പോരാട്ടം കടുപ്പിച്ച് ബാഴ്സയും റയലും
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം കടുക്കുന്നു.വമ്പന്മാരായ ബാഴ്സലോണയും റയലും തകര്‍പ്പന്‍ വിജയങ്ങളാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളിന് സെവിയ്യയെ തകര്‍ത്തപ്പോള്‍ ലെഗാനസിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്.
സസ്പെന്ഷന് കഴിഞ്ഞ തിരിച്ചെത്തിയ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 30 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റുമായി ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒരു കളി കുറച്ചു കളിച്ച റയലിന് 71 പോയിന്റുണ്ട്. മത്സരത്തിന്റെ തുടക്കം മുതല്‍ ടീമിന്റെ എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് മെസ്സിയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് മികവ് പുലര്‍ത്താനായില്ല.
നാലാം മിനുട്ടില്‍ തന്നെ സെവിയ്യയുടെ പ്രതിരോധം ഭേദിച്ച മെസ്സി ഗംഭീരമായൊരു ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. തൊട്ടുപിന്നാലെ തിരിച്ചടിക്കാന്‍ സ്റ്റീവന്‍ എന്സോസിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. 25ാം മിനുട്ടില്‍ ബാഴ്സ കാത്തിരുന്ന ഗോളെത്തി.
മെസ്സി ഒരുക്കി കൊടുത്ത അവസരം മുതലെടുത്ത് സുവാരസാണ് ഫിനിഷ് ചെയ്തത്. മൂന്നു മിനുട്ടുകള്‍ക്ക് ശേഷം ടീം ലീഡുയര്‍ത്തി. ഇത്തവണ മെസ്സിയായിരുന്നു സ്കോറര്‍. ഇവാന് റാക്കിട്ടിച്ച്, നെയ്മര്‍, സുവാരസ് സഖ്യം ഒരുക്കികൊടുത്ത അവസരം മുതലെടുത്താണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
തുടര്‍ച്ചയായ പ്രതിരോധ പിഴവുകളില്‍ നിന്നാണ് സെവിയ്യ മൂന്നാം ഗോള്‍ വഴങ്ങിയത്. 33ാം മിനുട്ടില്‍ ടീമിന് ലഭിച്ച കോര്‍ണറില്‍ മികച്ചൊരു വോളിയിലൂടെയാണ് താരം ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ആക്രമണം കുറച്ചതിനാല്‍ ബാഴ്സയ്ക്ക് ഗോളൊന്നും നേടാനായില്ല. അവസാന നിമിഷത്തില്‍ വിറ്റോളോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി.
ലെനാനസിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് റയല്‍ ജയം സ്വന്തമാക്കിയത്. ആല്‍വാരോ മൊറാറ്റയുടെ ഹാടിക്കാണ് ടീമിന് ജയമൊരുക്കിയത്. ശേഷിച്ച ഗോള്‍ ജെയിംസ് റോഡ്രിഗസ് സ്വന്തമാക്കി.അപ്പെല്െറ്റ് പിറസ്, ലൂസിയാനോ എന്നിവര്‍ ലെഗാനസിന്റെ ഗോള്‍ നേടിയത്. 18, 23, 48 മിനുട്ടുകളിലായിട്ടാണ് മൊറാറ്റ ഹാട്രിക്ക് തികച്ചത്. മറ്റു മത്സരങ്ങളില്‍ ഒസാസുന എതിരില്ലാത്ത ഒരു ഗോളിന് ഡിപോര്‍ട്ടീവോയെയും മലാഗ ഇതേ സ്കോറിന് സ്പോര്‍ട്ടിങ് ഗിജോണിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഡിപോര്‍ട്ടീവോ ലാ കൊരുണ-ഗ്രനാഡ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."