വന്‍മരങ്ങളെ മറിച്ചിട്ട സാംസ്‌കാരിക തലസ്ഥാനം
#ശിഹാബ് പാറപ്പുറം
തൃശൂര്‍: ഏതെങ്കിലും മുന്നണിയോട് പ്രത്യേക മമതയില്ലാത്ത മണ്ഡലമാണ് തൃശൂര്‍. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം കേന്ദ്രീകരിച്ചുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുടെ പേരും പെരുമയുമൊന്നും പരിഗണിക്കാറില്ല. മാറിമാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പക്ഷം ചേരുന്നവരാണ് തൃശൂരിലേത്. കേരള രാഷ്ട്രീയത്തിലെ വന്‍മരങ്ങളെപ്പോലും അവര്‍ മറിച്ചിട്ടിട്ടുമുണ്ട്. അതുകൊണ്ടു തന്നെ പ്രവചനം അസാധ്യമാണ് മിക്കപ്പോഴും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഹരിശ്രീ കുറിച്ചതു തന്നെ ജോസഫ് മുണ്ടശ്ശേരിയെ മലര്‍ത്തിയടിച്ചാണ്. 1951ല്‍ സി.പി.ഐ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുണ്ടശ്ശേരിയെ തോല്‍പിച്ചത് കോണ്‍ഗ്രസിലെ ഈയ്യുണ്ണി ചാലക്കയായിരുന്നു.
പോള്‍ ചെയ്ത വോട്ടില്‍ 40.66 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു ലഭിച്ചപ്പോള്‍ 32.60 ശതമാനം മാത്രമാണ് മുണ്ടശ്ശേരിക്കു ലഭിച്ചത്. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് തൃശൂര്‍ മണ്ഡലം.
പിന്നീടുള്ള മണ്ഡലത്തിന്റെ ചരിത്രത്തില്‍ പല പ്രമുഖരും കാലിടറി വീണു. കോണ്‍ഗ്രസിലെ അതികായന്‍ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്നിട്ടു പോലും ഒരിക്കല്‍ ഇവിടെ ലീഡറും വീണു. അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരനും ഇവിടെ തോല്‍വിയറിഞ്ഞു.
മണ്ഡലത്തിലെ ആദ്യ ജയം കോണ്‍ഗ്രസിനായിരുന്നെങ്കില്‍ ഐക്യ കേരളം രൂപീകരിച്ചതോടെ കഥ മാറി. തുടര്‍ച്ചയായി അഞ്ചു തവണയാണ് സി.പി.ഐ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയത്. 1957ല്‍ കോണ്‍ഗ്രസിന്റെ ബാലകൃഷ്ണ മാരാരെ തോല്‍പ്പിച്ചായിരുന്നു സി.പി.ഐ യുടെ വിജയത്തുടക്കം. സി.പി.ഐയുടെ കെ. കൃഷ്ണന്‍ വാര്യരാണ് അന്ന് വിജയംകണ്ടത്.
62ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനത്തിന് ശേഷം നടന്ന 67ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് സി.പി.ഐ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തി. 62ല്‍ കെ. കൃഷ്ണ വാരിയര്‍ (സി.പി.ഐ) തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ സീതാരാമനെയാണ്.
67ല്‍ സി.പി.എം ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച സി.പി.ഐയുടെ സി.ജനാര്‍ദനന്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ കെ.കെ.വി പണിക്കരെയാണ്. എന്നാല്‍ 71ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നായിരുന്നു സി.പി.ഐയുടെ മത്സരം. സി. ജനാര്‍ദനന്‍ തന്നെയായിരുന്നു സ്ഥാനാര്‍ഥി. സി.പി.എമ്മിലെ കെ.പി അരവിന്ദാക്ഷന്‍ ജനാര്‍ദനനോടു തോറ്റു.77ലും കോണ്‍ഗ്രസ് പാളയത്തില്‍ നിന്നായിരുന്നു സി.പി.ഐയുടെ വിജയം. പാര്‍ട്ടി സ്ഥാനാര്‍ഥി കെ.എ രാജന്‍ തോല്‍പ്പിച്ചത് സി.പി.എമ്മിലെ കെ.പി അരവിന്ദാക്ഷനെ. എന്നാല്‍ 80ല്‍ കോണ്‍ഗ്രസ് പാളയമുപേക്ഷിച്ച സി.പി.ഐ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. കെ.എ രാജനെയാണ് അന്നു മണ്ഡലം തുണച്ചത്. 51.4 ശതമാനം വോട്ട് സി.പി.എമ്മിനു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.പി ജോര്‍ജിനു ലഭിച്ചത് 39 ശതമാനം വോട്ട് മാത്രം.
നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. 39 ശതമാനമായിരുന്ന വോട്ട് 51.92 ശതമാനമായി ഉയര്‍ത്തി പി.എ ആന്റണി ജയിച്ചുകയറി. തോറ്റത് പ്രമുഖ സി.പി.ഐ നേതാവ് വി.വി രാഘവന്‍. 89ല്‍ മീനാക്ഷി തമ്പാനെ പരാജയപ്പെടുത്തി പി.എ ആന്റണി വീണ്ടും പാര്‍ലമെന്റിലെത്തി. 91ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. സി.പി.ഐയ്ക്ക് വേണ്ടി പോരിനിറങ്ങിയത് കെ.പി രാജേന്ദ്രനും. വിജയം ചാക്കോയ്‌ക്കൊപ്പമായിരുന്നു. 49 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ചാക്കോയുടെ ജയം.
എന്നാല്‍, 96ല്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ പോരിനിറങ്ങിയ ലീഡര്‍ക്കു കാലിടറിയപ്പോള്‍ രാഷ്ട്രീയകേരളം ശരിക്കും ഞെട്ടി. സി.പി.ഐയിലെ വി.വി രാഘവനാണ് അന്ന് ലീഡറെ വീഴ്ത്തി 'ജയന്റ് കില്ലര്‍' ആയത്. രാഘവന് 44.67 ശതമാനം വോട്ടും കരുണാകരന് 44.45 ശതമാനം വോട്ടും ലഭിച്ചു.
കേരള രാഷ്ട്രീയത്തിലെ വന്‍വീഴ്ചകളിലൊന്നായിരുന്നു കരുണാകരന്റെ തോല്‍വി. ലീഡര്‍ ഉദയം കൊണ്ട തൃശൂരില്‍ തന്നെ പതനവും അദ്ദേഹത്തെ കാത്തിരുന്നു.
98ല്‍ സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കരുണാകരന്റെ പിന്‍ഗാമിയായി ഇറങ്ങിയ മകന്‍ കെ. മുരളീധരനും വീണു. തോല്‍പിച്ചത് വി.വി രാഘവന്‍ തന്നെ. പോളിങ് ശതമാനത്തില്‍ 0.5 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ടാക്കാന്‍ മാത്രമാണ് മുരളധീരനു കഴിഞ്ഞത്. വി.വി രാഘവന്റെ വോട്ടിങ് ശതമാനം 47.04 ആയി ഉയര്‍ന്നു.
എന്നാല്‍, കൃത്യം ഒരു വര്‍ഷത്തിനു ശേഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ.സി ജോസിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. വി.വി രാഘവനെയാണ് അദ്ദേഹം തോല്‍പിച്ചത്. 2004ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനു നഷ്ടമായി. സി.പി.ഐയിലെ സി.കെ ചന്ദ്രപ്പനൊപ്പമായിരുന്നു വിജയം. തോല്‍പിച്ചത് എ.സി ജോസിനെ. 2009ല്‍ പി.സി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിന്റെ കൈയിലെത്തി. നിലവിലെ എം.പി സി.എന്‍ ജയദേവനായിരുന്നു അന്ന് ചാക്കോയുടെ എതിരാളി.
2014ല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം സി.പി.ഐ തകര്‍ന്നടിഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്വാസമായി രാജ്യത്തു ലഭിച്ച ഏക മണ്ഡലമായിരുന്നു തൃശൂരിലേത്. രണ്ടാമങ്കത്തിനിറങ്ങിയ ജയദേവന്‍ തോല്‍പിച്ചത് കോണ്‍ഗ്രസിലെ കെ.പി ധനപാലനെ. ഇനിയൊരു അങ്കത്തിനു കൂടി തയാറാണെന്ന് ജയദേവന്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടി അദ്ദേഹത്തെ കളത്തിലിറക്കുമോ എന്നു കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."