പ്രതിപക്ഷനേതാവിന്റെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ കാല്‍ലക്ഷത്തോളം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി തുടങ്ങിയ പ്രതിപക്ഷനേതാവിന്റെ കണ്‍ട്രോള്‍ റൂം ഒരു മാസവും 10 ദിവസവും പിന്നിട്ടപ്പോള്‍ എത്തിയത് കാല്‍ലക്ഷത്തോളം പരാതികള്‍. ഇതിനോടകം കേരളത്തില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 24,000 ത്തിലധികം പരാതികളാണു കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. ഇവയില്‍ ഏറെയും പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും പലതും സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട നടപടികളായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അവ ചൂണ്ടിക്കാട്ടി 25 ഓളം കത്തുകള്‍ മുഖ്യമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രിക്ക് ഏഴും വിദേശകാര്യമന്ത്രിക്ക് 11 കത്തുകളും നല്‍കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങളില്‍ പലതിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
സാമൂഹ്യപെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനത്തിലും നിരവധി പരാതികളാണ് ലഭിക്കുന്നത്.
സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും അകപ്പെട്ട രോഗികള്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതരമായ രോഗം ബാധിച്ചവര്‍ എന്നിവരെ നാട്ടിലെത്തണമെന്ന പരാതിയാണ് ഇപ്പോള്‍ ഏറെയും വരുന്നത്. ഗള്‍ഫിലെ ലേബര്‍ കാംപുകളില്‍ പെട്ടവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കണമെന്ന നിരവധി കോളുകളാണ് കണ്‍ട്രോള്‍ റൂമിലെത്തിയത്. ഇക്കാര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘടനകളായ ഒ.ഐ.സി.സി, കെ.എം.സി.സി, ഇന്‍കാസ് തുടങ്ങിയവയുടെ സഹായത്തോടെ പരിഹാരം കാണാനായി. മാത്രമല്ല, കൊവിഡ് പോസിറ്റീവ് കേസുകള്‍ക്ക് ചികിത്സ ലഭിക്കാത്ത പരാതിയും എംബസികളുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ സാധിച്ചു.
ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ജീവകാരുണ്യ സംഘടനകള്‍ വഴിയും എത്തിച്ചിരുന്നു. ദുരിതപൂര്‍ണമായ അവസ്ഥയിലൂടെ ലോകം കടന്നു പോകുന്ന ഈ കാലയളവില്‍ ഒരു പരിധിവരെ സഹായമെത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രതിപക്ഷനേതാവിന്റെ ഓഫിസിലെ കണ്‍ട്രോള്‍ റൂം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."