ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയതിന് പൊലിസ് മര്‍ദനം പരാതിയുമായി അഭിഭാഷക സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ തന്നെ പൊലിസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയുമായി ഡല്‍ഹി ഹൈക്കോടതി അഭിഭാഷക സുപ്രിംകോടതിയില്‍. ഇന്നലെ ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ നേരിട്ടെത്തിയാണ് അഭിഭാഷക പരാതി പറഞ്ഞത്. ഇതെത്തുടര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ ബെഞ്ച് ഡല്‍ഹി പൊലിസിന് നിര്‍ദേശം നല്‍കി. അഭിഭാഷകയ്ക്ക് സുരക്ഷയൊരുക്കാനും കോടതി നിര്‍ദേശിച്ചു.
ഡല്‍ഹി ഹൈക്കോടതി ഗേറ്റിന് മുന്നില്‍ വച്ച് രണ്ടു പോലിസുകാര്‍ തന്നെ മര്‍ദിച്ചുവെന്ന് അഭിഭാഷക പറഞ്ഞു. അടിയേറ്റു വീണ തന്നെ വീണ്ടും മര്‍ദിച്ചു. ഫോണ്‍ പിടിച്ചുകൊണ്ടുപോയി. അവിടെ കിടന്നു കരഞ്ഞ തന്നെ അവിടെയിട്ട് അവര്‍ പോയി. ടാക്‌സി വിളിക്കാന്‍ പോലും സാധിച്ചില്ല. നാലാംനമ്പര്‍ ഗേറ്റിലെത്തിയപ്പോള്‍ അവിടെയുള്ളവരാണ് ഒരു ഓട്ടോ വിളിക്കാന്‍ സഹായിച്ചത്- കരഞ്ഞുകൊണ്ട് യുവതി പറഞ്ഞു.
രണ്ടു മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് 2018ല്‍ താന്‍ പരാതി നല്‍കിയിരുന്നു. പരാതി കോടതി മാര്‍ച്ച് 25ലേക്ക് പരിഗണിക്കാന്‍ വച്ചിട്ടുണ്ട്. അതിനിടയിലാണ് തനിക്ക് മര്‍ദനമേല്‍ക്കുന്നത്.
ആദ്യമായല്ല തനിക്കെതിരേ ആക്രമണമുണ്ടാകുന്നത്. ഇത് എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. തന്റെ ഫോണ്‍ തരാന്‍ തിലക് മാര്‍ഗ് പൊലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്നലെ കാലത്ത് ചെന്നപ്പോള്‍ ഫോണാകെ തകര്‍ന്ന നിലയിലാണ് കണ്ടത്. കോടതി സെക്രട്ടറി ജനറലിനും പൊലിസ് കമ്മിഷണര്‍ക്കും താന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇമെയിലില്‍ പരാതി നല്‍കി. തന്നെ മര്‍ദിക്കുന്ന സമയത്തെ ശബ്ദങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സി.സി.ടി.വി കാമറയില്‍ ദൃശ്യങ്ങളുമുണ്ടാകും- അഭിഭാഷക പറഞ്ഞു.
കോടതിയിലുണ്ടായിരുന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങിനോട് നിയമസഹായം നല്‍കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ അത് വേണ്ടെന്നായിരുന്നു അഭിഭാഷകയുടെ മറുപടി.
കഴിഞ്ഞ 9-10 വര്‍ഷമായി ഒരു വനിതാ അഭിഭാഷകയും തന്നെ സഹായിച്ചില്ല. എന്റെ കേസ് ഞാന്‍ തന്നെ നടത്താം. പൊലിസിനെ സമീപിക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ പൊലിസിനെതിരെയാണ് തന്റെ പരാതിയെന്നും തനിക്ക് സംരക്ഷണമാണ് വേണ്ടതെന്നും അഭിഭാഷക പറഞ്ഞു.
എന്തുത്തരവിടണമെന്ന് ഇങ്ങോട്ട് നിര്‍ദേശിക്കരുതെന്നായിരുന്നു കോടതിയുടെ മറുപടി. പരാതിപറഞ്ഞു വരാന്‍ ഇത് പൊലിസ് സ്‌റ്റേഷനല്ല. കോടതിയുടെ 15 മിനിറ്റ് ഇതിനകം താങ്കള്‍ എടുത്തു കളഞ്ഞുവെന്നും കോടതി പറഞ്ഞു.
താന്‍ പരാതി പറഞ്ഞത് തെറ്റായിപ്പോയോ എന്ന് അഭിഭാഷക ചോദിച്ചു. താന്‍ ലൈംഗികാതിക്രമത്തിന് ഇരയായതിനെക്കാളും ആക്രമിക്കപ്പെട്ടതിനെക്കാളും വലുതാണോ കോടതിയുടെ 15 മിനിറ്റെന്ന് അഭിഭാഷക ചോദിച്ചു. തുടര്‍ന്ന് എന്താണ് ചെയ്യാനാവുകയെന്ന് ഇന്ദിരാ ജയ്‌സിങ്ങിനോട് കോടതി ചോദിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജയ്‌സിങ് നിര്‍ദേശിച്ചു. തുടര്‍ന്ന് യുവതിയ്ക്ക് പരാതി നല്‍കാന്‍ സൗകര്യമൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും ഡല്‍ഹി പൊലിസ് എ.സി.പിക്ക് കോടതി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."