ഡല്‍ഹിയില്‍ നിരോധനാജ്ഞ ലംഘിച്ച് എ.എ.പി മാര്‍ച്ച്
ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ച്. ആയിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തിയതോടെ സി.പി.എം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ചിന് ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെയാണ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയത്. മണ്ഢി ഹൗസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അതിനിടെ, സമരം നടത്തുന്ന കെജ്‌രിവാളിനെ കുറ്റപ്പെടുത്തി ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഷ്ട്രീയ നീക്കങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥ മനിഷ സക്‌സേന പറഞ്ഞു.
ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സിസോദിയയും സത്യേന്ദ്രജയിനും നിരാഹാര സമരമാണ് നടത്തുന്നത്.
മാര്‍ച്ചിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ അഞ്ച് സ്റ്റേഷനുകള്‍ അടച്ചുപൂട്ടി.
കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ ഇന്നലെ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."