മഴയിലും കാറ്റിലും വ്യാപക നാശം
തലശ്ശേരി: വ്യാഴാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. മരംവീണ് വീടു തകര്‍ന്നതിനെത്തുടര്‍ന്ന് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. നിട്ടൂര്‍ ബാലത്തില്‍ ചാമോളി പവിത്രന്റെ വീട്ടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വീട് പൂര്‍ണമായും തകര്‍ന്നു.
വീട്ടിനകത്തുണ്ടായിരുന്ന പവിത്രന്‍, രോഹിണി, ലക്ഷ്മി എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. ഇല്ലിക്കുന്ന്, ഇടത്തിലമ്പലം, കോടതി, വടക്കുമ്പാട് പ്രദേശങ്ങളില്‍ കാറ്റില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി. വാഴ, കവുങ്ങ്, തെങ്ങ് ഉള്‍പ്പടെ ശക്തമായ കാറ്റില്‍ നശിച്ചു. വൈദ്യുതി ലൈനുകള്‍ക്ക് മേലെ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം പലേടത്തും വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വിഛേദിക്കപ്പെട്ടു.
തലശ്ശേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടും ഓട്ടോയും തകര്‍ന്നു. പെരുന്താറ്റില്‍ എളയിടത്തമുക്കിലെ കമലയില്‍ പ്രബീഷിന്റെ കോണ്‍ക്രീറ്റ് വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ കോലായയും മേല്‍ക്കൂരക്ക് ഇട്ട അലൂമിനിയം ഷീറ്റും തകര്‍ന്നു. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ രാജന്റെ വീടിന്റെ മുകളില്‍ തെങ്ങ് വീണു. ഈ വീടിന്റെ മേല്‍ക്കൂരക്ക് പതിച്ച അലൂമിയം ഷീറ്റ് ശക്തമായ കാറ്റില്‍ പറന്നുപോയി. മുറ്റത്ത് നി
ര്‍ത്തിയിട്ട രാജന്റെ ഓട്ടോയും തെങ്ങുവീണ് തകര്‍ന്നു.
മട്ടന്നൂര്‍: രാത്രിമഴ കനത്തതോടെ ചൂടിനു ശമനമുണ്ടായെങ്കിലും മട്ടന്നൂര്‍-ഇരിട്ടി മേഖലയില്‍ വൈദ്യുതി മുടക്കം വിനയായി. ഇന്നലെ വൈകുന്നേരം വരെയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതിനു പുറമെ കനത്ത മഴയിലും കാറ്റിലും മട്ടന്നൂര്‍ ചാവശേരി പഴയ പോസ്റ്റാഫിസിന് സമീപത്തെ കെ.ജി ഭാര്‍ഗവിയുടെ കിണര്‍ തെങ്ങ് വീണ് തകര്‍ന്നു. കിണറിന്റെ ആള്‍മറയും ഇതിന് സമീപത്ത് വച്ചിരുന്ന സോളാര്‍ പാനലും തകര്‍ന്നു.
പാനൂര്‍: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്നു. വടക്കെ പൊയിലൂരിലെ കുങ്കന്റവിട ബാലന്റെ വീടാണ് മരം വീണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ വീട്ടുകാര്‍ ഉള്ളിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കേളകം: വ്യാഴാഴ്ച രാത്രി തകര്‍ത്തു പെയ്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു. കണിച്ചാറില്‍ ആറ്റാംചേരി പാടശേഖരത്ത് കൊയ്തു സൂക്ഷിച്ചിരുന്ന നെല്ല് വെള്ളംകയറി നശിച്ചു. നിരവധിയാളുകളുടെ നേന്ത്രവാഴയാണ് കാറ്റില്‍ തകര്‍ന്നത്. നിരവധി വൈദ്യുതി തൂണുകള്‍ കാറ്റില്‍ നിലം പൊത്തി. മലയോരത്താകെ മരങ്ങള്‍ നിലാപൊത്തിയ നിലയിലാണ്. കേളകം പഞ്ചായത്തിലും കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച രാത്രി അപ്രതീക്ഷിതമായ നിലച്ച വെദ്യുതി വെള്ളിയാഴ്ച സന്ധ്യയോടെ മടങ്ങിയെത്തിയെങ്കിലും കേളകം, കൊട്ടിയൂര്‍ കണിച്ചാര്‍ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വെദ്യുതി സെക്ഷന്‍ ഓഫിസായ കേളകത്തെ ജീവനക്കാര്‍ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിച്ച പ്രയത്‌നം വെള്ളിയാഴ്ച സന്ധ്യയായിട്ടും തുടരുകയാണ്. മൂന്ന് പഞ്ചായത്തുകളിലും വൈദ്യുതി വിതരണം പഴയ നിലയിലാക്കാന്‍ ദിവസങ്ങള്‍ തന്നെ എടുക്കും. മഴ വീണ്ടും പെയ്താല്‍ മൂന്ന് പഞ്ചായത്തുകളും ഇരുട്ടിലാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."