ജംഷിദ് ഉറച്ച് വിശ്വസിക്കുന്നു, ഉമ്മയെ ഒരുനോക്ക് കാണാന്‍ കഴിയുമെന്ന്
താമരശേരി: എട്ടുമാസങ്ങള്‍ക്ക് മുന്‍പാണു ഉരുള്‍പൊട്ടലില്‍ മരിച്ച ഉമ്മിണി അബ്ദുറഹിമാന്റെ മകന്‍ ജംഷിദിന്റെ നികാഹ് കഴിഞ്ഞത്. അന്നു ജംഷിദ് വീട് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. അടുത്ത വരവില്‍ വിവാഹം നടത്തണമെന്ന ആഗ്രഹവുമായാണ് പിന്നീട് ജംഷിദ് ദുബൈയിലേക്കു പറന്നത്. തന്റെ സ്വപ്നത്തിനു നിറം പകരേണ്ട ഉപ്പയും സഹോദരന്‍ ജാഫറും ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിമും കരിഞ്ചോല മലയുടെ രോഷാഗ്‌നിയില്‍ എരിഞ്ഞടങ്ങിയത് ഉള്‍ക്കൊള്ളാന്‍ ഇനിയുമായിട്ടില്ല. ഉമ്മ നഫീസയെ ഇതുവരെയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.
പുലര്‍ച്ചെ നടന്ന ആദ്യ ഉരുള്‍പൊട്ടലില്‍ അയല്‍വാസി പ്രസാദിന്റെ വീട് തകര്‍ന്നതായി വാട്‌സ്ആപ് വഴിയാണു ജംഷിദ് അറിയുന്നത്. തുടര്‍ന്ന് ഉപ്പയെ ഫോണില്‍ വിളിച്ചു. 'ശക്തമായ മഴവെള്ളം കുത്തിയൊലിക്കുന്നുണ്ട്, വീടിനു പിറകില്‍ ചാക്കില്‍ കെട്ടിവച്ച മണലുകളെല്ലാം ഒലിച്ചുപോയി'-ഉപ്പ പറഞ്ഞു. സംസാരം അവസാനിപ്പിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷമാണു ഒരുക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത വാട്‌സ്ആപ് വഴി ജംഷിദ് അറിഞ്ഞത്.
രണ്ടുവര്‍ഷം മുന്‍പാണ് അഞ്ചുസെന്റ് സ്ഥലത്ത് അബ്ദുറഹിമാന്‍ വീട് നിര്‍മിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ജാഫറിന്റെ ഭാര്യ ഹന്നത്തും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ടായിരുന്നു. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്. ചെളിയില്‍ പൂണ്ട മകളുടെ കൈപിടിച്ച് അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു ഹന്നത്ത്. കഴിഞ്ഞദിവസം നാട്ടിലെത്തിയ ജംഷിദ് നിറമിഴിയോടെ സംസാരിക്കുമ്പോഴും ഉമ്മയെ ഒരുനോക്കു കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."