മൂന്നാം സീറ്റ്: ലീഗ്-കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: മൂന്നാം സീറ്റ് സംബന്ധിച്ചുള്ള മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോഴിക്കോട്ട് നടക്കും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനിന്ന സാഹചര്യത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്കു പ്രാധാന്യമേറെയാണ്.
വൈകുന്നേരം കോഴിക്കോട് ലീഗ് ഹൗസിലാണ് ചര്‍ച്ച. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജിദ്, എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ടാം സീറ്റെന്ന കടുത്ത നിലപാടില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗിന്റെ നിലപാട് യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ നിര്‍ണായകമാണ്. അതേസമയം ലീഗിലെ ഒരു വലിയ വിഭാഗം മൂന്നാം സീറ്റ് എന്ന ആവശ്യവുമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ ലീഗ് നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
സീറ്റ് അധികമായി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാംവട്ട ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട് നടത്തുന്നത്. ലീഗുമായുള്ള സീറ്റ് തര്‍ക്കം വേഗത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ കേരളാ കോണ്‍ഗ്രസുമായുള്ള പ്രശ്‌നവും പരിഹരിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് തുടക്കത്തില്‍ തന്നെ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പലതവണ ശ്രമിച്ചിട്ടും ജോസഫ് വിഭാഗത്തെ അനു നയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ജോസഫ് വിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലേക്കു നീങ്ങാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
നാലിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയകമ്മിറ്റിയുടെ പ്രഥമയോഗം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഇതിനു മുന്‍പ് മറ്റു ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."