മാണി ഗ്രൂപ്പിനെ കൂടെ കൂട്ടാന്‍ അമിത്ഷായുടെ അന്തിമ നീക്കം
കൊല്ലം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ എന്‍.ഡി.എയില്‍ എത്തിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ രണ്ടിലൊന്ന് ഉറപ്പാക്കുന്ന നീക്കങ്ങള്‍ക്കു തുടക്കമിട്ട് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീതി ജനിപ്പിക്കുന്ന മാണിയെ വിശ്വസിച്ചു രാഷ്ട്രീയസ്വപ്നങ്ങള്‍ കാണുന്നത് അബദ്ധമായിരിക്കുമെന്ന അഭിപ്രായം ശക്തിപ്പെട്ട സാഹചര്യത്തിലാണ് രണ്ടിലൊന്നറിയാനുള്ള നീക്കവുമായി ബി.ജെ.പി കരുക്കള്‍ നീക്കുന്നത്.
ബി.ജെ.പിയെ മോഹിപ്പിക്കുകയും എന്നാല്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന മാണിയുടെ തന്ത്രത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ദേശീയ പ്രസിഡന്റ് അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണു വിവരം. ബി.ജെ.പിയെ കാട്ടി മാണി യു.ഡി.എഫിനേയും നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസിനേയും ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും അതിനു നിന്നുകൊടുക്കേണ്ടെന്നുമാണ് കുമ്മനം ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് അവസാനവട്ട രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് അമിത്ഷാ തുടക്കമിട്ടിരിക്കുന്നത്.
മാണിയെ കൂടെക്കൂട്ടി കേരളത്തില്‍ ശക്തമായ മൂന്നാംമുന്നണി രൂപീകരിക്കാന്‍ സാധിക്കുമോ എന്നതിനാണ് അമിത്ഷാ ശ്രമിക്കുന്നത്. ജോസ് കെ. മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചാണ് ഇതു സാധ്യമാക്കാന്‍ നീക്കം നടത്തുന്നത്. ആടിക്കളിക്കുന്നതിനു പകരം ഉറച്ച തീരുമാനമെടുക്കാന്‍ തയാറാകണം എന്ന സന്ദേശം വ്യക്തമായിത്തന്നെ മാണിക്കു നല്‍കാനും ബിജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാണിയെ കൂടെക്കൂട്ടിയാല്‍ ഇരുമുന്നണികള്‍ക്കും ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
2001 മുതല്‍ പല ഘട്ടങ്ങളിലായി മാണി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച് യു.ഡി.എഫില്‍ സ്വന്തം നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണു കുമ്മനം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പി.സി.തോമസിനെ കേന്ദ്രമന്ത്രിയാക്കാതിരുന്നാല്‍ കൂടെവരാമെന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയെ വിശ്വസിപ്പിച്ചിരുന്നതായും വിവരമുണ്ട്. അതിന്റെ പേരില്‍, വാജ്‌പേയ് മന്ത്രിസഭയില്‍ പി.സി.തോമസിനെ ഉള്‍പ്പെടുത്തുന്നത് ബി.ജെ.പി വൈകിപ്പിച്ചു. മാണി ചതിക്കുകയാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് തോമസിനെ മന്ത്രിയാക്കിയതെന്നും പറയപ്പെടുന്നു. പിന്നീടും പലതവണ മാണി ബി.ജെ.പിയെ സ്വന്തം പാര്‍ട്ടി കാണിച്ചു പ്രലോഭിപ്പിച്ചിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ചതിച്ചുവെന്നു വെട്ടിത്തുറന്നുപറഞ്ഞ മാണി യു.ഡി.എഫില്‍ പുതിയ പോര്‍മുഖം തുറന്നിരിയ്ക്കുകയാണ്. ഇത് മുതലെടുക്കാനാണ് ബി.ജെ.പി ശ്രമം.
അതേസമയം മാണി പോയാല്‍ യു.ഡി.എഫ് മുന്നണി കോണ്‍ഗ്രസും മുസ്‌ലിംലീഗും മാത്രമായി ചുരുങ്ങുമെന്നും മറ്റു ചെറുകക്ഷികള്‍ പോലും ചിലപ്പോള്‍ യു.ഡി.എഫ് വിട്ടേക്കുമെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ മാണിയുടെ നീക്കമെന്താണെന്നറിയാത്തതുകൊണ്ട് ഏത് രീതിയില്‍ അദ്ദേഹത്തെ സമീപിക്കണമെന്നതാണ് ഇപ്പോള്‍ ബി.ജെ.പിയെ അലട്ടുന്നത്. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ കത്തും അമിത് ഷായുടെ അന്തിമനീക്കങ്ങളും വീണ്ടും കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. കത്തോലിക്കാ സഭയെ കൈയിലെടുക്കാനും അതുവഴി ക്രിസ്ത്യന്‍ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കാനും മാണിയെ കൂടെക്കൂട്ടുന്നതാണു നല്ലതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നത്. പി.സി.തോമസിന്റെ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കിലും അവര്‍ അതീവ ദുര്‍ബലരാണ്. ഇതാണു മാണിയോടുളള അടുപ്പത്തിന് ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കൊന്നിനുപോലും മാണി ഗ്രൂപ്പിന്റെ പകുതി സംഘടനാശക്തിയില്ല.
ഒരിക്കല്‍ ബി.ജെ.പി സഖ്യത്തില്‍ പോയി രക്ഷപ്പെടാതിരുന്നാല്‍ അതു രാഷ്ട്രീയമായി അന്ത്യമാകുമെന്നു മറ്റാരേക്കാളും മാണിക്കറിയാം. ക്രിസ്ത്യാനികളിലെ സാധാരണക്കാര്‍ ബി.ജെ.പിയുമായുള്ള ബന്ധത്തെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ പാര്‍ട്ടി ദുര്‍ബലമാവുമെന്നും അത് കോണ്‍ഗ്രസ് മുതലെടുക്കുമെന്ന ആശങ്കയും മാണിക്കുണ്ട്. അതുകൊണ്ട് വ്യക്തമായ ഒരു തീരുമാനത്തിലെത്താനോ മനസുതുറക്കാനോ ഇതുവരെ മാണി തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."