വാതുവയ്പ് കേസ്: ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചെന്ന് ബി.സി.സി.ഐ
ന്യൂഡല്‍ഹി: വാതുവയ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.സി.സി.ഐ സുപ്രിംകോടതിയില്‍.
ഒരു മത്സരത്തെ ശ്രീശാന്ത് സ്വാധീനിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷന്, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ നടന്ന എതിര്വാദത്തിനിടയില് ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. ശ്രീശാന്ത് പണം ആവശ്യപ്പെട്ടതിന് കോള്‍ റെകോഡ് തെളിവായുണ്ട്. പണം സ്വീകരിച്ചിരിക്കാമെന്നും ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ പ്രയാഗ് ത്രിപാദി പറഞ്ഞു. ഐ.പി.എല്ലില്‍ 2013 മെയില്‍ രാജസ്ഥാന് റോയല്‍സും കിങ്സ് ഇലവന് പഞ്ചാബും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ശ്രീശാന്ത് 14 റണ്‍സ് വിട്ടു നല്‍കുന്നതിന് 10 ലക്ഷം രൂപ കൈപ്പറ്റി. ത്രിപാദി പറഞ്ഞു.
പണം കൈപ്പറ്റിയതിന് എന്താണ് തെളിവെന്ന കോടതിയുടെ ചോദ്യത്തിന് ഇതു സംബന്ധിച്ച കാരണം കാണിക്കല്‍ നോട്ടിസിന് ശ്രീശാന്ത് വ്യക്തമായ മറുപടി നല്‍കിയില്ലെന്നായിരുന്നു ത്രിപാദിയുടെ മറുപടി. വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെതിരേ തെളിവുകളൊന്നുമില്ലായിരുന്നുവെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന് സമര്‍പ്പിച്ചതെന്നും ശ്രീശാന്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ആരോപിക്കുന്ന കുറ്റം നടന്നാല്‍ മാത്രമേ സാഹചര്യത്തെളിവുകള്‍ നിലനില്ക്കു. ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് പണം വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ 13 റണ്‍സ് മാത്രമേ അതില്‍ വിട്ടുകൊടുത്തിട്ടുള്ളൂ. ആ ഓവറില്‍ ഒരു പന്ത് ശ്രീശാന്ത് നോബോള്‍ എറിഞ്ഞത് അംപയര്‍ കണ്ടില്ലെന്ന ആരോപണം തെളിവില്ലാത്തതാണെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."