കൊവിഡിലും കൂസാതെ സ്വര്‍ണം; വില പവന് 34,080
കോഴിക്കോട്: കൊവിഡിലും കൂസാതെ റെക്കോഡ് തകര്‍ത്ത് സ്വര്‍ണം. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തിനിടയിലും മഞ്ഞലോഹത്തിന്റെ വില കുതിക്കുന്നു. സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,260 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 34,080 രൂപയാണ് ഇന്നലത്തെ വില. കൊവിഡ് കാരണം മറ്റ് വിപണികളെല്ലാം ദുര്‍ബലമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഈ മേഖലയിലേക്ക് നിക്ഷേപകര്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.
സാമ്പത്തിക വര്‍ഷം ആരംഭിച്ച ആദ്യവാരം തന്നെ സ്വര്‍ണം പവന് 32,800 രൂപയായി ഉയര്‍ന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാര്‍ച്ച് മാസത്തെ കൂടിയ വില. ഏപ്രില്‍ പകുതിയോടെ ഒരു പവന് സ്വര്‍ണത്തിന് 33,600 രൂപയായി ഉയര്‍ന്നു. 24 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പവന് 34,000 രൂപയായിരുന്നു വില.
എന്നാല്‍ 28ന് പവന് 200 രൂപ കുറഞ്ഞ് 33,800 രൂപയായി. എന്നാല്‍ ഇന്നലെ പെട്ടെന്ന് 280 രൂപ കൂടി 34,080 എന്ന നിലവാരത്തില്‍ വില എത്തുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ 1,710 ഡോളറാണ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക്. രാജ്യത്ത് സ്വര്‍ണ ഉപഭോഗം വളരെ കുറഞ്ഞ അവസ്ഥയിലാണിപ്പോള്‍. ജ്വല്ലറികള്‍ ലോക്ഡൗണില്‍ അടഞ്ഞുകിടക്കുമ്പോഴാണ് വില കുതിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."