കബനി നിറഞ്ഞു; വിനോദ സഞ്ചാരികളെത്തിത്തുടങ്ങി
പുല്‍പ്പള്ളി: മഴപെയ്ത് കബനീനദി നിറഞ്ഞതോടെ കബനിയുടെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികളും എത്തിതുടങ്ങി. അവധി ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് കബനിയിലൂടെ സഞ്ചരിക്കുന്നതിനുമായി എത്തുന്നത്.
കൂടല്‍കടവു മുതല്‍ കബനി ആരംഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പെരിക്കല്ലൂരിലെത്തിയാണ് സഞ്ചാരികള്‍ കബനിയിലൂടെ യാത്രചെയ്യുന്നത്. ചെറുകിട തോണികളാണ് സഞ്ചാരികള്‍ കബനി യാത്രക്ക് ഉപയോഗിക്കുന്നത്. മഴയില്ലാത്ത ദിവസങ്ങളിലാണ് കബനിയിലൂടെയുള്ള യാത്രക്ക് ജനത്തിരക്കേറുന്നത്. പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയുള്ള ഭാഗത്താണ് സഞ്ചാരികള്‍ വള്ളങ്ങളില്‍ യാത്രചെയ്യുന്നത്. ഇരുകരകളിലെയും ഹരിതാഭമായ പ്രദേശങ്ങളും നദിയിലെ വൈവിധ്യങ്ങളായ കാഴ്ചകളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാണ്.
പലരും ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനും കബനിയിലേക്കെത്തുന്നുണ്ട്. മഴക്കാല ടൂറിസത്തിന്റെ ഭാഗമായി കബനിയില്‍ ബോട്ട് യാത്രക്ക് അനന്തമായ സാധ്യതകളാണുള്ളത്. നിലവില്‍ തുഴയുന്ന വള്ളങ്ങള്‍ മാത്രമാണ് കബനി യാത്രക്കുള്ളത്. എന്നാല്‍ മോട്ടോര്‍ ബോട്ടുകള്‍ ഈ യാത്രക്ക് ഒരുക്കിയാല്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇവിടേക്കുണ്ടാകും.
കബനിയില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസം ഈ ബോട്ടുയാത്രക്ക് സാധ്യതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കിയാല്‍ കബനിയുടെ ടൂറിസം പ്രയോജനപ്പെടുത്താന്‍ കഴിയും.
മഴ ശക്തമായി; തോടുകളില്‍ മണല്‍ വാരല്‍ വ്യാപകം
മേപ്പാടി: മഴ ശക്തമായതോടെ ജില്ലയിലെ തോടുകള്‍ കേന്ദ്രീകരിച്ച് മണല്‍ വാരല്‍ വ്യാപകമാവുന്നു. തോടുകളുടെ ഓരം ഇടിച്ചും മണല്‍ വാരല്‍ വ്യാപകമാണ്. ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള മണല്‍ വാരല്‍ പിടികൂടാന്‍ പൊലിസും റവന്യു ഉദ്യോഗസ്ഥരും തയ്യാറാവുന്നില്ലന്ന പരാതിയുമുണ്ട്. തോടുകളില്‍ നിന്നും കോരിയിടുന്ന മണല്‍ ഏജന്റുമാര്‍ക്കാണ് കൈമാറുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍, ആണ്ടൂര്‍ എന്നിവിടങ്ങളില്‍ മണല്‍ വാരല്‍ വ്യാപകമാണ്. അവധി ദിനങ്ങളിലാണ് മണല്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."