ടെല്‍ക്കിന് ഒരുകോടി ആറു ലക്ഷം രൂപയുടെ ലാഭം
കൊച്ചി:പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദ പ്രവര്‍ത്തന മികവില്‍ ഒരുകോടി ആറു ലക്ഷം രൂപയുടെ ലാഭം കൈവരിച്ചു.
2014-15,15-16 സാമ്പത്തികവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടത്തിലാകുകയും, സഞ്ചിത നഷ്ടം 48 കോടി രൂപയായി ഉയര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നിലയില്‍ നിന്നുമാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍ പറഞ്ഞു.
കെ.എസ്.ഇ.ബിയില്‍ നിന്നും നല്ലൊരുശതമാനം ഓര്‍ഡര്‍ ലഭിച്ചതിനാലാണ് ഇത്രയധികം ലാഭം നേടാന്‍ കഴിഞ്ഞത്. 2017-18 സാമ്പത്തിക വര്‍ഷം പവര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വിറ്റുവരവിലൂടെ 250 കോടിയും, മറ്റ് അനുബന്ധപ്രവര്‍ത്തനത്തിലൂടെ 20 കോടിയും കൈവരിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലൂടെ ഈ സമ്പത്തിക വര്‍ഷം 25 കോടിയുടെ ലാഭം പ്രതീക്ഷിക്കുന്നു. മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു. 2016 സെപ്റ്റംബറില്‍ 56 കോടി മാത്രമായിരുന്ന ഓര്‍ഡര്‍ പൊസിഷന്‍ ഇപ്പോള്‍ 300 കോടിയുടേതാണ്.
ഇത് 400 കോടിയിലേയ്ക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമവും നടന്നു വരുന്നു. കെ.എസ്.ഇ.ബിയുടെ 40% ഓര്‍ഡറുകള്‍ ടെല്‍ക്കിന് നല്‍കാമെന്നും സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.ഇന്ത്യയ്ക്കകത്തും വിദേശത്തും എവിടെയും 48 മണിക്കൂറിനുള്ളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി റാപ്പിഡ് റിപ്പയര്‍ ഫോഴ്‌സ് വിഭാഗവും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വൈദ്യുതി ഉപയോഗം 20 ശതമാനം വരെ കുറയ്ക്കുന്നതിനായി സേവ് എനര്‍ജി എന്ന പേരിലും, വ്യാവസായിക സൗരോര്‍ജ പദ്ധതികള്‍ക്ക് അനുയോജ്യമായ പ്രത്യേകതരം ട്രാന്‍സ്‌ഫോര്‍മറുകളുടെ ഉല്‍പാദനവും വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ബി. പ്രസാദ് പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജോയ്ന്റ് ജി.എം. ഗണപതി അയ്യര്‍, ഡി.ജി.എം. ഡോ.ജോഫി ജോര്‍ജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."