അവഗണനയില്‍ തളര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാംപസ്
മാനന്തവാടി: വയനാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാംപസിന് അവഗണന മാത്രം. സര്‍വകലാശാലയുടെ മറ്റു കാംപസുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നവര്‍ മാനന്തവാടി കാംപസിനെ പാടെ അവഗണിക്കുകയാണന്നെന്നാണ് ആക്ഷേപം.
1996ല്‍ തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ കെട്ടിടത്തില്‍ തുടങ്ങിയ കാംപസ് 2006ല്‍ എടവക ഗ്രാമപഞ്ചായത്തിലെ മാമട്ടംകുന്നിലേക്ക് മറ്റിയെങ്കിലും അവഗണനക്ക് ഒട്ടും കുറവില്ല. മാറി മാറി വരുന്ന സര്‍ക്കാരും വൈസ് ചാന്‍സലര്‍മാരും സര്‍വകലാശാല കാംപസില്‍ സൗകര്യമൊരുക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്ന ആരോപണമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടു കാംപസുകളില്‍ അസൗകര്യങ്ങളില്‍ പൊറുതി മുട്ടുന്നത് മാനന്തവാടി കാംപസാണ്. മതിയായ അധ്യപകരും ജീവനക്കാരും ഇല്ലാത്തത് കാംപസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
രണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ടീച്ചര്‍ എജുക്കേഷന്‍ സെന്ററും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി കാംപസ്. മലയാളം, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഇവിടെ അധ്യാപന പരിശീലനം നല്‍കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ സ്വാശ്രയ കോഴ്‌സായാണ് ബി.എഡ് പരിശീലനം നല്‍കുന്നത്. ബി.എഡ് രണ്ടു വര്‍ഷമായി ദീര്‍ഘിപ്പിച്ചതോടെ എല്ലാ വര്‍ഷവും നൂറു കുട്ടികള്‍ പഠിക്കാറുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം 50 പേര്‍ മാത്രമാണ് പരിശീലനത്തിനെത്തിയത്. എം.എസ്.എസി അപ്‌ളൈഡ് സുവോളജിയിലും എം.എ റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജിയിലുമായി 40 സീറ്റുകളുണ്ട്.
യാത്രാ സൗകര്യമില്ലായ്മയും കുടിവെള്ള പ്രശ്‌നമാണ് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കാംപസിന് സ്വന്തമായി കിണറുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ഈ കിണറില്‍ നിന്നും ലഭിക്കാറില്ല. ഉറവ കുറവായ കിണര്‍ ഫെബ്രവരി മാസം പകുതിയാകുമ്പോഴേക്കും വറ്റും. മഴയെത്തിയിട്ടും വേണ്ടത്ര വെള്ളം ഇപ്പോഴും കിണറില്‍ നിന്നും ലഭിക്കുന്നില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ദുരിതമാവുന്നത്. വരള്‍ച്ച രൂക്ഷമാകുന്ന സമയത്ത് ടാങ്കറിലും മറ്റും വെള്ളമെത്തിക്കാറുണ്ടെങ്കിലും ഇത് കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് തികയാറില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇപ്പോള്‍ 25 ഓളം കുട്ടികളാണ് താമസിക്കുന്നത്. വരള്‍ച്ച രൂക്ഷമായ സമയങ്ങളില്‍ കുളിക്കുന്നതിനു മറ്റുമായി സമീപത്തെ വീടുകളെയും മറ്റുമാണ് പെണ്‍കുട്ടികള്‍ ആശ്രയിച്ചത്. മഴ പെയ്തിട്ടും വേണ്ടത്ര വെള്ളം ലഭിക്കാത്തതിനാല്‍ മഴവെള്ളം ശേഖരിച്ചാണ് ഇപ്പോള്‍ അലക്കുകയും മറ്റും ചെയ്യുന്നത്. ജനറേറ്റര്‍ സംവിധാനവും ഹോസ്റ്റലില്ല. ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് സ്വരൂപിച്ചാണ് പണം നല്‍കുന്നത്. ഇക്കാര്യം സര്‍വകലാശാലയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഹോസ്റ്റലില്‍ ഭക്ഷണം വച്ചു നല്‍കുന്നയാള്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍വകലാശാലക്ക് നിര്‍വാഹമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള കാന്റീന്‍ സൗകര്യവും മാനന്തവാടി കാംപസിലില്ല. 30 കുട്ടികള്‍ക്കാന്‍ താമസിക്കാന്‍ പാകത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒന്നാം നിലയില്‍ നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം ഫര്‍ണിച്ചര്‍ ലഭിക്കുന്ന മുറക്ക് മാസങ്ങള്‍ക്കകം തുറന്നു നല്‍കും. അപ്പോള്‍ വെള്ളക്ഷാമം ഇതിലും കൂടുതല്‍ രൂക്ഷമാകും. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ എന്നത് ഇപ്പോഴും സ്വപ്നമാണ്. അന്യജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് കാംപസില്‍ പഠിക്കുന്നവരില്‍ ഏറെയും. മാനന്തവാടിയിലും മറ്റും വാടക്ക് കഴിയുകയാണ് ഇവര്‍.
യാത്രാ സൗകര്യമില്ലാത്തത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ പ്രശ്‌നമാകുന്നുണ്ട്. ബസുകളൊന്നും സര്‍വിസ് നടത്താത്ത റൂട്ടില്‍ കാരക്കുനി, പാലമുക്ക് സ്വാശ്രയ സംഘങ്ങളുടെ ജീപ്പുകളാണ് കാംപസിലേക്ക് പോകാനുള്ള ഏക ആശ്രയം. യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാനായി ബസ് അനുവദിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍വകലാശാല കാലാക്കാലങ്ങളായി അവഗണിക്കുകയാണെന്ന ആരോപണമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."