വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിക്കെതിരേ അറബ് ലീഗ്
റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കൈയടക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തിനെതിരേ അറബ് ലീഗ് രംഗത്ത്. വ്യാഴാഴ്ച ചേര്‍ന്ന അറബ് രാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗമാണ് ഇസ്‌റാഈല്‍ നടപടിക്കെതിരേ ശക്തമായി രംഗത്തെത്തിയത്. ജൂലൈ ഒന്നിനുള്ള ക്യാബിനറ്റില്‍ ഐക്യ സര്‍ക്കാര്‍ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളിലേക്ക് ഇസ്‌റാഈല്‍ പരമാധികാരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും പ്രദേശത്തെ ജോര്‍ദാന്‍ താഴ്‌വരയെ പൂര്‍ണമായും തങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചും തീരുമാനം കൈക്കൊള്ളുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേയാണ് അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തിയത്.
1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത തങ്ങളുടെ ഭൂമിയുടെ കൂടുതല്‍ ഭാഗം കൈയടക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തില്‍ ഫലസ്തീന്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇസ്‌റാഈലിന്റെ പുതിയ നീക്കത്തിനെതിരേ അറബ് ലീഗ് മേധാവി അഹമ്മദ് അഹമ്മദ് അബുല്‍ ഗൈത് കഴിഞ്ഞയാഴ്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് മുന്നറിയിപ്പ് അയച്ചിരുന്നു. മേഖലയില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നീക്കമാണ് ഇസ്‌റാഈല്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."