പി. രാജീവിനു കളമൊരുക്കാന്‍ ഇന്നസെന്റിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
#ടി.എസ് നന്ദു
കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ 'പ്രോഗ്രസ് റിപ്പോര്‍ട്ടു'മായി ഇന്നസെന്റ് എം.പി. മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ സി.പി.എം പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അതിനു സമാനമായി എം.പിമാരോടും റിപ്പോര്‍ട്ട് തയാറാക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണത്രെ ഇന്നസെന്റിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. എന്നാലിത് മുന്‍ രാജ്യസഭാ അംഗവും സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന്റെ സ്ഥാനാര്‍ഥിത്വത്തിന് കളമൊരുക്കാനുള്ള പാര്‍ട്ടി നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചാണ് ഇന്നസെന്റ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലാകെ 1,750 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയെന്നാണ് ഇന്നസെന്റിന്റെ അവകാശവാദം.
എം.പി ഫണ്ടായി ലഭിച്ച നൂറ് ശതമാനം തുകയ്ക്കും ഭരണാനുമതി ലഭിച്ചുവെന്ന് ഇന്നസെന്റ് വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യ വികസന മേഖയില്‍ 1,200 കോടിയുടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 550 കോടിയുടെയും പദ്ധതികളാണ് നടപ്പാക്കിയതെന്ന് എം.പി വിശദീകരിക്കുന്നു.
കേരളത്തിന് ആദ്യമായി അനുവദിച്ച അങ്കമാലിയില്‍ നിര്‍മാണം നടക്കുന്ന ടെക്‌നോളജി സെന്റര്‍, ചാലക്കുടിയില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സ്ഥാപിക്കുന്ന ആയുഷ് ആശുപത്രി, പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ചരിത്രത്തിലാദ്യമായി ചാലക്കുടി മണ്ഡലത്തില്‍ അനുവദിച്ച പാലം തുടങ്ങിയവ തന്റെ ഭരണനേട്ടമായി ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം 123 കോടിയുടെ എട്ടു റോഡുകളും പി.എം.ജി.എസ്.വൈ പ്രകാരം തന്നെ 32 കോടി രൂപയുടെ 23 റോഡുകളും മണ്ഡലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. എം.പി ഫണ്ട് പൂര്‍ണമായി ചെലവഴിച്ചും സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം 'ഇന്നസെന്റായി' നടത്തിയെന്നാണ് എം.പി യുടെ റിപ്പോര്‍ട്ടിലെ അവകാശവാദം.
ചാലക്കുടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയായി രാജീവിന്റെ പേരാണ് സജീവമായി നില്‍ക്കുന്നത്. പൊതുസമ്മതനെന്ന നിലയിലും മുന്‍ എം.പി എന്ന നിലയിലും രാജീവിനോട് തൃശൂര്‍ ജില്ലാ നേതൃത്വത്തിനും താല്‍പര്യമുണ്ട്. കൂടാതെ ചാലക്കുടിയില്‍ ഇന്നസെന്റിന് ഇനിയൊരവസരം കൊടുത്തേക്കില്ലെന്നും സൂചനയുണ്ട്. അതേസമയം, മത്സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നതിലേക്ക് കളംമാറ്റിയ ഇന്നസെന്റിന്റെ നീക്കങ്ങളും പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്.
ഇന്നസെന്റ് സീറ്റ് ആവശ്യപ്പെടും മുന്‍പ് എം.പിയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാജീവിനായി പ്രവര്‍ത്തനം തുടങ്ങാനാകും പാര്‍ട്ടി നീക്കം. അങ്ങനെയെങ്കില്‍ രാജീവിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു മണ്ഡലമായ എറണാകുളം ഇന്നസെന്റിന് നല്‍കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."