രാസായുധ ആക്രമണത്തിന് തിരിച്ചടി: സിറിയന്‍ വ്യോമതാവളത്തില്‍ യു.എസ് മിസൈല്‍വര്‍ഷം
ദമസ്‌കസ്: രാസായുധ ആക്രമണത്തിനു തിരിച്ചടിയായി സിറിയയിലെ സര്‍ക്കാര്‍ വ്യോമതാവളത്തില്‍ യു.എസിന്റെ അപ്രതീക്ഷിത മിസൈല്‍ ആക്രമണം. സിറിയന്‍, റഷ്യന്‍ സംയുക്തസേന വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്ന ശായ്‌റാത്ത് വ്യോമതാവളത്തിനു നേരെയാണ് അമേരിക്ക മിസൈല്‍ വര്‍ഷിച്ചത്. മധ്യധരണ്യാഴിയിലെ രണ്ട് യുദ്ധക്കപ്പലുകളില്‍നിന്നായി 59 തോമഹാക്ക് ക്രൂയ്‌സ് മിസൈലുകള്‍ യു.എസ് സൈന്യം വിക്ഷേപിച്ചതായി പെന്റഗണ്‍ പറഞ്ഞു. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയന്‍-റഷ്യന്‍ സംയുക്തസൈന്യം വിമതനിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ നടത്തിയ രാസായുധ ആക്രമണത്തിനു പ്രതികരണമായാണ് അമേരിക്കയുടെ നടപടി. ആറുവര്‍ഷത്തെ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതാദ്യമായാണ് അമേരിക്ക ബശ്ശാറുല്‍ അസദിനെതിരേ പരസ്യമായി സൈനികനീക്കം നടത്തുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ നാട്ടുകാരാണ്. ഇതില്‍ നാലുകുട്ടികളുമുണ്ട്. സിറിയന്‍ സൈനികതാവളത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 2014ല്‍ ബശ്ശാര്‍ സര്‍ക്കാര്‍ നടത്തിയ രാസായുധ പ്രയോഗത്തിനെതിരേ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ശക്തമായി പ്രതികരിക്കുകയും തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പരസ്യമായ ഇടപെടലുകള്‍ക്ക് ഒബാമ മുതിര്‍ന്നിരുന്നില്ല. ഒബാമയുടെ തെറ്റായ നടപടിയാണ് സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം ആവര്‍ത്തിക്കാനിടയാക്കിയതെന്ന് ഖാന്‍ ശൈഖൂന്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ ട്രംപ് ആരോപിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടാണ് ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്. ബശ്ശാറുല്‍ അസദിന്റെ സ്വഭാവം മാറ്റാനുള്ള വര്‍ഷങ്ങളുടെ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണെന്ന് യു.എസ് മിസൈല്‍ ആക്രമണത്തോട് പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന ഫ്‌ളോറിഡയിലെ മാരാ ലാഗോ റിസോര്‍ട്ടില്‍ ട്രംപ് പറഞ്ഞു.
അന്താരാഷ്ട്ര രാസായുധ സമ്മേളനത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരോധിത ആയുധങ്ങള്‍ സിറിയ പൗരന്മാര്‍ക്കുനേരെ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യു.എന്‍ രക്ഷാസമിതിയുടെ ആഹ്വാനത്തെ ധിക്കരിച്ചാണ് സിറിയ ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."