രണ്ടാഴ്ചയ്ക്കുള്ളില്‍ 127 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്
പ്രഭവ കേന്ദ്രമായി ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് 31ാം ബറ്റാലിയന്‍
ഇന്നലെ സ്ഥിരീകരിച്ചത് 68 പേര്‍ക്ക്
ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കുള്ളില്‍ 127 ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കൊവിഡ് പ്രഭവ കേന്ദ്രമായി മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ സി.ആര്‍.പി.എഫ് 31ാം ബറ്റാലിയന്‍. ഇന്നലെ മാത്രം 31ാം ബറ്റാലിയനിലെ 68 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 100 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സി.ആര്‍.പി.എഫ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസം 55 കാരനായ അസം സ്വദേശി ജവാന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ബറ്റാലിയന്‍ സീല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1000ത്തോളം ജവാന്‍മാര്‍ നിലവില്‍ ക്വാറന്റൈനിലാണ്. കഴിഞ്ഞ മാസം 21ന് ബറ്റാലിയനിലെ നഴ്‌സിങ് അസിസ്റ്റന്റിന് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മറ്റുള്ളവരെ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
24ന് ഒന്‍പത് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം 15 പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തി. ഇതിനിടെ അസം സ്വദേശിയായ ജവാന്‍ മരിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗബാധ കണ്ടെത്തുകയും ചെയ്തു. ഇന്നലെ 68 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ എണ്ണം 127 ആയി ഉയരുകയായിരുന്നു. മരിച്ച ജവാന്‍ ചില ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നഴ്‌സിങ് അസിസ്റ്റന്റില്‍ നിന്ന ചികിത്സ തേടിയിരുന്നു. ആദ്യ ഘട്ടത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം നഴ്‌സിങ് അസിസ്റ്റന്റുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നഴ്‌സിങ് അസിസ്റ്റന്റിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഒരേ ബറ്റാലിയനിലെ നിരവധി പേര്‍ക്ക് രോഗബാധ കണ്ടെത്തിയത് ആഭ്യന്തരമന്ത്രാലയത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."