വിവരശേഖരണത്തിലെ പിഴവുകള്‍ പ്രതിസന്ധി സൃഷ്ടിക്കും: മന്ത്രി ജലീല്‍
തിരുവനന്തപുരം: ഇന്ത്യയെപ്പോലെ ബഹുസ്വര സാമൂഹിക വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് വിവര ശേഖരണത്തിലെ ചെറിയ പിഴവുകള്‍പോലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീല്‍.
ജനകീയ ആസൂത്രണ പദ്ധതിയുടെ വിജയത്തിന് പ്രധാനകാരണം ആവശ്യാനുസരണം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശരിയായ വിവരങ്ങളുടെ അഭാവം ആസൂത്രണത്തിന്റെ കാര്യത്തില്‍ പ്രയാസമുണ്ടാക്കും. അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നത് ഒഴിവാക്കാനും അര്‍ഹരായവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതാവശ്യമാണ്. ശരിയായ വിധത്തിലുള്ള ഫണ്ട് വിതരണം നടത്താനായില്ലെങ്കില്‍ അത് സമൂഹത്തില്‍ വ്യാപകമായ അസംതൃപ്തി സൃഷ്ടിക്കും.
80 ലക്ഷത്തോളം വരുന്ന കേരളത്തിലെ പ്രവാസികളുടെ സാമൂഹികാവസ്ഥ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോളജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരെയും മറ്റും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വകുപ്പ് തയാറാക്കിയിട്ടുള്ള ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2017-18, ആന്വല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് 2017, റസിഡന്‍ഷ്യല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2017, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് റിപ്പോര്‍ട്ട് 2017, പ്രൈവറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സര്‍വെ റിപ്പോര്‍ട്ട് 2017, അഗ്രികള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2017-18 എന്നീ റിപ്പോര്‍ട്ടുകള്‍ മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
ശില്‍പശാലയില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍ അധ്യക്ഷനായി. നാഷനല്‍ സാംപിള്‍ കേരള ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡയരക്ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍, മുന്‍ ഡയരക്ടര്‍ എ. മീരാസാഹിബ്, അഡിഷണല്‍ ഡയരക്ടര്‍ (ജനറല്‍) പി.വി ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."