കടപുഴകിയ കൂറ്റന്‍ മരങ്ങള്‍ മാറ്റിത്തുടങ്ങി
ഇരിട്ടി: മാക്കൂട്ടം വനത്തിനുള്ളിലുണ്ടായ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് കടപുഴകി കുത്തിയൊലിച്ചു വന്ന കൂറ്റന്‍ മരങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവൃത്തി ആരംഭിച്ചു. മരങ്ങള്‍ വന്നടിച്ച് മാക്കൂട്ടം പാലവും അനുബന്ധ റോഡുകളും അപകടാവസ്ഥയിലായിരുന്നു. ഇരിട്ടിയില്‍ നിന്നുളള ഫയര്‍ഫോഴ്‌സും റവന്യു വകുപ്പും സംയുക്തമായാണ് മരത്തടികള്‍ നീക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാക്കൂട്ടത്ത് അന്തര്‍സംസ്ഥാന പാതയിലെ ചെറിയ പാലത്തില്‍ കൂറ്റന്‍ മരത്തടികള്‍ കുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പാലത്തിനും അപ്രോച്ച് റോഡിനും വിളളല്‍ സംഭവിക്കുകയും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാന്‍ സാധിക്കാത്ത വിധം റോഡുകളും പാലങ്ങളും അപകടാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇതുവഴിയുള്ള വാഹനയാത്ര പൂര്‍ണമായും നിരോധിച്ച് റോഡ് അടച്ചിരിക്കുകയാണ്. പാലത്തിനു മുകളിലും അടിയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്ന മരത്തടികള്‍ മാറ്റിയാല്‍ മാത്രമേ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്രവൃത്തി നടത്താന്‍ സാധിക്കൂ. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന ക്രെയിനുകളും ജെ.സി.ബിയും മാക്കൂട്ടത്ത് എത്തിച്ചാണ് മരത്തടികള്‍ നീക്കം ചെയ്യുന്നത്. റോഡിലും പാലത്തിനു മുകളിലുമുള്ള മരത്തടികള്‍ പൂര്‍ണമായി മാറ്റിയാല്‍ അപ്രോച്ച് റോഡ് പ്രവൃത്തി കര്‍ണാടക പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും മുന്നോടിയായി കര്‍ണാടക വനം പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ ഉടന്‍ അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."