വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് ജലീലിന്റെ വീട്ടില്‍ റെയ്ഡ്
കാളികാവ്: വയനാട്ടില്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി. ജലീലിന്റെ തറവാടു വീട്ടിലും സഹോദരങ്ങള്‍ താമസിക്കുന്ന വീടുകളിലും നടത്തിയ റെയ്ഡില്‍ ഏഴു മൊബൈല്‍ ഫോണുകളും രണ്ടു ലാപ്‌പേ്ടാപ്പുകളുമടക്കം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.സി ഹരിദാസന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ആറിനാണ് പരിശോധന നടത്തിയത്. എന്‍.ഐ.എയുടെ നിര്‍ദേശപ്രകാരമാണ് റെയ്‌ഡെന്ന് അറിയുന്നു. 2016ല്‍ പാണ്ടിക്കാട് പൊലിസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത 47116 നമ്പര്‍ പ്രകാരമുള്ള കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്ന് അധികൃതര്‍ പറയുന്നു. രണ്ടു വീടുകളിലും ഒരേ സമയത്താണ് പരിശോധന നടന്നത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നും എന്‍.ഐ.എയ്ക്ക് ഇതുമായി ബന്ധമില്ലെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പറയുന്നു. റെയ്ഡില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച കോഴിക്കോട് പെരുവയലില്‍ നിന്ന് അഭിലാഷ് പടച്ചേരി, വിജിത് വിജയന്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ടും ഒരേദിവസം വന്നത് യാദൃച്ഛികം മാത്രമാണെന്നും പാണ്ടിക്കാട്ടെ സംഭവവുമായി അതിനു ബന്ധമില്ലെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് അറസ്റ്റിലായ അലനെയും താഹയെയും ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് രണ്ടു നടപടികളുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."