ആര്‍ക്കുവേണ്ടി ഡിജിറ്റല്‍
പൂനെ: ഡിജിറ്റല്‍ പണമിടപാടിനുള്ള യൂനിഫെഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് ആപ്ലിക്കേഷനിലെ (യു.പി.ഐ) സാങ്കേതികപ്പിഴവു മുതലെടുത്ത് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍നിന്ന് 6.14 കോടി രൂപ തട്ടിയെടുത്തവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഇടപാടു പൂര്‍ത്തിയാക്കാനാവില്ല. എന്നാല്‍, ബാങ്ക് ഓഫ് മഹാരാഷ്ട്രക്കുവേണ്ടി ഇന്‍ഫ്രസോഫ്ട് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന് ഇവിടെ പിഴവു പറ്റി. അക്കൗണ്ടില്‍ പണമില്ലെങ്കിലും സക്‌സസ് എന്ന സന്ദേശം തെറ്റായി വരികയും അതു തട്ടിപ്പുകാര്‍ മുതലെടുക്കുകയും ചെയ്തു.
*** *** ***
കൊല്ലം: കറന്‍സി രഹിത സമൂഹമാക്കാനുള്ള നീക്കത്തിന് ഇടപാടു ചാര്‍ജുകള്‍ (ട്രാന്‍സാക്ഷന്‍ ചാര്‍ജ്) തടസമാകുന്നു. ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ നികുതികള്‍, അവശ്യസേവന ബില്ലുകള്‍ എന്നിവ അടച്ചാല്‍ ഇടപാട് ഫീസായി അധികത്തുക കൂടി ഉപഭോക്താക്കള്‍ നല്‍കണം. ഇതേത്തുടര്‍ന്ന് ഈ സംവിധാനത്തോട് ഉപഭോക്താക്കള്‍ വൈമുഖ്യം കാട്ടിത്തുടങ്ങി.
അടയ്ക്കുന്ന തുകയുടെ 0.5 ശതമാനം മുതല്‍ 2.5 ശതമാനംവരെയാണു സേവന ദാതാക്കള്‍ ഇടപാടു ചാര്‍ജായി ഈടാക്കുന്നത്. കൂടാതെ, ഈ തുകയ്ക്കു സേവന നികുതിയും നല്‍കണം. ബില്ലിനോടൊപ്പം മറ്റൊരു തുകകൂടി നല്‍കേണ്ടിവരുന്നത് ഉപഭോക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.
*** *** ***
വടകര: എ.ടി.എമ്മുകളിലും ബാങ്കുകളിലും പണമില്ലാതെ ഇടപാടുകാര്‍ നെട്ടോട്ടമോടുമ്പോഴും കള്ളപ്പണക്കാരുടെ കൈവശം പണം ഇഷ്ടംപോലെ. നോട്ടുനിരോധനത്തിനു ശേഷം വടകരയില്‍ മാത്രം പിടിച്ചത് 54.5 ലക്ഷം രൂപയാണ്. നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കു തിരിച്ചടിയാകുമെന്ന വാദത്തെ തീര്‍ത്തും ഖണ്ഡിക്കുന്നതാണ് ഈ സംഭവങ്ങള്‍. പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ എത്രയോ ഇരട്ടിയാണു പിടിക്കാതെ പോകുന്നതെന്നു പൊലിസിനും എന്‍ഫോഴ്‌സുമെന്റിനുമെല്ലാം അറിയാം.
എന്നാല്‍, ഇതു തടയുന്നതിനോ ഇതിനു പിന്നിലെ കളികള്‍ പുറത്തുകൊണ്ടുവരുന്നതി നോ നടപടികള്‍ ഉണ്ടാകുന്നില്ല. കോടിക്കണക്കിനു കള്ളപ്പണ ഇടപാടിന്റെ രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനെ ഇതുവരെ പിടികൂടിയിട്ടില്ല. എവിടെനിന്നു പണം വരുന്നു, നിരോധനമുള്ള സമയത്തുപോലും കോടികള്‍ ഇവര്‍ക്ക് ഏതുബാങ്കില്‍ നിന്നു കിട്ടി എന്നതിനെക്കുറിച്ചൊന്നും അന്വേഷണമില്ല. ഉറവിടം കണ്ടെത്തി പൂട്ടിടാതെ കള്ളപ്പണമാഫിയയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന പാഠമാണ് ഓരോ സംഭവങ്ങളും പകരുന്നത്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തില്‍ മാത്രം അച്ചടിമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണിവ.
ഇന്ത്യയിലെ കള്ളപ്പണം പിടികൂടാനെന്ന പ്രഖ്യാപിതലക്ഷ്യത്തോടെയാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള നടപടി കൈക്കൊണ്ടത്. നൂറുകണക്കിന് ആയിരം ലക്ഷം രൂപയുടെ കള്ളപ്പണം നിര്‍ബാധം ഒഴുകിനടക്കുന്ന രാജ്യത്ത് ഈ നടപടിയുടെ ഉദ്ദേശ്യശുദ്ധി ആരും ചോദ്യം ചെയ്യുകയുണ്ടായില്ല. എന്നാല്‍, സാധാരണക്കാരെ നിത്യദുരിതത്തിലാക്കിയ ഇതു പ്രയോഗത്തില്‍ വരുത്തുന്നതിലെ അനൗചിത്യം സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു.
കോടാനുകോടി കള്ളപ്പണം വാരിക്കൂട്ടിയവര്‍ അത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഭീമന്‍ നോട്ടുകളായി പൂഴ്ത്തിവച്ചിരിക്കുകയാണെന്ന വിശ്വാസം അടിസ്ഥാനപരമായി അബദ്ധമായിരുന്നു. കള്ളപ്പണമായി വാരിക്കൂട്ടിയ പണം കൈവിടാതെ നോക്കുന്നതിനു കാലാകാലങ്ങളായി സാധുത തെളിയിക്കപ്പെട്ട പല മാര്‍ഗങ്ങളുമുണ്ട്.
സ്വിസ് ബാങ്ക് അക്കൗണ്ട്, ബിനാമി ഇടപാട്, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്നു ഇത്. മാസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇതുവരെ കൃത്യമായി പിടികൂടിയ കള്ളപ്പണത്തിന്റെ കണക്ക് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഗവണ്‍മെന്റു കാണിക്കുന്ന വൈമനസ്യം ഈ പദ്ധതിയുടെ വമ്പന്‍ പരാജയത്തെയാണു സൂചിപ്പിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അങ്ങനെ ചെയ്യുമ്പോള്‍ ഓരോ ഇന്ത്യക്കാരനും 117 രൂപയ്ക്കു സമ്പന്നനാകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണു ബി.ജെ.പി അധികാരത്തില്‍ വന്നത്. എന്നാല്‍, വര്‍ഷം മൂന്നായിട്ടും ഒരു പൈസപോലും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അനുഭവം. ബാങ്കുകളുടെയും മറ്റു ധനകാര്യസ്ഥാപനങ്ങളുടെയും കോടാനുകോടിരൂപ വെട്ടിച്ചെടുത്ത വിജയ് മല്യയെപ്പോലുള്ളവര്‍ വിദേശത്തു സുഖവാസത്തിലാണ്.
ഇവിടെത്തന്നെ കഴിയുന്ന മറ്റു നൂറുകണക്കിനു പേരെ ഇതുവരെ സര്‍ക്കാരിനു തൊടാന്‍പോലും കഴിഞ്ഞിട്ടില്ല. അതേസമയം ബാങ്കുകളുടെയും മറ്റും കിട്ടാകടം പെരുകുമ്പോള്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കിയിരിക്കുന്നു. ചുരുക്കത്തില്‍, കള്ളപ്പണവ്യവസായം നമ്മുടെ രാജ്യത്തു തഴച്ചുവളരുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതു ഡിജിറ്റലൈസ് (കറന്‍സി രഹിത) ബാങ്കിങ് സമ്പ്രദായം വ്യാപകമായി നടപ്പാക്കലാണു നോട്ടുനിരോധിക്കലിന്റെ പ്രധാന ലക്ഷ്യം എന്നാണ്. മാര്‍ച്ച് 26നു പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിന്റെ മുപ്പതാംപതിപ്പില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:
''പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഓരോ ഇടപാടിനും ഇന്ത്യക്കാര്‍ ഡിജിറ്റല്‍ രീതി അവലംബിക്കണം. സ്‌കൂള്‍ ഫീസ് അടയ്ക്കാനും റേഷന്‍, മരുന്ന് മുതലായവ വാങ്ങാനും, വിമാന ടിക്കറ്റുകള്‍ എടുക്കാനുമെല്ലാം ഇത് ഉപയോഗപ്പെടുത്തണം. ഈ വിധത്തില്‍ ഇന്ത്യയെ എത്രമാത്രം സേവിക്കാനാകുമെന്നു നിങ്ങള്‍ തിരിച്ചറിയണം. കള്ളപ്പണം, അഴിമതി തുടങ്ങിയവക്കെതിരായ സമരത്തില്‍ നിങ്ങളും അങ്ങനെ ധീരനായ പങ്കാളിയാവണം.
പുതിയ ഇന്ത്യ എന്നത് ഒരു സര്‍ക്കാര്‍പദ്ധതിയോ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രകടനപത്രികയില്‍ ഉള്ളതോ അല്ല, 125 കോടി ഇന്ത്യക്കാരുടെ വികാരത്തിന്റെ സത്തയാണത്. ഐക്യമത്യത്തോടെ നില്‍ക്കാനും അതിഗംഭീരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനും ഉള്ള വികാരത്തിന്റെ സത്ത. ഈ വര്‍ഷംതന്നെ ഇന്ത്യ 2500 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തുമെന്ന ബജറ്റ് നിര്‍ദേശം യാഥാര്‍ഥ്യമാവുകയാണ്. ജനങ്ങള്‍ ദൃഢനിശ്ചയമെടുത്താല്‍ പുതിയ ഇന്ത്യക്കു വെറും ആറുമാസം മതി, ഒരു വര്‍ഷംപോലും വേണ്ടിവരില്ല''!
ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ഇന്റര്‍നെറ്റ് ബാങ്കിങ്, സൈ്വപ്പ് തുടങ്ങിയവയിലൂടെയാണു ഡിജിറ്റല്‍ ഇടപാടുകള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് പരിപാടിയിട്ടിട്ടുള്ളത്. ഇവയുടെയെല്ലാം മൂലഘടകം കംപ്യൂട്ടര്‍ അധിഷ്ടിതമാണ്. ഇവിടെ പ്രസക്തമായൊരു ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയിലെ സാക്ഷരതയുമായി ബന്ധപ്പെട്ടുള്ളതാണത്. സാക്ഷരര്‍ എന്നുദ്ദേശിക്കുന്നതു മാതൃഭാഷയില്‍ എഴുത്തും വായനയും അറിയുന്നവരെയാണ്. നമ്മുടെ നാട്ടില്‍ ജനസംഖ്യയുടെ ഏതാണ്ട് അറുപത് ശതമാനം മാത്രമാണ് സാക്ഷരര്‍.
അവര്‍ പോലും മാതൃഭാഷയൊഴികെ മറ്റൊന്നിലും ആശയവിനിമയം നടത്താന്‍ കഴിവില്ലാത്തവരാണ്. ഈ അറുപതു ശതമാനത്തിനെ ഡിജിറ്റല്‍ ഇടപാടുകള്‍ ആവശ്യമായി വരൂ എന്ന സങ്കല്‍പത്തിലെ മൗഢ്യം ആലോചിച്ചു നോക്കൂ. മാത്രമല്ല, ഇത്രയും പേര്‍ക്ക് അവശ്യം ആവശ്യമായ കംപ്യൂട്ടര്‍ പരിജ്ഞാനം ഒരിക്കലും ഉണ്ടാവുകയില്ലെന്ന് ഉറപ്പാണുതാനും. ഇന്ത്യയിലെ വാര്‍ഷിക റീടെയില്‍ വ്യാപാരം 52 ലക്ഷം കോടിയുടേതാണെന്നും അതില്‍ 92 ശതമാനവും പണം കൈമാറ്റത്തിലൂടെയാണെന്നും കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് ഓര്‍ക്കുക. ഒരു സുപ്രഭാതത്തില്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ആര്‍ക്കാണു കഴിയുക.
സാക്ഷരത മാത്രമല്ല, സാമ്പത്തികപ്രശ്‌നം കൂടി ഇവിടെ ഉയരുന്നുണ്ട്. സൈ്വപ്പിങ് യന്ത്രത്തിന്റെ കാര്യമെടുക്കാം. രാജ്യത്ത് ഇതുവരെയായി 9-10 ലക്ഷം സൈ്വപ്പിങ് മെഷീന്‍ മാത്രമാണുള്ളത്. അവ തന്നെ വന്‍കിട സ്വര്‍ണ-വസ്ത്ര വ്യാപാരികള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലാണ്. രാജ്യത്തെ വ്യാപാരികളില്‍ മഹാഭൂരിപക്ഷവും ഇടത്തരം ചെറുകിടവ്യാപാരികളാണെന്നിരിക്കെ അവര്‍ക്ക് ഈ സംവിധാനം ഒരുക്കാന്‍ പെട്ടെന്നു കഴിയുമോ. ഒരു സൈ്വപ്പ് യന്ത്രത്തിന് 5000-7000 രൂപ മുടക്കണമെന്നിരിക്കെ എത്ര പെട്ടിക്കച്ചവടക്കാര്‍ക്കും മുറുക്കാന്‍ കച്ചവടക്കാര്‍ക്കും അതിനുള്ള ശേഷിയുണ്ടാകും.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ കാര്യം നോക്കുക. തീര്‍ച്ചയായും നഗരങ്ങളിലും പട്ടണങ്ങളിലും അവയുടെ ഉപയോഗം വര്‍ധിക്കുക തന്നെയാണ്. 70 ലക്ഷം ഡെബിറ്റ് കാര്‍ഡുകളും 25 ലക്ഷം ക്രഡിറ്റ് കാര്‍ഡുകളും രാജ്യത്തിനു നിലവിലുണ്ടെങ്കിലും ഭൂരിപക്ഷം ജനത നിവസിക്കുന്ന അര്‍ധനഗര, ഗ്രാമങ്ങളില്‍ അതു കടന്നുചെന്നിട്ടേയില്ല. ഡെബിറ്റ് കാര്‍ഡുകളില്‍ 94 ശതമാനവും ഉപയോഗിക്കുന്നത് എ.ടി.എമ്മുകളില്‍നിന്നു കറന്‍സി പിന്‍വലിക്കാന്‍ മാത്രമാണ്.
നമ്മുടെ നാട്ടിലെ എ.ടി.എമ്മുകളില്‍ 80 ശതമാനവും സ്ഥിതി ചെയ്യുന്നതോ മെട്രോകളിലും. പ്ലാസ്റ്റിക് പണം ലോകത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള അമേരിക്കയില്‍പോലും 24 ശതമാനം ജനങ്ങളും അവലംബിക്കുന്നത് കറന്‍സിയാണെന്ന് ഗാലപ് പോള്‍ തെളിയിക്കുന്നു. പാടിപ്പതിഞ്ഞ ശീലുകളില്‍നിന്ന്, പരിചിതമായ സാങ്കേതങ്ങളില്‍നിന്ന് തെന്നിമാറാന്‍ ജനങ്ങള്‍ക്കു സങ്കോചമുണ്ടാവുക സ്വാഭാവികം.
ഇന്ത്യയില്‍ 850 ലക്ഷം പേര്‍ ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവരാണെന്ന് ഇന്റര്‍നാഷനല്‍ ടെലികോം കമ്മ്യൂണിക്കേഷന്‍സ് യൂനിയന്‍ ചൂണ്ടിക്കാട്ടുന്നു. സിംഗപ്പൂരിലെ ജനസംഖ്യയില്‍ 98 ശതമാനം പേര്‍ക്ക് അവികസിതരാജ്യമായ തായ്‌ലന്‍ഡില്‍ 36 ശതമാനത്തിനും ഇതുമായി ബന്ധമുണ്ട്. ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ പേരിലെത്തിക്കുകയെന്നതാണ് ഇതിനു പോംവഴിയെങ്കിലും അതിന് എത്രകാലമെടുക്കുമെന്നു പറയുക വയ്യ.
ഡിജിറ്റല്‍ പണമിടപാടുകളുടെ സങ്കീര്‍ണത കൂടാതെ മറ്റൊരു പ്രധാനപ്രശ്‌നം മനഃശാസ്ത്രപരമാണ്. ആള്‍ക്കാര്‍ക്കു സുപരിചിതമാണു കറന്‍സി ഇടപാടുകള്‍.
ചെലവഴിക്കുന്ന പണത്തിന് ഓരോരുത്തരുടെ കൈയിലും കൃത്യമായ കണക്കുണ്ടാകും. ദുര്‍വ്യയം, അമിതച്ചെലവ് തുടങ്ങിയവ ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും. അതേസമയം, ഡിജിറ്റല്‍ പണമിടപാടുകളില്‍ കാര്യക്ഷമത അപ്രത്യക്ഷമാകുമെന്നാണു വികസിതരാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൊബൈല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍ നാം കേട്ടുകഴിഞ്ഞതാണ്. വ്യാജ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മാത്രം 36 ലക്ഷം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ പിന്‍വലിക്കേണ്ടിവന്നുവെന്നു റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരുലക്ഷം കോടി മൊബൈല്‍ വരിക്കാരുണ്ടെന്നാണു ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.
ഇതില്‍ ഒന്നിലധികം സിം കാര്‍ഡുള്ളവരും നിഷ്‌ക്രിയ സിംവരിക്കാരും ഉണ്ടായിരിക്കുമെന്നതിനാല്‍ ശരിയായ ഉപയോക്താക്കള്‍ 60 കോടിയില്‍ അധികം വരാനിടയില്ല. ഈ 60 ലക്ഷത്തില്‍ സന്ദേശങ്ങള്‍ നല്‍കാനും സ്വീകരിക്കാനും മാത്രമുള്ള സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ഫോണുകളായിരിക്കും ബഹുഭൂരിഭാഗവും.
ഇവിടെ 85 കോടി ജനങ്ങള്‍ക്ക് കംപ്യൂട്ടര്‍ അന്യമാണ്. ഈ ഭൂരിഭാഗത്തിനും അപ്രാപ്യമായ ഡിജിറ്റല്‍ പണമിടപാടുകള്‍ നടപ്പാക്കുന്നതുകൊണ്ട് ആര്‍ക്കെന്തു നേട്ടം. അതായത് ജനങ്ങള്‍ കൂടുതലും പഴകി ശീലിച്ച സാമ്പ്രദായിക പണമിടപാടുകളെ സ്വീകരിക്കൂവെന്നു ചുരുക്കം.
ഡിജിറ്റല്‍ ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങള്‍ വേണം. ഇന്ന് ഇന്ത്യയില്‍ ഈ സംവിധാനമില്ലാത്തതിനാല്‍ ഉപയോക്താക്കള്‍ സംരക്ഷിക്കപ്പെടാതെ പോവുകയാണ്. മലയാളിവ്യവസായിയും രാജ്യസഭാ എം.പിയുമായ രാജീവ്ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നു: 'ഇന്റര്‍ നാഷനല്‍ ടെലികോം യൂനിയന്‍ രേഖപ്പെടുത്തിയിട്ടുള്ളത് ലോകത്തില്‍ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ് എന്നത്രെ.'
മാര്‍ച്ച് 26ന് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 'മന്‍കി ബാത്ത്' പ്രഭാഷണ പരമ്പരയിലും ജനങ്ങളോടാവശ്യപ്പെട്ടത് നേരിട്ടുള്ള പണമിടപാട് വര്‍ജിക്കാനും കറന്‍സിരഹിത ഇടപാടുകള്‍ സ്വീകരിച്ച് ഡിജിറ്റലാക്കാനുമാണ്. അങ്ങനെ രാജ്യത്തെ സേവിക്കാനാണ് 125 കോടി ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചത്. ഇതിനു വേണ്ടി ഗവണ്‍മെന്റുതലത്തില്‍ എന്തു നടപടി കൈകൊണ്ടു, അവ എത്രത്തോളം ഫലപ്രദമായി എന്ന് ജനങ്ങള്‍ക്ക് ആരും ഇന്നേവരേ വിശദീകരിച്ചു തന്നിട്ടില്ല.
സ്വതന്ത്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ഡിജിറ്റല്‍ യുഗത്തിലേയ്ക്കു മാറാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ഒരു നടപടിയും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ലെന്നും അതിനാല്‍ അവ ഓരോന്നിന്റെയും നിശ്ചിതദിവസങ്ങള്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി നീട്ടിക്കൊണ്ടിരിക്കുകയാണെന്നുമാകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍, യാതനകള്‍ അന്ത്യമില്ലാതെ നീണ്ടുപോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."