ദുബൈയില്‍നിന്ന് കരിപ്പൂരിലെത്തിയത് ഏഴ് പ്രവാസികളുടെ മൃതദേഹങ്ങള്‍
കൊണ്ടോട്ടി: കാര്‍ഗോ വിമാനങ്ങളില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുളള വിലക്ക് നീക്കിയതോടെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിച്ചത് അഞ്ച് മലയാളികളുടേതടക്കം ഏഴ് മൃതദേഹങ്ങള്‍. ഇന്നലെ ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈയുടെ കാര്‍ഗോ വിമാനത്തിലാണ് ഏഴ് മൃതദേഹങ്ങള്‍ ഒന്നിച്ചെത്തിച്ചത്.
കണ്ണൂര്‍ പുന്നക്കല്‍ കിളിയന്തറ പുന്നക്കാട് ഡേവിഡ് ഷാനി, തൃശൂര്‍ അയമുക്ക് ചിറവനല്ലൂര്‍ സത്യന്‍,കൊല്ലം പളളിച്ചിറ നടവില്ലാക്കര ജോഹന്നാന്‍,പത്തനംതിട്ട കോട്ടൂര്‍ സിജോ ജോയ്,പത്തനംതിട്ട നാരിയരപുരം കോഷി മാത്യൂ,ഗോവ സ്വദേശി ഹെന്റിക്ക് ഡിസൂസ(51),തൃശ്ശിനാപ്പളളി ശിവഗംഗ പളളാര്‍ ശ്രീനിവാസന്‍ മുത്തുക്കറുപ്പന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഒരേ വിമാനത്തിലെത്തിച്ചത്.അസുഖം,അപകടം തുടങ്ങിയവയാലാണ് ഇവര്‍ മരിച്ചത്.കണ്ണൂര്‍ സ്വദേശിയായ ഡേവിഡ് ഷാനി പതിനൊന്ന് വയസ്സുളള കുഞ്ഞാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ദുബൈയില്‍ നിന്ന് വിമാനമില്ലാത്തതിനാല്‍ നാട്ടിലെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ ഏറ്റവാങ്ങാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആമ്പുലന്‍സുകളുമായി ഉച്ചക്ക് 12 മണിയോടെ തന്നെ എത്തിയിരുന്നു.വിമാനം 12.30ന് എത്തിയെങ്കിലും കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങള്‍ കൈമാറിയത്.
അഫ്ഗാനിസ്ഥാനില്‍ ടെക്‌നീഷ്യനായിരുന്ന ദക്ഷിണ ഗോവ ജില്ലാ സ്വദേശിയായ ഡിസൂസ ഹെന്റിക്കിന്റെ (51)മൃതദേഹമാണ് ഇന്നലെ എത്തിച്ചതില്‍ ഏറ്റവും പഴക്കമേറിയത്. മാര്‍ച്ച് 25ന് ഹൃദായാഘാതം മൂലം മരണമടഞ്ഞ ഡിസൂസയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിലാണ് മൃതദേഹം നാട്ടിലെത്തിയത്. അഫ്ഗാനിസ്ഥാനില്‍ ജോലിചെയ്യവെ രോഗം ബാധിച്ച ഡിസൂസ ദുബൈയില്‍ വിദഗ്ധ ചികില്‍സക്കായി എത്തിയപ്പോഴാണ് മരിച്ചത്.
യു.എ.ഇ ഉള്‍പ്പടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 50 ലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇനിയും എത്തിക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."