വികേന്ദ്രീകൃതാസൂത്രണത്തിന്റെ 25ാം വാര്‍ഷികം: മുന്‍ ജനപ്രതിനിധികളുടെ സംഗമം 23ന്
കാസര്‍കോട്: അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 23ന് കാസര്‍കോട് രജതം എന്ന പേരില്‍ സെമിനാറും സംഗമവും നടത്തും. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവ സംയുക്തമായാണ് രജത ജൂബിലി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതലുളള ജില്ലയിലെ തദ്ദേശഭരണ അധ്യക്ഷന്‍മാരും സംഗമിക്കുന്നു എന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മന്ത്രിമാര്‍, എം.പി, എം.എല്‍.എമാര്‍, വിവിധ വിഷയ വിദഗ്ധര്‍ ഏകദിന സെമിനാറിലും ചര്‍ച്ചയിലും പങ്കെടുക്കും.
കഴിഞ്ഞകാല അനുഭവങ്ങള്‍ പങ്കുവെക്കുന്ന സെഷനുകളില്‍ മുന്‍ ഡി.പി.സി അധ്യക്ഷന്‍മാരും ഉണ്ടാകും. ജില്ലയിലെ നിലവിലുള്ള മുഴുവന്‍ തദ്ദേശഭരണ സ്ഥാപന അംഗങ്ങളും, സെക്രട്ടറിമാരും, വിവിധ വകുപ്പു മേധാവികളും, രജതത്തിന്റെ കൂട്ടായ്മയില്‍ പങ്കാളികളാകും.
ജില്ലാ പദ്ധതി രേഖയും രജതജൂബിലി സ്മരണികയും ചടങ്ങില്‍ പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് വികേന്ദ്രീകൃതാസൂത്രണ രജതജൂബിലി ഇത്തരത്തില്‍ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച വ്യക്തിഗത അറിയിപ്പുകള്‍ മുന്‍ അധ്യക്ഷര്‍ക്കും മറ്റു പങ്കെടുക്കുന്നവര്‍ക്കും എത്തിച്ചു തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."