2018 -19 വാര്‍ഷിക പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സാങ്കേതിക നടപടികള്‍ പാതിവഴിയില്‍
കൊണ്ടോട്ടി: വാര്‍ഷിക പദ്ധതി സമര്‍പ്പണം കാര്യക്ഷമമാക്കുന്നതിന് വകുപ്പ് മന്ത്രിയടക്കം രംഗത്തിറങ്ങുമ്പോള്‍ ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ തദ്ദേശ സ്ഥാപനങ്ങള്‍ കിതക്കുന്നു. 2018-19 വര്‍ഷത്തേക്കുള്ള റോഡ്, കെട്ടിടങ്ങള്‍ തുടങ്ങിയ പൊതുമരാമത്ത് പ്രവൃത്തികളുടെ സാങ്കേതിക അനുമതി ലഭിക്കാത്തത് മൂലം പദ്ധതികളുടെ അന്തിമ അംഗീകാരവും നിര്‍വഹണവും മിക്ക തദ്ദേശ സ്ഥാപനങ്ങളിലും മന്ദഗതിയിലാണ്. നിര്‍മാണ പ്രവൃത്തികള്‍ക്ക് സാങ്കേതിക വിഭാഗത്തില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ പൂര്‍ണമായും ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പ്രത്യേക അനുമതിയും പരിശോധനയും നിര്‍ബന്ധമാണ്. പ്രവൃത്തികളുടെ സാങ്കേതിക അനുമതിക്ക് വിശദമായ എസ്റ്റിമേറ്റുകള്‍ ഇതിന് വേണ്ടി മാത്രമുള്ള പ്രൈസ് സോഫ്റ്റ് വെയറിലാണ് എന്റര്‍ ചെയ്യേണ്ടത്. എന്നാല്‍ പഞ്ചായത്തുകള്‍ക്ക് സമയത്തിന് ഇവ പൂര്‍ണമായും എന്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ 16ന് പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും നിരവധി പഞ്ചായത്തുകള്‍ക്ക് ഇപ്പോഴും ഇതിന് കഴിഞ്ഞിട്ടില്ല.
അതിനിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സമര്‍പ്പണം കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനുമായി വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് ഓരോ ജില്ലകളിലുമെത്താനിരിക്കുയാണ്.
മന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനത്തിന് ആവശ്യമായ വിവരങ്ങള്‍ അതത് ജില്ലാകലക്ടമാര്‍ യോഗത്തിന് രണ്ടു ദിവസം മന്ത്രിയുടെ ഓഫിസിലും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലും നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ആണ് ഇതോടെ വെട്ടിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."