ബജറ്റ് ചട്ടവിരുദ്ധം: യു.ഡി.എഫ്
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2019-20 വര്‍ഷത്തെ ബജറ്റ് മുനിസിപ്പല്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് അവതരിപ്പിച്ചതെന്ന് യു ഡി എഫ് പാര്‍ലമെന്റ് പാര്‍ട്ടിയോഗം ആരോപിച്ചു.
യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് ശേഷം വിയോജിപ്പ് രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു. മുന്‍സിപ്പല്‍ നിയമം 286ാം വകുപ്പനുസരിച്ച് ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പായി എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളും യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ തയ്യാറാക്കണം. നഗരസഭാ സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കണം. എന്നാല്‍ ബജറ്റിന് മുമ്പായി നിര്‍ദേശങ്ങള്‍ സ്വരൂപീക്കുന്നതിന് ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയോഗവും ചേര്‍ന്നിട്ടില്ല. ഇത് 286ാം വകുപ്പിന്റെ തികഞ്ഞ ലംഘനമാണ്. യു ഡി എഫ് ഭരണകാലത്ത് ടൗണ്‍ നവീകരണത്തിലും മാലിന്യ നിര്‍മ്മാര്‍ജത്തിനുമായി 75 കോടി രൂപയുടെ ഡി പി ആര്‍ കിറ്റ്‌കോയെ കൊണ്ട് തയ്യാറാക്കിക്കുകയുണ്ടായി. കിറ്റ്‌കോ പൊതുമേഖലാ സ്ഥാപമാണ്. അന്ന് തയ്യാറാക്കിയ ഡി പി ആര്‍ കെ എസ് യു ഡി പിക്ക് സമര്‍പ്പിച്ചു. അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുകയുമുണ്ടായി. കക്കൂസ് മാലിന്യമടക്കം നിര്‍മ്മാര്‍ജനം ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതി അട്ടിമറിച്ച് 47 കോടി രൂപയുടെ പദ്ധതി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പമെന്റ് കേരളാ മുഖാന്തിരം നടപ്പിലാക്കുമെന്ന് പറയുന്നു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്നില്ല. ഇത് വെറുംവാക്കാലുള്ള പ്രഖ്യാപനം മാത്രമാണെന്നും യോഗം കുറ്റപ്പെടുത്തി. 1994-ല്‍ തുടക്കം കുറിച്ച് 1997ല്‍ കരട് അംഗീകരിച്ച ഡി ടി പി സ്‌കീമിന്റെ റൂള്‍സ് അംഗീകരിച്ചത്. 2019 ജനുവരി 30ന് ചേര്‍ന്ന കൗണ്‍സിലാണ് പൊതുജനങ്ങളോടും കൗണ്‍സിലര്‍മാരോടും ചര്‍ച്ച ചെയ്യാതെ ധൃതി പിടിച്ച് സ്‌കീം റൂള്‍സ് പാസാക്കിയത്. റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ്. റൂള്‍സ് അംഗീകരിച്ചതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. വന്‍പ്രളത്തെ തുടര്‍ന്ന് കല്‍പ്പറ്റ നഗരസഭയില്‍ വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയുടെ മറ്റ് സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രളയക്കെടുത്തിക്ക് പണം അനുവദിച്ചപ്പോള്‍ കല്‍പ്പറ്റ നഗരസഭക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. കുടിവെള്ള പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിരുന്നു. അതുകൊണ്ടാണ്കല്‍പ്പറ്റയിലെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായത്. വിതരണപൈപ്പുകള്‍ സ്ഥാപിക്കുന്നതിന് 5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ യു ഡി എഫ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ പി പി ആലി യോഗത്തില്‍ അധ്യക്ഷനായിരുന്നു. എ പി ഹമീദ്, അഡ്വ. ടി ജെ ഐസക്, ഉമൈബ മൊയ്തീന്‍കുട്ടി, കെ അജിത, ജെല്‍ത്രൂദ് ചാക്കോ, വി പി ശോശാമ്മ, ആയിഷ പള്ളിയാല്‍, വി ശ്രീജ, പി ആര്‍ ബിന്ദു, ഒ സരോജിനി, കെ കുഞ്ഞമ്മദ്, പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."