വയനാടിനെ വിറപ്പിച്ച് കുരങ്ങുപനി, മരണം മൂന്നായി, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കല്‍പ്പറ്റ: പുതുതായി കൊവിഡ് റിപ്പോര്‍ട്ടു ചെയ്തില്ലെങ്കിലും വയനാടിനെ വിറപ്പിച്ച് കുരങ്ങുപനി. ഇതിനകം കുരങ്ങുപനി ബാധിച്ച് മൂന്നുപേര്‍ ജില്ലയില്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. നാല് പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇതോടെ ഈ വര്‍ഷം ജില്ലയില്‍ രോഗം കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.
തിരുനെല്ലി ബേഗൂര്‍ കാളികൊല്ലി കോളനിയിലെ കേളു മരിച്ചത് കഴിഞ്ഞ ദിവസമാണ്. മരണം കുരങ്ങുപനിയെത്തുടര്‍ന്നാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. ഇതോടെയാണ് മൂന്നുപേര്‍ രോഗം ബാധിച്ച് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാല്‍ പ്രതിരോധ നടപടികള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവര്‍ കാട്ടിനുള്ളിലേക്ക് പോകുന്നത് കര്‍ശനമായി വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കലക്ടര്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ സാഹചര്യം ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തിയത്. പ്രതിരോധ നടപടികള്‍ക്കായി മാനന്തവാടി സബ് കലക്ടറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുമതി തേടിയെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
വിറകിനായും കാലികളെ മേയ്ക്കാനും കാട്ടിനകത്തേക്ക് പോകാന്‍ രോഗബാധിത മേഖലയിലുള്ളവരെ അനുവദിക്കില്ല. പകരം പ്രദേശത്തെ ആദിവാസി കോളനികളില്‍ വിറകും ഭക്ഷണവും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമടക്കം എത്തിച്ചു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."