ഓഫിസുകള്‍ ജനസൗഹൃദമാകണമെങ്കില്‍ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കണം: മന്ത്രി
ഫറോക്ക്: വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദമാകണമെങ്കില്‍ വിവിധ ആവശ്യങ്ങളുമായെത്തുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാകണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ പുതുതായി നിര്‍മിച്ച കരുവന്‍തിരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് വളരെ വലുതാണ്. പഴയ കാലത്തെ സങ്കല്‍പങ്ങള്‍ക്ക് അറുതി വരുത്തി നിയമാനുസരണം ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. ഭൂമി വിതരണത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത അവസ്ഥയാണിപ്പോള്‍. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി കരുതിവയ്ക്കുന്നതിന് അതീവ ജാഗ്രത കാട്ടണമെന്നും മന്ത്രി പറഞ്ഞു.
വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ ഓഫിസ് നിര്‍മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയ വാകേരി പവിത്ര (അപ്പു)നെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച ഇരുനില ഓഫിസ് കെട്ടിടത്തില്‍ ഫ്രണ്ട് ഓഫിസ്, മീറ്റിങ് ഹാള്‍, വിസിറ്റേഴ്‌സ്, ശൗചാലയം, റെക്കോര്‍ഡ് മുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഫറോക്ക് മുനിസിപ്പലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കമറു ലൈല, ഉപാധ്യക്ഷന്‍ കെ. മൊയ്തീന്‍കോയ, കൗണ്‍സിലര്‍ പി. ഷിജിത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."