോരത്തും കൊറ്റില്ലം സ്ഥിതിചെയ്യുന്ന തുരുത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍ ഉണങ്ങി നശിച്ചതോടെയാണ് ദേശാടനകിളികളുടെ എണ്ണം കുറഞ്ഞതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണത്തില്‍ അധികാരകേന്ദ്രങ്ങള്‍ പൊതുവെ ശുഷ്‌കാന്തി കാട്ടിയിരുന്നില്ല.
കാരാപ്പുഴ, വളളിയൂര്‍കാവ്, ആറാട്ടുതറ, കോട്ടത്തറ, പനമരം തുടങ്ങിയ ഇടങ്ങളിലായി ചെറുതും വലുതുമായ 15 കൊറ്റില്ലങ്ങളാണ് 1980കളില്‍ വയനാട്ടില്‍ ഉണ്ടായിരുന്നത്. നിലവില്‍ പനമരത്തും കോട്ടത്തറയിലും മാത്രമാണ് കൊറ്റില്ലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."