ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിനുള്ള സീറ്റുകള്‍ ഖത്തറില്‍ നിര്‍മിക്കും
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സീറ്റുകള്‍ മെയ്ഡ് ഇന്‍ ഖത്തര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 ലോകകപ്പിന്റെ മൂന്ന് സ്റ്റേഡിയങ്ങള്‍ക്കു വേണ്ടുന്ന സീറ്റുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി) ഖത്തറിലെ മാനുഫാക്ചറിങ് ആന്റ് കണ്‍സ്ട്രക്്ഷന്‍ കമ്പനിയായ കോസ്റ്റല്‍ ഖത്തറിനു നല്‍കി.
ദോഹയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫാക്ടറിയില്‍ ദിവസവും 500 സീറ്റുകള്‍ എന്ന തോതില്‍ നിര്‍മിക്കും. അല്‍വക്‌റ, അല്‍ബെയ്ത്ത്(അല്‍ഖോര്‍ സിറ്റി), അല്‍റയ്യാന്‍ സ്‌റ്റേഡിയങ്ങളുടെ സീറ്റുകളാണ് കോസ്റ്റല്‍ ഖത്തര്‍ നിര്‍മിക്കുക.
പ്രാദേശികമായി നിര്‍മിക്കുന്നതായതിനാല്‍ 2022ലെ ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് തങ്ങളുടെ സീറ്റിന് പിറകില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന് ആലേഖനം ചെയ്തതു കാണാം. സീറ്റുകള്‍ വിതരണം ചെയ്യുന്നതിന് പുറമേ അതിന്റെ ഇന്‍സ്റ്റലേഷനും മെയ്ന്റനന്‍സിനുമുള്ള ചുമതലയും കോസ്റ്റലിനു തന്നെയാണ്.
മൂന്നു സ്‌റ്റേഡിയങ്ങള്‍ക്കുമായി മൊത്തം 1,40,000 സീറ്റുകളാണ് നിര്‍മിക്കുക. അല്‍റയ്യാന്‍, അല്‍വക്‌റ സ്‌റ്റേഡിയങ്ങളില്‍ 40,000 സീറ്റുകള്‍ വീതവും അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ 60,000 സീറ്റുകളുമാണുണ്ടാവുക.
2022 ഫിഫ ലോക കപ്പിനുള്ള സീറ്റുകള്‍ നിര്‍മിക്കാന്‍ വേണ്ടി സജ്ജമാക്കിയ കോസ്റ്റലിന്റെ സ്‌പോര്‍ട്‌സ് സീറ്റിങ് ഫാക്ടറി ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ലോക കപ്പുമായി ബന്ധപ്പട്ട പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുന്ന ഖത്തര്‍ റെയില്‍, അശ്ഗാല്‍, ലുസെയില്‍, ആസ്‌പെയര്‍ സോണ്‍ ഫൗണ്ടേഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന പ്രത്യേക ചടങ്ങില്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അത്യാധുനിക പോളിമര്‍ ഇന്‍ജെക്്ഷന്‍ മോള്‍ഡിങ് മെഷിനറി ഉപയോഗിച്ചാണ് കോസ്റ്റല്‍ സീറ്റുകള്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും യന്ത്ര നിയന്ത്രിതമായ നിര്‍മാണം ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കോസ്റ്റല്‍ നിര്‍മിക്കുന്ന ആദ്യ സീറ്റുകള്‍ ഈ വര്‍ഷം ഡിസംബറില്‍ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഘടിപ്പിക്കും.
മാനുഫാക്ചറിങ്, കണ്‍സ്ട്രക്്ഷന്‍ മേഖലകളില്‍ 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കമ്പനിയാണ് കോസ്റ്റല്‍ ഖത്തര്‍. ഖത്തറിനു പുറമേ ആഗോള പങ്കാളികളുമായി ചേര്‍ന്ന് യൂറോപ്പിലും യു.എസിലും കോസ്റ്റല്‍ സേവനം ലഭ്യമാക്കുന്നുണ്ട്. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ഖത്തര്‍ ഫൗണ്ടേഷന്‍, അശ്ഗാല്‍, ആസ്പയര്‍ ലോജിസ്റ്റിക്‌സ്, ഖത്തര്‍ ഒളിംപിക് കമ്മിറ്റി എന്നിവയുടെ പദ്ധതികളില്‍ കോസ്റ്റല്‍ പങ്കാളിത്തം വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."