കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത പാര്‍ക്കിങ്ങിന് പൂട്ടിടാന്‍ പൊലിസ്
അനധികൃത പാര്‍ക്കിങ് മൂലം റോഡില്‍നിന്ന് ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് കയറാന്‍ കഴിയുന്നില്ല
കൊണ്ടോട്ടി: ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരേ പൊലിസ് പരിശോധന കര്‍ശനമാക്കി. വാഹന പാര്‍ക്കിങ് നിരോധന മേഖലയില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ക്ക് പൂട്ടിട്ടാണ് പൊലിസ് ഉടമകളെ തേടുന്നത്.
കൊണ്ടോട്ടി ബൈപ്പാസ് റോഡരികില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ അങ്ങാടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. റോഡില്‍ നിന്ന് ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് കയറാന്‍ പോലും അനധികൃത പാര്‍ക്കിങ് മൂലം കഴിയുന്നില്ല. ഇതേതുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ പൊലിസ് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.ഇത് അവഗണിച്ചാണ് ഇപ്പോഴും പാര്‍ക്കിങ് തുടരുന്നത്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും പാര്‍ക്ക് ചെയ്യുന്നത്. ബൈക്കുകള്‍ നിര്‍ത്തി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ വരെയുണ്ട്. വാഹന പരിശോധനക്കിടെ വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുമാകുന്നില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്ന കാഴ്ചയാണുള്ളത്.
ഇതോടെയാണ് പൊലിസ് പൂട്ട് പ്രയോഗം ആരംഭിച്ചത്. ഇന്നലെ നിരവധി വാഹനങ്ങള്‍ക്കാണ് പൂട്ടിട്ടത്. ഇത്തരം വാഹന ഉടമകള്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."