സന്താന പരിപാലനം സ്വര്‍ഗത്തിലേക്കുള്ള വഴി
മനുഷ്യര്‍ക്ക് അല്ലാഹു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് സന്താനങ്ങള്‍. സന്താന ലബ്ധിക്കു വേണ്ടി ഏതു വാതിലും മുട്ടാന്‍ മനുഷ്യന്‍ തയാറാവുന്നു. പക്ഷേ, സന്താനങ്ങളെക്കൊണ്ട് പ്രയാസപ്പെടുന്ന മാതാ പിതാക്കളും ലോകത്തുണ്ട്. ചെറുപ്പം മുതല്‍ കൃത്യമായ ശിക്ഷണം ലഭിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മക്കള്‍ക്കു മാതൃകാ യോഗ്യമായിരിക്കണം മാതാ പിതാക്കളുടെ ജീവിതം.
നിഷിദ്ധമായതൊന്നും മക്കളുടെ വയറ്റിലെത്താതിരിക്കാന്‍ ശ്രദ്ധിക്കലാണ് സന്താനങ്ങള്‍ നന്നാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. ഖുര്‍ആന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവായ ഇമാം ബുഖാരി (റ) യുടെ പിതാവ് വഫാത്തിന്റെ നേരത്തു പറഞ്ഞു: എന്റെ വീട്ടിലേക്ക് ഹറാമായതോ സംശയാസ്പദമായതോ ആയ ഒരു ദിര്‍ഹം പോലും പ്രവേശിപ്പിച്ചതായി എനിക്ക് അറിയില്ല. പിതാവിന്റെ ഈ ഉറച്ച നിലപാടു കാരണം ഇമാം ബുഖാരി (റ) ലോകം കണ്ട വലിയ പണ്ഡിതനായി മാറി.
പിതാക്കളുടെ നന്മ കാരണം നിരവധി സൂക്ഷ്മ ശാലികളായ പണ്ഡിതരെ ലഭിച്ചിട്ടുണ്ട് ലോകത്തിന്. വലിയ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവുമായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് (റ) ഇത്തരം പണ്ഡിതന്മാരില്‍ പെടുന്നു. ഈ മഹാനുഭാവന്റെ പിതാവായ മുബാറക് ആദ്യം ഒരു അടിമയായിരുന്നു. യജമാനന്‍ മോചിപ്പിച്ചതിനെ തുടര്‍ന്ന് ഒരു പണക്കാരന്റെ വീട്ടില്‍ തോട്ടപ്പണിക്കാരനായി ജോലി ചെയ്തു. ഒരു ദിവസം തോട്ടത്തിന്റെ ഉടമ മുബാറകിനോട് പറഞ്ഞു: തോട്ടത്തില്‍ പോയി മധുരമുള്ള റുമാന്‍ പഴങ്ങള്‍ പറിച്ചു കൊണ്ടു വരിക. മുബാറക് ഏതാനും പഴങ്ങളുമായി വന്നു. പക്ഷേ, അവ മുഴുവനും പുളിക്കുന്നതായിരുന്നു. തോട്ടയുടമയ്ക്ക് ദേഷ്യം വന്നു. 'ഇത്ര കാലം എന്റെ തോട്ടത്തില്‍ ജോലി ചെയ്തിട്ട് മധുരമുള്ള പഴവും പുളിയുള്ള പഴവും തിരിച്ചറിയാന്‍ നിനക്കു സാധിക്കുന്നില്ലേ' എന്ന് ആക്രോശിച്ചു. മുബാറക് പറഞ്ഞു: 'ഈ തോട്ടത്തില്‍ ജോലി ചെയ്യാനുള്ള അനുമതിയല്ലേ നിങ്ങള്‍ എനിക്കു നല്‍കിയിട്ടുള്ളൂ. ഇതിലെ ഒരു പഴം പോലും ഞാന്‍ ഇതു വരെ ഭക്ഷിച്ചു നോക്കിയിട്ടില്ല'. തോട്ടക്കാരന് അല്‍ഭുതം തോന്നി. അടുത്ത ആളുകളോടൊക്കെ മുബാറകിന്റെ ജീവിത രീതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം തോട്ടപ്പണി മാത്രമേ ചെയ്യാറുള്ളൂവെന്നും അതിലെ പഴം ഭക്ഷിക്കാറില്ലെന്നും അവര്‍ സമ്മതിച്ചു.
തോട്ടക്കാരന്‍ പറഞ്ഞു: മുബാറകേ, എനിക്ക് ഒരു മകള്‍ മാത്രമേയുള്ളൂ. അവളെ ഞാന്‍ ആര്‍ക്ക് വിവാഹം ചെയ്തു കൊടുക്കണം. മുബാറക് പറഞ്ഞു: ചിലര്‍ സമ്പത്തു നോക്കിയാണ് വിവാഹം കഴിച്ചു കൊടുക്കാറ്. വേറെ ചിലര്‍ ഭംഗി നോക്കി വിവാഹം കഴിച്ചു കൊടുക്കും. വേറെ ചിലര്‍ കുടുംബ മഹിമ നോക്കും. എന്നാല്‍ യഥാര്‍ഥ വിശ്വാസികള്‍ തഖ്‌വ നോക്കിയാണ് വിവാഹം കഴിച്ചു കൊടുക്കാറുള്ളത്. ഇവയില്‍ ഏതു വിഭാഗത്തില്‍ പെടണമെന്നു നിങ്ങള്‍ തീരുമാനിക്കുക. തോട്ടക്കാരന്‍ പറഞ്ഞു: എന്റെ മകളെ ഞാന്‍ നിനക്കു വിവാഹം ചെയ്തു തരാം. കാരണം, നിന്നെക്കാള്‍ വലിയ തഖ്‌വയുടെ ഉടമയെ ഞാന്‍ കണ്ടിട്ടില്ല. ഈ ബന്ധത്തിലാണ് അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് എന്ന മഹാ പണ്ഡിതന്‍ ജനിച്ചതെന്ന് ചരിത്രം പറയുന്നു. സുഫ്‌യാനുസ്സൗരി (റ) യെപ്പോലുള്ള മഹാന്മാര്‍ പറഞ്ഞത് എന്റെ മുഴുവന്‍ ആയുസ്സിനും പകരം അബ്ദുല്ലാഹിബ്‌നുല്‍ മുബാറകിന്റെ ജീവിതത്തിലെ ഒരു വര്‍ഷം ലഭിച്ചാല്‍ മതിയായിരുന്നുവെന്നാണ്.
ചെറു പ്രായത്തിലേ നല്ല വിജ്ഞാനം നേടാനുള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. അവസരങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് പല മക്കളുടെയും ഉള്ളിലുള്ള നന്മകള്‍ പുറത്തു വരാത്തത്. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുല്‍ ജൗസി (റ) തന്റെ 'സ്വിഫത്തുസ്സ്വഫ്‌വ' എന്ന ഗ്രന്ഥത്തില്‍ സുഖലോലുപനായ ഒരു രാജാവിന്റെയും അദ്ദേഹത്തിന്റെ മകളുടെയും ചരിത്രം ഉദ്ധരിക്കുന്നുണ്ട്. രാജാവ് കൊട്ടാരത്തില്‍ എല്ലാ വിധ സുഖസൗകര്യങ്ങളും മകള്‍ക്കു വേണ്ടി ഒരുക്കിക്കൊടുത്തിരുന്നു. നൃത്തങ്ങളും സംഗീതങ്ങളുമൊക്കെയായി കൊട്ടാര ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ഒരു ദൈവ ഭക്തനായ മനുഷ്യന്‍ കൊട്ടാര സമീപത്തു നിന്നു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. 'വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്നിയില്‍നിന്നു രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു' (വി.ഖു. 66: 6) എന്ന് ആശയം വരുന്ന സൂക്തം അവളുടെ മനസ്സിനെ പരലോക ചിന്തയിലേക്കെത്തിച്ചു. കൊട്ടാര ജീവിതത്തെ അവര്‍ വെറുക്കാന്‍ തുടങ്ങി. അധിക സമയവും കരച്ചിലില്‍ മുഴുകി. പിതാവായ രാജാവ് ചോദിച്ചു: 'മോള്‍ക്ക് എന്തു പറ്റി'. അവര്‍ പറഞ്ഞു: 'പിതാവേ, മനുഷ്യരെയും കല്ലുകളെയും വിറകായി ഉപയോഗിക്കുന്ന ഒരു ഗേഹമുണ്ടോ'. പിതാവ് പറഞ്ഞു: അതെ. മകള്‍ പ്രതികരിച്ചു: 'എങ്കില്‍ എന്തു കൊണ്ട് എനിക്ക് അതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു തരുന്നില്ല. ഞാന്‍ സ്വര്‍ഗാവകാശിയോ നരകാവകാശിയോ എന്ന് അറിയുന്നത് വരെ ഇനി സുഖമായി കിടന്നുറങ്ങാന്‍, വയറു നിറച്ച് ഉണ്ണാന്‍ എന്നെ കിട്ടില്ല'.
നമ്മുടെ മക്കള്‍ക്ക് ചെറുപ്പം മുതലേ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും മഹാന്മാരുടെ ജീവിതങ്ങളുടെയും മാധുര്യം പകര്‍ന്നു കൊടുക്കാന്‍ നമുക്കു സാധിക്കണം. അത് അവരുടെ ജീവിതത്തെ മാറ്റി മറിക്കും. പരലോക ചിന്തയിലേക്ക് അവരെ വഴി നടത്തും. അങ്ങനെ അവരിലൂടെ നമുക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."